LiveTV

Live

General

ലെവിയിലടക്കം ഇളവ് നല്‍കി പ്രവാസികള്‍ക്ക് സൗദി അറേബ്യയുടെ കാരുണ്യം: കോവിഡ് നേരിടാന്‍ 120 ബില്യന്റെ പാക്കേജ് പ്രഖ്യാപിച്ചു 

ധനകാര്യ മന്ത്രാലയമാണ് കൊറോണ പ്രത്യാഘാതം നേരിടാനുള്ള പാക്കേജ് പ്രഖ്യാപിച്ചത്

ലെവിയിലടക്കം ഇളവ് നല്‍കി പ്രവാസികള്‍ക്ക് സൗദി അറേബ്യയുടെ കാരുണ്യം: കോവിഡ് നേരിടാന്‍ 120 ബില്യന്റെ പാക്കേജ് പ്രഖ്യാപിച്ചു 

സൌദിയില്‍ ധനകാര്യ മന്ത്രാലയം 120 ബില്യണ്‍ റിയാലിന്റെ പാക്കേജ് പ്രഖ്യാപിച്ചു. വിദേശികളുടെ ലെവിയുടെ ഫീസ് നിശ്ചിത കാലത്തേക്ക് സര്‍ക്കാര്‍ അടക്കുന്നത് ഉള്‍പ്പെടെയുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്. പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്.

1. ഇതിനകം ഇഖാമ കാലാവധി പൂര്‍ത്തിയായവര്‍ക്കും, ജൂണ്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ ഇഖാമ കാലാവധി തീരുന്നവര്‍ക്കും ലെവിയില്ലാതെ ഇഖാമയുടെ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കും.

2. സൗദിയിലേക്കുള്ള സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ പണം തൊഴിലുടമക്ക് തിരികെ നല്‍കുകയോ സ്റ്റാമ്പ് ചെയ്യാന്‍ മൂന്നു മാസം കൂടി സാവകാശം നല്‍കുകയോ ചെയ്യും. ഇതിന് പ്രത്യേക ഫീസൊന്നും ഈടാക്കില്ല. പാസ്പോര്‍ട്ടില്‍ വര്‍ക്ക് വിസ സ്റ്റാന്പ് ചെയ്തവര്‍ക്കും ആനുകൂല്യം ലഭിക്കും.

3. വിമാന വിലക്ക് കാരണം റീ എന്‍ട്രി അടിച്ചിട്ടും നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍ക്ക് ഇതിന്റെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി നല്‍കും. തൊഴിലുടമകള്‍ വഴി ഈ നടപടി പൂര്‍ത്തിയാക്കാം. നിലവില്‍ റീ എന്‍ട്രിയില്‍‌ നാട്ടിലുള്ളവര്‍ക്കും തൊഴിലുടമയുടെ സഹായത്തോടെ റീ എന്‍ട്രി നീട്ടി ലഭിക്കും.

4.സക്കാത്ത്, മൂല്യവര്‍ധിത നികുതി, എക്സൈസ് ഡ്യൂട്ടി, വരുമാന നികുതി എന്നിവ അടക്കാന്‍ മൂന്നു മാസത്തെ സാവകാശം നല്‍കി. രാജ്യത്തേക്ക് ഇന്നു മുതല്‍ 30 ദിവസത്തേക്ക് ഇറക്കുമതിക്കുള്ള തീരുവ തല്‍ക്കാലത്തേക്ക് ഈടാക്കില്ല.

5. ബാങ്കുകളുടെയും ബലദിയയുടെയും ചാര്‍ജുകള്‍ അടക്കാന്‍ മൂന്നു മാസ സാവകാശം നല്‍കി. ഇതിന് നിബന്ധനകള്‍ പാലിക്കണം. സര്‍ക്കാറിലേക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കാനുള്ള വിവിധ ഫീസുകള്‍ അടക്കാന്‍ മൂന്ന് മാസത്തെ സാവകാശം നല്‍കി.

6. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 70 ബില്യന്‍ റിയാലിന്റെ സഹായ പാക്കേജ് പ്രഖ്യാപിച്ചു. ലോണുകള്‍ ഈ വര്‍ഷാവസാനം വരെ ഉദാരമാക്കാനും തീരുമാനിച്ചു.