LiveTV

Live

Gulf

2017 -2018 സാമ്പത്തിക വര്‍ഷത്തേക്കുള്ള കരട് ബജറ്റിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി

2017 -2018 സാമ്പത്തിക വര്‍ഷത്തേക്കുള്ള കരട് ബജറ്റിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നല്‍കി
Summary
13.3 ബില്യന്‍ ദീനാര്‍ വരവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 7.9 ബില്യന്‍ ദീനാർ കമ്മി കണക്കാക്കുന്നു

2017 -2018 സാമ്പത്തിക വര്‍ഷത്തേക്കുള്ള കരട് ബജറ്റിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. 21.2 ബില്യന്‍ ദീനാര്‍ ചെലവും 13.3 ബില്യന്‍ ദീനാര്‍ വരവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 7.9 ബില്യന്‍ ദീനാർ കമ്മി കണക്കാക്കുന്നതായി ധന മന്ത്രി അനസ് അൽ സാലിഹ് പറഞ്ഞു. തുടർച്ചയായ മൂന്നാം വർഷമാണ് കുവൈത്തിൽ ബജറ്റ് കമ്മിയിൽ അവസാനിക്കുന്നത്

എണ്ണവില ബാരലിന് 45 ഡോളര്‍ കണക്കാക്കിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. എണ്ണവില 55നും 60നും ഇടയില്‍ സ്ഥിരത കൈവരിക്കുമെന്നാണ് വിദഗ്ധ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ബജറ്റ് കമ്മിയിൽ സാമ്പത്തിക വര്‍ഷാവസാനമാകുമ്പോഴേക്കും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 21.2 ബില്യന്‍ ദീനാര്‍ ചെലവും 13.3 ബില്യന്‍ ദീനാര്‍ വരവും പ്രതീക്ഷിക്കുന്ന ബജറ്റിൽ വരുമാനത്തിന്റെ 10 ശതമാനം സോവറിന്‍ വെല്‍ത് ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ട്.

ബജറ്റ് കമ്മി നികത്തുന്നതിനായി ആഭ്യന്തര വിദേശ ബോണ്ടുകൾ ഇറക്കാനാണ് സർക്കാർ പദ്ധതി. കുവൈത്ത് നാഷനല്‍ ബാങ്കും കാംകോ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയുമാണ് ആഭ്യന്തരമായി കമ്മി നികത്താന്‍ സഹായിക്കുക. രണ്ട് ദശകത്തിനിടെ ആദ്യമായാണ് കുവൈത്ത് ആഭ്യന്തര വിപണിക്ക് പുറത്തുനിന്ന് കടമെടുക്കാൻ ഒരുങ്ങുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടായ ഇടിവാണ് വരുമാനത്തിന്റെ 95 ശതമാനവും എണ്ണയെ ആശ്രയിച്ചിരുന്ന കുവൈത്തിന്റെ സാമ്പത്തിക ഘടനക്കു തിരിച്ചടിയായത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എണ്ണ വരുമാനത്തില്‍ 60 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. നടപ്പു സാമ്പത്തിക വർഷത്തിലെ ബജറ്റിൽ 11.5 ബില്യൺ ദിനാറിന്റെ കമ്മി കണക്കാക്കിയിരുന്നു. കാബിനറ്റ് അംഗീകരിച്ച കരട് ബജറ്റ് ഉടൻ തന്നെ പാർലമെന്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.