സൗദിയില്‍ പുതിയ മൊബൈല്‍ കമ്പനി ഉടന്‍

സൗദിയില്‍ പുതിയ മൊബൈല്‍ കമ്പനി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി ഗവര്‍ണര്‍ ഡോ. അബ്ദുല്‍ അസീസ് അര്റുവൈസ് വ്യക്തമാക്കി. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്കുന്ന നടപടി അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
മൊബൈല്‍, ലാന്റ് ലൈന്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് നല്കാനാവുന്ന ലൈസന്‍സാണ് പുതിയ കന്പനിക്ക് നല്‍കുകയെന്ന് ഡോ. അബ്ദുല്‍ അസീസ് അര്റുവൈസ് പറഞ്ഞു. സൌദി ടെലികോ അഥവാ എസ്ടിസിയാണ് നിലവിലെ ഭൂരിഭാഗം ലാന്റ് ലൈന്‍ കണക്ഷനും കൈകാര്യം ചെയ്യുന്നത്. മൊബൈല്‍ മേഖലയില്‍ എസ്ടിസി, മൊബൈലി. സൈന്‍, വെര്‍ജിന്‍- ഫ്രണ്ടി എന്നീ കന്പനികളാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.

പുതിയ കന്പനി കൂടി രംഗത്ത് വരുന്നതോടെ വിപണിയില്‍ ആരോഗ്യകരമായ മല്‍സരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ നിലവില്‍ മൊബൈല്‍ സേവനരംഗത്ത് മാത്രം പ്രവര്‍ത്തിക്കുന്ന ചില കമ്പനികള്‍ക്ക് ലാന്റ് ലൈന്‍, ഇന്റര്‍നെറ്റ് സേവനം നല്‍കാനുള്ള അനുമതി കൂടി നല്‍കാനും അതോറിറ്റി ഉദ്ദേശിക്കുന്നുണ്ട്. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലെ ടെലികമ്യൂണിക്കേഷന്‍ വിപണിയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നാലിരട്ടിയോളം വര്‍ധനവുണ്ടാവുമെന്നാണ് ടെലികോം അതോറിറ്റി പ്രതീക്ഷിക്കുന്നത്. 2015ല്‍ 20 ബില്യനായിരുന്ന വിപണി 2020ല്‍ 75 ബില്യന്‍ റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെലികോം സേവനരംഗത്ത് നിലവില്‍ സൗദിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് കമ്പനികളില്‍ നിന്ന് വീഴ്ച വരുത്തിയ സേവനത്തിന് നഷ്ടപരിഹാരം നല്‍കാനുള്ള നീക്കങ്ങളും അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. ടെലികോം അതോറിറ്റിയില്‍ മൂന്ന് കമ്പനിയുടെയും പ്രതിനിധികളെ നിയമിക്കണമെന്നും അധികൃതര്‍ നിബന്ധന വെച്ചിട്ടുണ്ടെന്നും ഡോ. അര്റുവൈസ് കൂട്ടിച്ചേര്‍ത്തു.