ദുബൈയിലെ സർക്കാർ ഓഫീസുകളില് നിന്ന് കടലാസ് ഒഴിവാക്കുന്നു
മാലിന്യവും പരിസ്ഥിതി നാശവും കുറക്കാനും ഇടപാടുകൾ എളുപ്പത്തിലാക്കാനും ദുബൈയിലെ സർക്കാർ ഓഫീസുകളിൽ നിന്ന് കടലാസ് ഒഴിവാക്കുന്നു. 2021നകം ഒഫീസുകളിൽ നിന്ന് കടലാസ് ഫയലുകൾ പൂർണമായി ഒഴിവാക്കാനുള്ള സമഗ്ര പദ്ധതിക്ക് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടക്കം കുറിച്ചു. ഡിജിറ്റൽ ഇടപാടുകൾ സമയവും അധ്വാനവും ലാഭിക്കാൻ സഹായകമാകുമെന്നും സ്മാർട് ദുബൈ വകുപ്പ് ഇൗ പദ്ധതിയുടെ മേൽനോട്ടം വഹിക്കുമെന്നും വ്യക്തമാക്കി.
ജനങ്ങളുടെ സമയനഷ്ടം ഒഴിവാക്കാനും ജീവിത നിലവാരം ഉയർത്താനും എല്ലാ പദ്ധതികളും സർക്കാർ ഒരുക്കും. ഡിജിറ്റൽ വത്കരണത്തിൽ ദുബൈ ഇതിനകം തന്നെ ഏറെ മുന്നിലെത്തിയിരിക്കുന്നു. സ്മാർട്ട് നഗരം സാധ്യമാക്കുന്നതിന് ആവശ്യമായ എമിറേറ്റിന്റെ രേഖകളും വിശദാംശങ്ങളും ദുബൈ പൾസ് പ്ലാറ്റ്ഫോമിനു കീഴിൽ തയ്യാറാക്കി സൂക്ഷിക്കുമെന്ന് സ്മാർട് ദുബൈ ഒഫീസ് ഡയറക്ടർ ജനറൽ ഡോ. ആഇഷാ ബിൻത് ബുട്ടി ബിൻ ബിഷ്ർ അറിയിച്ചു.
മൂന്നു വർഷം മുൻപ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടക്കമിട്ട ദുബൈ സ്മാർട്ട് സിറ്റി പദ്ധതിയുടെ മുന്നേറ്റങ്ങളിലും നേട്ടങ്ങളിലുമൂന്നിയാണ് ദുബൈ പൾസ് പ്രവർത്തിക്കുക. വിവര വിപ്ലവത്തിന്റെ കാലത്ത് സർക്കാർ രേഖകൾക്ക് ഒരു കേന്ദ്രീകൃത പ്ലാറ്റ്ഫോം ഉണ്ടാവൽ അത്യാവശ്യമാണെന്ന് ഹംദാൻ അഭിപ്രായപ്പെട്ടു. പൊതു സ്വകാര്യ മേഖലയിലെ എല്ലാ വിശദാംശങ്ങളും ദുബൈ പൾസിൽ സ്വരൂപിക്കും. നാലു ഘട്ടമായാണ് ഇതു സാധ്യമാക്കുക.
2071ൽ ശതാബ്ദി ആഘോഷിക്കുമ്പോഴേക്കും ലോകത്തെ ഏറ്റവും മികച്ച രാജ്യമായി യു.എ.ഇയെ മാറ്റിയെടുക്കുക എന്ന പദ്ധതിയുടെ കൂടി ഭാഗമായാണിത്. സന്തോഷവും തുല്യതയുമുള്ള യഥാർഥ സ്മാർട്ട് നഗരം കെട്ടിപ്പടുക്കാനാണ് നാം പരിശ്രമിക്കുന്നതെന്നും ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു.