LiveTV

Live

General

സൗദിയില്‍ വരുന്ന ആഴ്ചകളില്‍ പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ രോഗികളുണ്ടായേക്കാം; തടയാന്‍ നമുക്കാകുമെന്നും സഹകരിക്കണമെന്നും ആരോഗ്യ മന്ത്രി

സൌദിയിലെ നിലവിലെ നിയന്ത്രണങ്ങള്‍ രോഗപ്പടര്‍ച്ച 90 ശതമാനം വരെ കുറക്കാന്‍ സഹായിച്ചു

സൗദിയില്‍  വരുന്ന ആഴ്ചകളില്‍ പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ രോഗികളുണ്ടായേക്കാം; തടയാന്‍ നമുക്കാകുമെന്നും സഹകരിക്കണമെന്നും ആരോഗ്യ മന്ത്രി

സൌദിയില്‍ അടുത്ത ഘട്ടം കഠിനമേറിയതാകുമെന്നും രോഗികളുടെ എണ്ണം കുത്തനെ അടുത്ത വാരം മുതല്‍ വര്‍ധിക്കുമെന്ന് സൌദി ആരോഗ്യ മന്ത്രി ഡോ.അബ്ദുള്ള അല്‍ റബീഅ ചൂണ്ടിക്കാട്ടി. ഇത് പ്രതിരോധിക്കാന്‍ എല്ലാവരുടേയും സഹകരണം അത്യാവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ ചിലരെങ്കിലും പൂര്‍ണമായി സഹകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് കര്‍ഫ്യൂ നീട്ടിയത്. രോഗികളുടെ എണ്ണം വരും ആഴ്ചകളില്‍ ഉയരും. സൌദിയിലെ ലഭ്യമായ പഠനനങ്ങള്‍ പ്രകാരം വരുന്ന ആഴ്ചകളില്‍ രോഗികളുടെ എണ്ണം കുറഞ്ഞത് പതിനായിരം മുതല്‍ പരമാവധി രണ്ട് ലക്ഷം വരെ എത്തിയേക്കാം. നിലവിലെ സാഹചര്യം രോഗികളുടെ എണ്ണം കൂടുന്നുവെന്നാണ് കാണിക്കുന്നത്. എന്നാല്‍ ഒന്നിച്ചു ശ്രമിച്ചാല്‍ ഇത് പ്രതിരോധിക്കാനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതുവരെയുള്ള നടപടികളിലൂടെ 90 ശതമാനം രോഗപ്പടര്‍ച്ച തടയാന്‍ സാധിച്ചിട്ടുണ്ട്. ട്രാഫിക് രംഗത്ത് ഇപ്പോഴും 46 ശതമാനം പേര്‍ വാഹനവുമായി പുറത്തിറങ്ങുന്നുണ്ട്. ഇത് കുറക്കണം. സ്ഥിതിഗതികള്‍ നിരീക്ഷിച്ചാണ് മന്ത്രാലയം ഓരോ ഘട്ടത്തിലും ഓരോ നടപടികള്‍ പ്രഖ്യാപിക്കുന്നത്. മുഴുസമയം അകത്തിരുന്ന് എല്ലാവരും സഹകരിക്കണം. കര്‍ഫ്യൂ നടപ്പാക്കിയ മേഖലകളില്‍ അണുമുക്തമാക്കുന്ന നടപടി തുടരും. റോഡുകളില്‍ വാഹനം ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നും ഇത് ലക്ഷ്യം നേടുന്നതിന് വിഘാതമാണെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നത് അതത് സമയത്ത് മന്ത്രാലയം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കും.