LiveTV

Live

Gulf

വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ്​ നിയമങ്ങളില്‍ വന്‍ പരിഷ്കരണത്തിനൊരുങ്ങി കുവൈത്ത്

വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ്​ നിയമങ്ങളില്‍ വന്‍ പരിഷ്കരണത്തിനൊരുങ്ങി കുവൈത്ത്
Summary
സേവന ഫീസുകൾ കുത്തനെ വർധിപ്പിക്കുന്നതടക്കമുള്ള നിർദേശങ്ങൾ ഫത്​വ നിയമ നിർമാണ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു

വിദേശികളുടെ ഡ്രൈവിങ് ലൈസൻസ്​ നിയമങ്ങളിൽ വൻ പരിഷ്കരണത്തിനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം . സേവന ഫീസുകൾ കുത്തനെ വർധിപ്പിക്കുന്നതടക്കമുള്ള നിർദേശങ്ങൾ ഫത്​വ നിയമ നിർമാണ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു .

ഗതാഗതമേഖലയുമായി ബന്ധപ്പെട്ടു ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കരട് ഭേദഗതി വിദേശികൾക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതെന്നു സൂചന , ഭേദഗതി പ്രകാരം പുതുതായി ലൈസൻസ്​ എടുക്കുന്നതിനുള്ള ഫീസ്​ 500 ദീനാറായും പുതുക്കുന്നതിന് 50 ദീനാറായും ഉയരും

നിലവിൽ പുതിയ ലൈസൻസിനു 10 ദീനാറും പുതുക്കുന്നതിന് ഓരോ വർഷത്തേക്ക് ഒരു ദീനാർ വീതവുമാണ് വിദേശികളിൽനിന്ന് ഈടാക്കുന്നത്. നിയമഭേദഗതി നടപ്പായാൽ ലൈസൻസ്​ നിരക്കുകളിൽ 50 ഇരട്ടി വർധനയുണ്ടാകുമെന്നർഥം. വാഹന പെർമിറ്റ് എടുക്കുന്നതിന്റെ ഫീസ്​ 300 ദീനാറായും പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീസ് ​ 100 ദീനാറായും ഉയർത്താനും ആലോചനയുണ്ട്​. ഒരാളുടെ ഉടമസ്ഥതയിലുള്ള പത്തോ അതിൽ കുറവോ വർഷം പഴക്കമുള്ള ആദ്യത്തെയും രണ്ടാമത്തെയും വാഹനങ്ങൾക്കാണിത് ബാധകമാവുക. നിലവിൽ പെർമിറ്റിന് 10 ദീനാറും ഓരോവർഷവും പുതുക്കുന്നതിന് അഞ്ചുദീനാറുമാണ് ഇൗടാക്കുന്നത്. ഗാർഹിക വിസക്കാർക്ക് ഭേദഗതി ബാധകമാക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിവേഗപാതയിലൂടെ വാഹനമോടിക്കുന്നതിന് നികുതി ഏർപ്പെടുത്തുക, പുതുതായി ടാക്സി ലൈസൻസ്​ അനുവദിക്കാതിരിക്കുക , റോഡുകളിലെ സ്​ഥിതിഗതികൾ അപ്പപ്പോൾ ആളുകൾക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക ട്രാഫിക് ചാനൽ ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങളും ആഭ്യന്തരമന്ത്രാലയം മുന്നോട്ടു വെച്ചിട്ടുണ്ട്