LiveTV

Live

Gulf

ആവശ്യങ്ങൾ അംഗീകരിക്കാതെ ഖത്തറുമായി ചർച്ചയില്ലെന്ന നിലപാടിലുറച്ച്​ സൗദി അനുകൂല രാജ്യങ്ങൾ

ആവശ്യങ്ങൾ അംഗീകരിക്കാതെ ഖത്തറുമായി ചർച്ചയില്ലെന്ന നിലപാടിലുറച്ച്​ സൗദി അനുകൂല രാജ്യങ്ങൾ
Summary
യൂയോർക്കിൽ ചേർന്ന ചതുർ രാഷ്ട്രങ്ങളുടെ മന്ത്രിതല സമിതിയാണ്​ നിലപാട്​ കടുപ്പിച്ചത്​

ആവശ്യങ്ങൾ അംഗീകരിക്കാതെ ഖത്തറുമായി ചർച്ചയില്ലെന്ന നിലപാടിൽ ഉറച്ച്​ സൗദി അനുകൂല രാജ്യങ്ങൾ. ന്യൂയോർക്കിൽ ചേർന്ന ചതുർ രാഷ്ട്രങ്ങളുടെ മന്ത്രിതല സമിതിയാണ്​ നിലപാട്​ കടുപ്പിച്ചത്​. ഇതോടെ അമേരിക്കയുടെയും കുവൈത്തിന്റെയും നേതൃത്വത്തിൽ തുടരുന്ന മധ്യസ്ഥ നീക്കങ്ങൾ വീണ്ടും പ്രതിസന്ധിയിലായി.

ന്യൂയോർക്കിൽ ​ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായാണ്​ സൗദി ഉൾപ്പെടെ നാല്​ രാജ്യങ്ങളിലെയും മന്ത്രിമാർ യോഗം ചേർന്നത്​. തങ്ങൾ മുന്നോട്ടു വെച്ച ആവശ്യങ്ങളിൽ ഖത്തറിന്റെ ഭാഗത്തു നിന്ന്​ വ്യക്തമായ തീർപ്പുണ്ടാകുന്നതു വരെ ചർച്ചയിൽ കാര്യമില്ലെന്നാണ്​ യോഗം കൈക്കൊണ്ട തീരുമാനം. ഉപാധികളില്ലാത്ത ഏതൊരു ചർച്ചക്കും ഖത്തർ തയാറാണെന്ന്​ അമീർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രശ്നത്തിൽ രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെന്ന ആഗ്രഹമാണുള്ളത്​. എന്നാൽ തങ്ങൾ മുന്നോട്ടു വെച്ച ഉപാധികൾ അംഗീകരിക്കാൻ ഖത്തർ തയാറാവണം. യു.എസ്​ പ്രസിഡന്റ്​ ഡൊണാൾഡ്​ ട്രംപും ഖത്തർ അമീറുമായി നടന്ന ചർച്ചയിലും പ്രതിസന്ധി പരിഹരിക്കാൻ ഉതകുന്ന യാതൊന്നും ഉണ്ടായില്ലെന്ന വിലയിരുത്തലിൽ ആണ്​ സൗദി അനുകൂല രാജ്യങ്ങൾ. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​, സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ, യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ്​, ബഹ്​റൈൻ വിദേശകാര്യ മന്ത്രി ഖാലിദ്​ ബിൻ അഹ്​മദ്​ ആൽ ഖലീഫ, ഈജിപ്ത്​ വിദേശകാര്യ മന്ത്രി സമീഅ്​ ശുക്​രി , യു.എ.ഇയുടെ യു.എസ്​ സ്ഥാനപതി യൂസുഫ്​ അൽ ഉതൈബ എന്നിവരാണ്​ ​യോഗത്തിൽ സംബന്ധിച്ചത്​.

യോഗം ഫലപ്രദവും ഗുണകരവുമായിരുന്നുവെന്ന്​ പ്രതിനിധികൾ അറിയിച്ചു. തങ്ങൾ ഉന്നയിച്ച പതിമൂന്നിന ആവശ്യങ്ങൾ നടപ്പാക്കുന്നതിലൂടെയാണ്​ പ്രതിസന്ധിക്ക്​ രാഷ്ട്രീയ പരിഹാരം ഉണ്ടാവുകയെന്നും അവർ കൂട്ടിച്ചേർത്തു. 105 നാളുകൾ പിന്നിട്ട രാഷ്ട്രീയ പ്രതിസന്ധി ഇനിയും നീണ്ടേക്കുമെന്ന സൂചന തന്നെയാണ്​ ഇരുപക്ഷവും തുടരുന്ന കടുത്ത നിലപാടിൽ തെളിയുന്നത്​.