LiveTV

Live

General

സൗദിയില്‍ 154 പേര്‍ക്ക് കോവിഡും 115 രോഗമുക്തിയും: രോഗികള്‍ 1453 ആയി; മക്കയില്‍ കര്‍ഫ്യൂ നീട്ടി

ക്വാറന്റൈനില്‍ കഴിഞ്ഞ ആയിരത്തോളം പേരെ രോഗമില്ലെന്ന് ഉറപ്പു വരുത്തി തിരിച്ചയടച്ചതോടെ വരും ദിനങ്ങളില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ

സൗദിയില്‍ 154 പേര്‍ക്ക്  കോവിഡും 115  രോഗമുക്തിയും: രോഗികള്‍ 1453 ആയി; മക്കയില്‍ കര്‍ഫ്യൂ നീട്ടി

സൗദി അറേബ്യയില്‍ ഇന്ന് 154 പേര്‍ക്ക് കൂടി അസുഖം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അസുഖ ബാധിതരുടെ എണ്ണം 1453 ആയി. അസുഖത്തില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണവും ഇന്നും വര്‍ധിച്ചു. ഇന്ന് മാത്രം 49 പേര്‍ രോഗമുക്തി നേടിയതോടെ അസുഖ മോചിതരുടെ എണ്ണം 115 ആയി. 22 പേര്‍ നിലവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. പ്രധാന വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

റിയാദില്‍ കേസുകള്‍ കുറയുന്നു

ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍‌ 138 പേര്‍ക്ക് രോഗം ബാധിച്ചത് സാമൂഹ്യ സമ്പര്‍ക്കത്തിലുടെയാണ്. ബാക്കിയുള്ളവര്‍ നേരത്തെ വിദേശത്ത് നിന്ന് ഐസൊലേഷനില്‍ കഴിയുന്നവരാണ്. ഭൂരിഭാഗം പേരും നല്ല ആരോഗ്യവസ്ഥയിലാണെന്നും തിരിച്ചു വരാനാകുമെന്നും ശുഭ പ്രതീക്ഷയിലാണെന്നും മന്ത്രാലയം പറഞ്ഞു. റിയാദില്‍ ഇന്ന് കേസുകള്‍ കുറഞ്ഞിട്ടുണ്ട്.

മേഖല തിരിച്ചുള്ള കണക്ക്

ഇന്ന് അസുഖം സ്ഥിരീകരിച്ചവരുടെ മേഖല തിരിച്ചുള്ള കണക്ക് ഇങ്ങിനെ: മക്ക 40, ദമ്മാം 34, റിയാദ് 22, മദീന 22, ജിദ്ദ 9, ഹൊഫൂഫ് 6, ഖോബാര്‍ 6, ഖതീഫ് 5, താഇഫ് 2. ഇതിന് പുറമെ യാന്പു, ബുറൈദ, അല്‍ റാസ്, ഖമീസ് മുശൈത്ത്, ദഹ്റാന്‍, സാമ്ത, ദവാദ്മി, തബൂക്ക് എന്നിവിടങ്ങളില്‍ ഓരോ കേസും റിപ്പോര്‍ട്ട് ചെയ്തു.

സൌദിയില്‍ ഇന്നു വരെ സ്ഥിരീകരിച്ച രോഗം മരണം രോഗമുക്തി എന്നീ കണക്കുകള്‍
സൌദിയില്‍ ഇന്നു വരെ സ്ഥിരീകരിച്ച രോഗം മരണം രോഗമുക്തി എന്നീ കണക്കുകള്‍

ആയിരത്തോളം പേര്‍ മടങ്ങി

വിദേശത്ത് നിന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ തിരിച്ചെത്തി നേരെ ഹോട്ടലില്‍ പാര്‍പ്പിച്ചിരുന്ന ആയിരത്തോളം പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങി. 14 ദിവസത്തെ സമയപരിധിക്കകത്ത് ഇവര്‍‌ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തിയാണ് മടക്കി അയക്കുന്നത്. നാളെ മുതല്‍ കൂടുതല്‍ പേരെ ഐസൊലേഷനില്‍ നിന്നും നിരീക്ഷണത്തില്‍ നിന്നും മാറ്റും. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പേ തന്നെ സൌദി ഭരണകൂടം എടുത്ത നടപടി കോവിഡ് പ്രതിരോധത്തില്‍ നേട്ടമുണ്ടാക്കുമെന്നുറപ്പാണ്.

മക്കയിലെ പ്രധാന മേഖലകള്‍ അടച്ചു

മക്കയിലെ ഹറമിനോട് ചേര്‍ന്നുള്ള പ്രധാന താമസ കേന്ദ്രങ്ങളില്‍ ഇന്ന് മൂന്ന് മണി മുതല്‍ ലോക്ക് ഡൌണ്‍ ചെയ്തു. 24 മണിക്കൂറും ഇവിടെ കര്‍ഫ്യൂ ബാധകമാണ്. അജ്‍യദ്, മസാഫി, മിസ്ഫല, അല്‍ ഹുജൂന്‍, ഹുസ് ബക്കര്‍ എന്നീ മേഖലയാണ് അടച്ചത്. ഇന്ന് മൂന്ന് മണി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാവും. രാവിലെ ആറ് മുതല്‍ 3 മണി വരെ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ ഈ മേഖലയിലുള്ളവര്‍ക്ക് പുറത്തിറങ്ങാം. ഈ മേഖലയിലുള്ളവര്‍ പ്രദേശം വിട്ട് പോകാന്‍ പാടില്ല. മറ്റുള്ളവര്‍‌ ഇവിടേക്ക് പ്രവേശിക്കുന്നതും വിലക്കി. 14 ദിവസം മേഖലയില്‍ കോവിഡ് 19 നിരീക്ഷണത്തിന്റെ ഭാഗമായാണ് നടപടി.

എല്ലാവര്‍ക്കും സൌജന്യ ചികിത്സ

ഇതിനിടെ, രാജ്യത്തുള്ള പൗരന്മാരും പ്രവാസികളുമായി മുഴുവനാളുകൾക്കും കോവിഡ്19 ചികിത്സ സൗജന്യമായി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. നിയമലംഘകരായി കഴിയുന്ന വിദേശികൾക്കുൾപ്പെടെ ചികിത്സ ലഭ്യമാക്കണമെന്നാണ് നിർദേശം. നിയമലംഘകരായ പ്രവാസികൾ ചികിത്സക്കെത്തിയാലും നിയമപരായ വശങ്ങളൊന്നും പരിഗണിക്കാതെ ചികിത്സ നൽകണം.