LiveTV

Live

Gulf

'നിലാവ്' കുവൈത്ത് കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

'നിലാവ്' കുവൈത്ത് കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു
Summary
കാന്‍സര്‍ ചികിത്സാരംഗത്തെ പ്രമുഖരായ ഡോ. വി.പി. ഗംഗാധരനും ഡോ. ചിത്രതാരയും നേതൃത്വം നല്‍കിയ സെമിനാർ കുവൈത്ത് ആരോഗ്യ മന്ത്രാലയം മീഡിയ വിഭാഗം പ്രതിനിധി ഹബീല്‍ അല്‍ഒൗന്‍ ഉദ്ഘാടനം ചെയ്തു.

ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായി 'നിലാവ്' കുവൈത്ത് കാന്‍സര്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കാന്‍സര്‍ ചികിത്സാരംഗത്തെ പ്രമുഖരായ ഡോ. വി.പി. ഗംഗാധരനും ഡോ. ചിത്രതാരയും നേതൃത്വം നല്‍കിയ സെമിനാർ കുവൈത്ത് ആരോഗ്യ മന്ത്രാലയം മീഡിയ വിഭാഗം പ്രതിനിധി ഹബീല്‍ അല്‍ഒൗന്‍ ഉദ്ഘാടനം ചെയ്തു.

'നിലാവ്' കുവൈത്ത് പ്രസിഡന്‍റ് ഹബീബുല്ല മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് മധൂര്‍ മുഖ്യാതിഥികളെ പരിചയപ്പെടുത്തി . ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം പ്രസിഡന്‍റ് ഡോ. അഭയ് പട്വാരി, ഡോ. അമീര്‍ അഹമ്മദ്, ഫര്‍വാനിയ ഗവര്‍ണറേറ്റ് പ്രതിനിധി ഫഹദ് അല്‍ ഫാജി, ഇബ്രാഹിം അല്‍ റിഫായി, നിലാവ് കുവൈത്ത് രക്ഷാധികാരി സത്താര്‍ കുന്നില്‍, ശരീഫ് താമരശ്ശേരി കെ.വി. മുജീബുല്ല എന്നിവര്‍ സംസാരിച്ചു.

സെമിനാറിന്റെ ഭാഗമായി സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ സ്റ്റുഡന്റ്സ് മീറ്റ് ഇന്ത്യൻ സ്ഥാനാപതി സുനിൽ ജെയിൻ ഉദ്ഘാടനം ചെയ്തു കേരളത്തില്‍ എട്ടു സ്ത്രീകളിൽ ഒരാൾക്ക് വീതം സ്തനാര്‍ബുദ സാധ്യതയുള്ളതായി ഡോ ഗംഗാധരൻ പറഞ്ഞു. പ്രാരംഭദശയില്‍ തന്നെ കണ്ടുപിടിച്ചാല്‍ അർബുദം ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയുമെന്നും വേദനയില്ലാത്ത മുഴകള്‍, തൊലിപ്പുറത്തെ ചുവന്ന പാടുകള്‍, സ്തനങ്ങളില്‍ ദ്വാരം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ഡോക്റ്ററെ കണ്ട് പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്‍.എസ്.എച്ച് , എന്‍.ബി.ടി.സി കമ്പനികളുടെ ലേബർ ക്യാമ്പിൽ നടത്തിയ ക്യാൻസർ ബോധവൽക്കരണ പരിപാടിയിൽ ആയിരക്കണക്കിന് തൊഴിലാളികള്‍ സംബന്ധിച്ചു. കുവൈത്തിലെ പ്രമുഖ വ്യക്തിത്വങ്ങളേയും സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടത്തിയ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാമിലും വൻ ജനപങ്കാളിത്തമുണ്ടായി. ക്യാൻസർ ബാധിതർക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഡോക്ടറെ കാണുവാനും സംവദിക്കാനുമുള്ള സൗകര്യം പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.