LiveTV

Live

General

ലോക കേരള സഭയുടെ സ്പെഷ്യല്‍ ഓഫീസര്‍ നിയമനത്തില്‍ വിവാദം; ജി ആഞ്ചലോസിനെ വീണ്ടും നിയമിച്ചു

കരാര്‍ പുതുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ആദ്യം നിരസിച്ചു. പിന്നീട് വഴങ്ങി


ലോക കേരള സഭയുടെ സ്പെഷ്യല്‍ ഓഫീസര്‍ നിയമനത്തില്‍ വിവാദം;
ജി ആഞ്ചലോസിനെ വീണ്ടും നിയമിച്ചു

ലോക കേരള സഭയുടെ സ്പെഷ്യല്‍ ഓഫീസറായി ജി ആഞ്ചലോസിനെ വീണ്ടും നിയമിച്ചത് സര്‍ക്കാരിന്‍റെ തന്നെ ചിലവ് ചുരുക്കല്‍ നടപടികള്‍ക്ക് വിരുദ്ധമാണെന്ന ആക്ഷേപം ശക്തം. 2018 ല്‍ ആറ് മാസത്തേക്കായിരുന്നു ജി ആഞ്ചലോസിനെ ആറുമാസകാലത്തേക്ക് സ്പെഷ്യല്‍ ഓഫീസറായി ആദ്യം നിയമിച്ചത്‌.പിന്നീട് വിവിധ ഘട്ടങ്ങളിലായി കരാര്‍ പുതുക്കി. ഈവര്‍ഷം ജൂലൈ മൂന്നിന് കരാര്‍ അവസാനിച്ചു. കരാര്‍ ദീര്‍ഘിപ്പിക്കണമെന്നുള്ള നോര്‍ക്കയുടെ അപേക്ഷ സര്‍ക്കാര്‍ നിരസിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഇതേ ആവശ്യമുന്നയിച്ച് നോര്‍ക്ക ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സര്‍ക്കാരിനെ വീണ്ടും സമീപിച്ചു. ജി ആഞ്ചലോസിന്റെ അപേക്ഷ സഹിതമായിരുന്നു സര്‍ക്കാരിന് നോര്‍ക്ക റൂട്ട്സ് സിഇഒയുടെ കത്ത്. രണ്ടാം ലോക കേരള സഭയില്‍ ഉരുത്തിരിഞ്ഞ വിഷയങ്ങളില്‍ തുടര്‍നടപടികള്‍ ക്രോഡീകരിക്കുന്നതിന് ആഞ്ചലോസിന്റെ സേവനം അനിവാര്യമാണെന്നായിരുന്നു നോര്‍ക്ക റൂട്ട്സിന്റെ നിലപാട്. ഇത് ‌പരിഗണിച്ച് പ്രത്യേക കേസായി കണക്കാക്കി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീണ്ടും നിയമനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കരാര്‍ കാലത്തെ വേതനവും താല്‍ക്കാലിക തസ്തിക സൃഷ്ടിക്കലും സംബന്ധിച്ച പ്രത്യേക ഉത്തരവ് പിന്നീട് പുറത്തിറക്കും.

സെക്രട്ടറിയേറ്റില്‍ നിന്നും അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ച ജി ആഞ്ചലോസിന്റെത് കരാര്‍ നിയമനമായതിനാല്‍ നിലവില്‍ ലഭിക്കുന്ന പെന്‍ഷനും അര്‍ഹതയുണ്ട്. സര്‍ക്കാര്‍ ആദ്യം നിരസിച്ച അപേക്ഷ പിന്നീട് പ്രത്യേകമായി പരിഗണിച്ചത് രാഷ്ട്രീയ സമ്മര്‍ദ്ധമാണെന്നാണ് ഉയരുന്ന ആക്ഷേപം. സര്‍വീസിലുള്ള സമ‌യത്ത് ഭരണപക്ഷാനുകൂല സംഘടനയിലെ സജീവ സാന്നിദ്യമായിരുന്നു ജി ആഞ്ചലോസ്.


ലോക കേരള സഭയുടെ സ്പെഷ്യല്‍ ഓഫീസര്‍ നിയമനത്തില്‍ വിവാദം;
ജി ആഞ്ചലോസിനെ വീണ്ടും നിയമിച്ചു