'വോട്ടിന് പകരം ഷാപ്പ്' എന്ന വാഗ്ദാനം എല്ഡിഎഫ് നടപ്പാക്കിയെന്ന് എം എം ഹസന്

കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും വെച്ചുപുലർത്തുന്നത് പകയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമെന്ന് കെപിസിസി അധ്യക്ഷൻ എം എം ഹസൻ. അക്രമത്തെ അക്രമം കൊണ്ട് നേരിടാതെ ബി.ജെ.പിയുടെ ഫാഷിസ്റ്റ് അജണ്ട ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കുകയാണ് വേണ്ടതെന്ന് ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്താറിൽ പങ്കെടുക്കാൻ മസ്കത്തിലെത്തിയ ഹസൻ മീഡിയാവണ്ണിനോട്പറഞ്ഞു.
എൽ.ഡി.എഫ്സർക്കാരിന്റെ കഴിഞ്ഞ ഒരു വർഷത്തെ ഭരണം വിലയിരുത്തി മാർക്കിട്ടാൽ പാസ്മാർക്ക് പോലും നൽകാൻ കഴിയില്ല. യു.ഡി.എഫിന്റെ മദ്യനയം പൂർണമായും അട്ടിമറിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. ഈ മാസം 15ന് എല്ലാ നിയോജക മണ്ഡലങ്ങളിലും സായാഹ്ന ജനസദസുകൾ സംഘടിപ്പിക്കും. ഷിബു ബേബി ജോണിന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. മുരളീധരന്റെ അഭിപ്രായങ്ങളും വളച്ചൊടിക്കപ്പെട്ടു. സർക്കാരിനെ അട്ടിമറിച്ചാൽ തങ്ങൾ അധികാരത്തിൽ എത്തുമ്പോൾ പൂട്ടിയ ബാറുകൾ തുറക്കാൻ അനുവദിക്കാമെന്നായിരുന്നു എൽഡിഎഫ് വാഗ്ദാനം. 'വോട്ടിന് പകരം ഷാപ്പ്' എന്ന മുമ്പ് നൽകിയ വാഗ്ദാനമാണ് എൽ.ഡി.എഫ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും എം.എം ഹസൻ പറഞ്ഞു.
ജനങ്ങൾക്ക് ഗുണകരമായ ഒന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ സംഭവിച്ചിട്ടില്ല. ഏത് സർക്കാർ വന്നാലും ജനങ്ങളുടെ ജീവിതഭാരം കുറക്കാൻ നടപടിയെടുക്കും. എന്നാൽ പാലിന് വിലകൂട്ടുകയും വെള്ളക്കരം കൂട്ടുകയും റേഷൻ സ്തംഭിപ്പിക്കുകയും ചെയ്ത് ജനങ്ങളുടെ ജീവിതഭാരം കൂട്ടുകയാണ് പിണറായി സർക്കാർ ചെയ്തത്. ഒരു വർഷത്തിനകം എടുത്തുപറയത്തക്ക ഒരു വികസന പ്രവർത്തനവും നടന്നിട്ടുമില്ല. പബ്ലിസിറ്റി മാത്രമാണ് സർക്കാരിന്റെ ഉന്നവും നേട്ടവും. പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഒരുകോടി വൃക്ഷത്തൈകൾ നടുന്നതിന് രണ്ടുകോടി രൂപയുടെ പരസ്യമാണ് സർക്കാർ നൽകിയതെന്നും എം.എം ഹസൻ പറഞ്ഞു. വിദേശ രാജ്യങ്ങളിലെ കോൺഗ്രസ് പോഷക സംഘടനയായ ഒ.ഐ.സി.സിയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്ന് എം.എം ഹസൻ പറഞ്ഞു.