LiveTV

Live

General

അഞ്ച് ഏഷ്യന്‍ രാജ്യങ്ങളിലുള്ളവരെ സൗദിയില്‍ നിന്ന് നാട്ടിലെത്തിക്കും; വിമാന സര്‍വീസില്ലാത്തതിനാല്‍ ഇന്ത്യക്കാര്‍ക്ക് അവസരമില്ല

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അഭ്യര്‍ഥിച്ച പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, അഫ്ഗാനിസ്ഥാന്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളും ഈജിപ്തുമാണ് ആദ്യ ഘട്ട പട്ടികയില്‍ ഉള്ളത്

അഞ്ച് ഏഷ്യന്‍ രാജ്യങ്ങളിലുള്ളവരെ സൗദിയില്‍ നിന്ന് നാട്ടിലെത്തിക്കും; വിമാന സര്‍വീസില്ലാത്തതിനാല്‍ ഇന്ത്യക്കാര്‍ക്ക് അവസരമില്ല

വിമാന സര്‍വീസില്ലാത്തതിനാല്‍ നാട്ടിലെത്താന്‍ വിഷമിക്കുന്നവര്‍ക്കായി സൗദിയില്‍ നിന്നും വിമാന സര്‍വീസുകള്‍ സജ്ജമായി. അബ്ഷീര്‍ പോര്‍ട്ടലിലെ ഔദ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുന്ന ആറ് രാജ്യങ്ങള്‍ക്കാണ് ഇതില്‍ മുന്‍ഗണന. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അഭ്യര്‍ഥിച്ച പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, അഫ്ഗാനിസ്ഥാന്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളും ഈജിപ്തുമാണ് ആദ്യ ഘട്ട പട്ടികയില്‍ ഉള്ളത്. ഇതിനാല്‍ തന്നെ ഇന്ത്യക്കാര്‍ ഇപ്പോള്‍ രജിസ്ട്രേഷന്‍ നടത്തേണ്ടതില്ല.

ഇന്ത്യയിലേക്ക് നിലവില്‍ വിമാന സര്‍വീസിന് അനുമതിയില്ലാത്തതിനാല്‍ ഇന്ത്യ പട്ടികയിലില്ല. പദ്ധതി വഴി എക്സിറ്റ്, റീ എന്‍ട്രി നേടിയവരേയും, ടൂറിസ്റ്റ്, എല്ലാ വിധ സന്ദര്‍ശന വിസകളിലും എത്തി മടങ്ങാനാകാതെ കുടുങ്ങിയവര്‍ക്കും ഈ പദ്ധതി വഴി നാടണയാം. സല്‍മാന്‍ രാജാവിന്‍റെ നിര്‍ദേശ പ്രകാരമാണ് പദ്ധതി. ഇന്ത്യയിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിന് കേന്ദ്രം തീരുമാനിച്ചിട്ടില്ല. ഇതിനാല്‍ തന്നെ ഔദ സേവനം ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പെട്ടിട്ടില്ല.

രാജ്യത്തെ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് റീ എന്‍ട്രിയിലും എക്സിറ്റിലും നാട്ടില്‍ പോകാനുള്ള പദ്ധതിയും മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുണ്ട്. ഈ പദ്ധതി വഴിയും ഫിലിപ്പൈന്‍സ് പൌരന്മാരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടു പോയിരുന്നു. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും അടുത്ത മാസം ആദ്യ വാരത്തില്‍ സമാന രീതിയില്‍ പൌരന്മാരെ കൊണ്ടു പോകും.

സൌദി എയര്‍‌ലൈന്‍സ് വഴിയാണ് യാത്ര. ഇന്ത്യക്കാര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. എന്നാല്‍ കേന്ദ്രം അനുവദിച്ചാലേ വിമാനം ഇറക്കാനാകൂ. മാനുഷിക പരിഗണനയില്‍ നാട്ടിലെത്തേണ്ട ആളുകള്‍ ഇപ്പോഴും സൌദിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും അനുമതി ലഭിച്ചാലേ ഇത്തരക്കാര്‍ക്കും നാടണയാനാകൂ.