കുവൈത്തിൽ കായിക മന്ത്രിക്കെതിരെയുള്ള കുറ്റ വിചാരണ മറികടക്കാൻ മന്ത്രിസഭ രാജിവെച്ചേക്കുമെന്നു റിപ്പോർട്ട്

കുവൈത്തിൽ കായിക മന്ത്രിക്കെതിരെയുള്ള കുറ്റ വിചാരണ മറികടക്കാൻ മന്ത്രിസഭ രാജിവെച്ചേക്കുമെന്നു റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു അൽ റായി ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി എട്ടിന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന്റെ വിജയ സാധ്യതകൾ വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനമെന്നും വാർത്തയിൽ പറയുന്നു
മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ കുറ്റവിചാരണ പ്രമേയം കൊണ്ടുവരാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള അവകാശം ഭരണഘടനാ പ്രകാരമുള്ളതാണ്. വിശ്വാസ വോട്ടെടുപ്പിൽ കുറ്റവിചാരണ പ്രമേയത്തിലെ ആരോപണങ്ങൾ ഭൂരിപക്ഷം എംപിമാർ അനുകൂലിക്കുകയും സർക്കാർ പ്രതിരോധം പരാജയപ്പെടുകയും ചെയ്താൽ മന്ത്രി സ്ഥാനമൊഴിയണമെന്നാണ് ചട്ടം. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു മന്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യം ഉണ്ടായാൽ അത് ആരോപണങ്ങൾ ശരിയാണെന്ന പൊതുധാരണ പരത്തും ഇതൊഴിവാക്കാൻ മന്ത്രി സഭ ഒന്നടങ്കം രാജി വെച്ച സംഭവങ്ങൾ നേരത്തെ പല തവണ ഉണ്ടായിട്ടുണ്ട്.
കായികമന്ത്രിയുടെ കാര്യത്തിലും സർക്കാർ ഇതേ നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സൂചന. ബുധനാഴ്ച നടക്കുന്ന കുറ്റവിചാരണയുടെ എല്ലാ ഘട്ടത്തിലും മന്ത്രിക്കു പ്രതിരോധം തീര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര കായിക സംഘടനകളുടെ വിലക്ക് നീക്കുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ചാണ് പ്രതിപക്ഷ എംപിമാർ കായിക മന്ത്രി ശൈഖ് സൽമാൻ അൽ ഹമൂദിനെതിരെ കുറ്റവിചാരണക്ക് നോട്ടീസ് നല്‍കിയത്.