LiveTV

Live

General

സൗദിയില്‍ ജൂണ്‍ 30 വരെ ഇഖാമ തീരുന്നവര്‍ക്ക് മൂന്ന് മാസത്തെ ലെവി ഇളവ്: കൊറോണ സാഹചര്യത്തിലെ ലെവി ഇളവ് ലഭ്യമായിത്തുടങ്ങി

12 മാസത്തേക്ക് പണമടക്കുന്നവര്‍ക്ക് മൂന്ന് മാസം അധികമായി ലഭിക്കും

സൗദിയില്‍ ജൂണ്‍ 30 വരെ ഇഖാമ തീരുന്നവര്‍ക്ക് മൂന്ന് മാസത്തെ ലെവി ഇളവ്: കൊറോണ സാഹചര്യത്തിലെ ലെവി ഇളവ് ലഭ്യമായിത്തുടങ്ങി

കൊറോണ വൈറസ് സാഹചര്യത്തിലെ സാമ്പത്തിക പ്രത്യാഘാതം ലഘൂകരിക്കാന്‍ സൌദിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രഖ്യാപിച്ച ലെവി ഇളവ് വ്യക്തികള്‍ക്ക് ലഭ്യമായിത്തുടങ്ങി. തൊഴിലാളിക്ക് മാത്രമാണ് ലെവി ആനുകൂല്യം ലഭിക്കുന്നത്. ആശ്രിതരുടെ ലെവിയില്‍ ഒരു മാറ്റവും ഇല്ല. ഇഖാമ പുതുക്കാന്‍ സദാദ് (ഫീ അടക്കാനുള്ള പ്രത്യേക നന്പര്‍) എടുക്കുന്പോഴാണ് ലെവി ഇളവ് ആനുകൂല്യം ലഭിക്കുന്നത്. 2020 മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 30-നകം ഇഖാമ കാലയളവ് തീരുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം. ഇതിന് മുന്പായി കാലാവധി തീര്‍ന്നവര്‍ പിഴയുള്‍പ്പെടെ ഇഖാമ തുക പൂര്‍ണമായും അടക്കണം.

ലെവി ഇളവ് ലഭ്യമാകുന്ന രീതി ഇങ്ങിനെ:

തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സാധാരണ പോലെ സദാദ് വഴി ഇഖാമ തുകയടക്കണം. ഒരു വര്‍ഷത്തേക്കുള്ള (12 മാസത്തേക്ക്) ലെവി തുക അടക്കുമ്പോള്‍ 15 മാസത്തേക്ക് ഇഖാമ പുതുക്കി കിട്ടുന്നതാണ് രീതി. അതായത് പഴയതു പോലെ തന്നെ ഒരു വര്‍ഷത്തേക്ക് ഇഖാമ ഫീസ് അടക്കണം. ഇതില്‍ മൂന്നു മാസത്തേക്ക് അധികമായി ഇഖാമ കാലാവധി ലഭിക്കുമെന്ന് ചുരുക്കം. സ്വദേശിവത്കരണ തോതിന് അനുസരിച്ച് പ്രതിമാസം 700, 800 എന്നിങ്ങിനെയാണ് ലെവി തുക. ഇതുവെച്ച് കണക്ക് കൂട്ടിയാല്‍ മൂന്നു മാസത്തെ സൌജന്യത്തിന് 2100, 2400 റിയാല്‍ ലാഭം പുതുക്കുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ ലഭിക്കും. ഇത് പണമായി ലഭിക്കില്ല. മറിച്ച് മൂന്ന് മാസത്തെ കാലാവധി അധികമായി ലഭിക്കുകയാണ് ചെയ്യുക. 2020 മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 30-നകം ഇഖാമ കാലയളവ് തീരുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം. ഈ തിയതിക്കകത്ത് ഉണ്ടാക്കിയ സദാദ് നമ്പറുകള്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. നേരത്തെ ഉണ്ടാക്കിയ സദാദ് നമ്പറുകളാണെങ്കില്‍ ആനുകൂല്യം ലഭിക്കാന്‍ അത് ക്യാന്‍സല്‍ ചെയ്ത് പുതിയത് സൃഷ്ടിക്കേണ്ടി വരും.