LiveTV

Live

Gulf

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ്; ഷെയര്‍ ഹോള്‍ഡിങ് കമ്പനിയുടെ പ്രഖ്യാപനം ഉടന്‍

Summary
ഗാര്‍ഹികമേഖലയിലേക്ക് തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിനായുള്ള ഷെയർ ഹോൾഡിങ് കമ്പനിയുടെ ഔദ്യോഗികപ്രഖ്യാപനം നവംബര്‍ തുടക്കത്തിൽ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

ഗാര്‍ഹികമേഖലയിലേക്ക് തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിനായുള്ള ഷെയർ ഹോൾഡിങ് കമ്പനിയുടെ ഔദ്യോഗികപ്രഖ്യാപനം നവംബര്‍ തുടക്കത്തിൽ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കമ്പനി രൂപീകരിക്കുന്നതിനാവശ്യമായ പ്രാഥമികനടപടികൾ പൂർത്തിയായതായാണ് സൂചന.

സ്‌പോൺസർഷിപ്പ് സമ്പ്രദായം ഇല്ലാതാക്കുന്നതിന് ആദ്യപടിയായാണ് ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ് കമ്പനി സ്ഥാപിക്കാനുള്ള കുവൈത്തിന്റെ നീക്കം വിലയിരുത്തപ്പെടുന്നത് . നിർദിഷ്ട കമ്പനിയിൽ 60 ശതമാനം ഓഹരി പങ്കാളിത്തം കോഓപറേറ്റിവ് സൊസൈറ്റികൾക്കായിരിക്കും. പബ്ളിക് അതോറിറ്റി ഫോര്‍ ഇന്‍വെസ്റ്റ്മെന്‍റ്, കുവൈത്ത് എയര്‍വേയ്സ്, അമീരി ദിവാന്‍, സാമൂഹ്യ സുരക്ഷാ അതോറിറ്റി എന്നിവക്ക് പത്ത് ശതമാനം വീതം ഓഹരി പങ്കാളിത്തമുണ്ടാകും. കമ്പനി രൂപീകരണത്തിന് മുന്നോടിയായി അല്‍ ഷാല്‍ ഇക്കണോമിക് കണ്‍സല്‍ട്ടേഷന്‍ എന്ന ഏജൻസിയെ സർക്കാർ സാധ്യതാപഠനത്തിനായി നിയോഗിച്ചിരുന്നു. ഇവർ പഠന റിപ്പോർട്ട് സമർപ്പിച്ചതായും അധികം വൈകാതെ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി.

കമ്പനി മേധാവി, അംഗങ്ങള്‍, വിവിധ ഭാഗങ്ങളിലെ കമ്പനിയുടെ ശാഖകള്‍ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും എന്നാണു സൂചന. കമ്പനി യാഥാര്‍ഥ്യമാകുന്നതോടെ ഗാര്‍ഹിക തൊഴിലാളികളെ ആവശ്യമുള്ള സ്വദേശികളില്‍നിന്ന് അതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങും. നിലവിൽ സ്വകാര്യ ഏജൻസികൾ വഴിയാണ് കുവൈത്തിൽ ഗാർഹിക ജോലിക്കാർ എത്തുന്നത്. തൊഴിൽ ചൂഷണവും മറ്റും ചൂണ്ടിക്കാട്ടി ഇന്ത്യയടക്കം പല രാജ്യങ്ങളും വേലക്കാരെ അയയ്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത് മൂലം രാജ്യത്തെ ഗാർഹികമേഖലയിൽ തൊഴിലാളി ക്ഷാമം രൂക്ഷമാണ്. കമ്പനി രൂപീകരണത്തിന് വേണ്ടിയുള്ള നിയമഭേദഗതിക്ക് കഴിഞ്ഞ മാർച്ചിലാണ്‌ കുവൈത്ത് പാർലമെന്റ് അംഗീകാരം നൽകിയത്.