യുഎഇ ദേശീയ ദിനാഘോഷ പരേഡില്‍ മലയാളി യുവാവ് താരമായി
യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി ബര്‍ദുബൈ പൊലീസ് ഒരുക്കിയ പരേഡില്‍ ഇത്തവണയും കാര്‍ പ്രേമിയായ മലയാളി യുവാവ് താരമായി. ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി ഇഖ്ബാല്‍ അബ്ദുല്‍ ഹമീദാണ് ആകര്‍ഷകമായ രീതിയില്‍ സ്വന്തം കാര്‍ അലങ്കരിച്ച് ദുബൈ പൊലീസിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
പിന്നിട്ട ആറ് വര്‍ഷങ്ങളിലും ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് തന്റെ അലങ്കരിച്ച കാറുമായി ദേശീയ ദിനാഘോഷ പരിപാടികളില്‍ സജീവമാണ്. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. യുഎഇയില്‍ ബിസിനസുകാരനായ ഇഖ്ബാല്‍ തന്റെ ഫെറാരി കാറുമായാണ് മല്‍സരത്തിന് എത്തിയത്. ഇത്തവണയും അലങ്കാരം വ്യത്യസ്തമായിരുന്നു. ഭരണാധികാരികളുടെ ചിത്രങ്ങളും നാണയ മാതൃകയും യുഎഇ ദേശീയഗാനത്തിന്റെ കാലിഗ്രഫിയും ആകര്‍ഷക രീതിയിലാണ് കാറിനു പുറത്ത് സ്റ്റിക്കറിലൂടെ ചിത്രീകരിച്ചത്. ചെറുപ്പം തൊട്ടേ കാറുകളോടും ഡ്രൈവിംഗിനോടും വര്‍ധിച്ച താല്പര്യമായിരുന്നു ഇഖ്ബാലിന്. പ്രവാസ മണ്ണിലും ആ ഭ്രമം കൈവിട്ടില്ല.
പിന്നിട്ട ആറ് തവണയും പരേഡിലെ കാര്‍ അലങ്കരിക്കല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഇഖ്ബാലിനു തന്നെയായിരുന്നു. റോള്‍ റോയ്സ്, മെഴ്സിഡസ് ബെന്‍സ്, റേഞ്ച് റോവര്‍ തുടങ്ങിയ വാഹനങ്ങളായിരുന്നു മുന്‍ വര്‍ഷങ്ങളില്‍. ആലിയ അല്‍ ഹത്ബൂര് ഗ്രൂപ്പ് ചെയര്‍മാനായ ഇഖ്ബാല്‍ ജീവകാരുണ്യരംഗത്തും സജീവമാണ്. ഐ.എ.എച്ച് എന്ന ട്രസ്റ്റിന് ചുവടെ ജനുവരിയില്‍ നാട്ടില്‍ വിപുലമായ സമൂഹ വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ഇഖ്ബാല്‍.