LiveTV

Live

General

റിയാദില്‍ ഒരാള്‍‌ കോവിഡ് ബാധിച്ച് മരിച്ചു; സൗദിയില്‍ രോഗ ബാധിതര്‍ 1203 ആയി 

സൌദി ആരോഗ്യ മന്ത്രാലയമാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്

റിയാദില്‍ ഒരാള്‍‌ കോവിഡ് ബാധിച്ച് മരിച്ചു; സൗദിയില്‍ രോഗ ബാധിതര്‍ 1203 ആയി 

സൗദി അറേബ്യയില്‍ 99 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് ഒരാള്‍ റിയാദില്‍ മരണപ്പെടുകയും ചെയ്തു. സൌദി പൌരനാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1203 ആയി. മരണപ്പെട്ടവരുടെ എണ്ണം നാലാവുകയും ചെയ്തു. രണ്ടു പേര്‍ കൂടി അസുഖ മോചിതരായതോടെ ആകെ അസുഖ മോചിതരുടെ എണ്ണം 37 ആയി. ‌‌

ഇന്ന് അസുഖം സ്ഥിരീകരിച്ചവരില്‍ 41 പേര്‍ റിയാദിലാണ്. ഇതോടെ റിയാദിലെ ആകെ അസുഖ ബാധിതരുടെ എണ്ണം 491 ആയി. ജിദ്ദയില്‍ ഇന്നത്തെ 18 പേരടക്കം ആകെ രോഗികളുടെ എണ്ണം 173 ആയി. മക്കയില്‍ ഇന്നത്തെ 12 കേസടക്കം ആകെ രോഗികളുടെ എണ്ണം 179 ആയി. മക്കയും ജിദ്ദയും ഉള്‍പ്പെടുന്ന മക്കാ പ്രവിശ്യയില്‍ രോഗികളുടെ എണ്ണം 352 ആയി ഉയര്‍ന്നു. മദീനയില്‍ ഇന്നത്തെ ആറ് രോഗികളടക്കം അസുഖ ബാധിതരുടെ എണ്ണം മുപ്പത്തിയെട്ടായി. ഖതീഫില്‍ 12, ഖോബാറില്‍ ഒരു കേസും ഇന്ന് സ്ഥിരീകരിച്ചതോടെ കിഴക്കന്‍ പ്രവിശ്യയില്‍ ആകെ രോഗികളുടെ എണ്ണം 221 ആയി ഉയര്‍ന്നു. ‌ഹൊഫൂഫ്, സൈഹത്ത്, അബഹ എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. തബൂക്കിലും ഖമീശ്മുശൈത്തിലും മൂന്ന് വീതം കേസുകളാണിന്ന് സ്ഥിരീകരിച്ചത്. മദീനയില്‍ രണ്ടും മക്ക റിയാദ് എന്നിവിടങ്ങളില്‍ ഓരോ മരണവുമാണ് ഇതുവരെ സ്ഥിരീകരിച്ചത്. മദീനയിൽ ഹറം ഉൾപ്പെടെ ആറ് മേഖലകളിൽ 14 ദിവസത്തേക്ക് 24 മണിക്കൂർ പ്രേത്യക കർഫ്യൂ ഇന്ന് പ്രാബല്യത്തിലാണ്.

ഇന്നത്തെ പുതിയ കണക്ക് പ്രകാരവും പത്ത് പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ബാക്കുയുള്ള 89 കേസുകള്‍ സാമൂഹ്യ സമ്പര്‍ക്കത്തിലൂടെ ഉണ്ടായതാണ്. കര്‍ഫ്യൂ കര്‍ശനമായി തുടരുന്നതിനിടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കേസുകളുടെ എണ്ണത്തില്‍ താരതമ്യേന കുറവുണ്ട്. എങ്കിലും പുറത്തിറങ്ങാതിരുന്നാലേ അതിവേഗം രോഗപ്പടര്‍ച്ച അമര്‍ച്ച ചെയ്യാനാകൂ എന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. മലയാളികള്‍ പലയിടത്തും നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

തത്സമയ വിവരങ്ങള്‍ മീഡിയവണ്‍ ടിവിയിലും കാണാം.