സൗദിയില്‍ നടക്കുന്ന ദാക്കര്‍ റാലിക്കിടെ അപകടത്തില്‍ റൈഡര്‍ പോളോ കോണ്ക്ലേവ്സിന് ദാരുണാന്ത്യം; ദുര്‍ഘടമായ പാതയിലെ അപകടങ്ങള്‍ കാണാം
സാഹസിക ഇനമായ ദാക്കര്‍ റാലിയില്‍ മത്സരാര്‍ഥികള്‍ അപകടത്തില്‍ പെടുന്നത് സ്ഥിരം സംഭവമാണ്

സൌദിയിലെ ജിദ്ദയില്‍ നിന്നും റിയാദിലേക്ക് നടക്കുന്ന ദാക്കര്‍ റാലിക്കിടെ അപകടത്തില്‍ പെട്ട് ബൈക്ക് റൈഡര്‍ മരിച്ചു. ഇന്ത്യന്‍ കന്പനിയായ ഹീറോ സ്പോണ്സര് ചെയ്ത പ്രമുഖ പോര്‍ച്ചുഗീസ് താരം പോളോ കോണ്‍ക്ലേവ്സ് ആണ് മരിച്ചത്. മത്സരത്തിന്റെ ഏഴാം ഘട്ടത്തിലായിരുന്നു അപകടം.

12 ഘട്ടമുള്ള മത്സരത്തിന്റെ ഏഴാം ഘട്ടത്തിലാണ് പോര്‍ച്ചുഗീസ് താരമായ നാല്പതുകാരന് പോളോ കോണ്‍ക്ലേവ്സ് അപകടത്തില്‍ പെട്ടത്. റിയാദില്‍ നിന്നും 339 കി.മീ അകലെ വാദി അല്‍ ദവാസിറിലേക്കായിരുന്നു ട്രാക്ക്. മത്സരം തുടങ്ങി 150 ആം കിലോ മീറ്ററില്‍ വെച്ചാണ് ബൈക്ക് അപകടത്തില്‍ പെട്ടത്. രാവിലെ 10.18നായിരുന്നു അപകടം.

ബോധ രഹിതനായ ഇദ്ദേഹത്തെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം ഹൃദയാഘാതം ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. 2016ല്‍ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് തിരിച്ചെത്തിയതായിരുന്നു കോണ്‍ക്ലേവ്സ്.
പതിമൂന്നാം തവണയാണ് കോണ്‍ക്ലേവ്സ് റാലിയില്‍ പങ്കെടുക്കുന്നത്. സൌദിയിലെ ജിദ്ദയില്‍ നിന്നും റിയാദിലേക്കാണ് അഞ്ചിനങ്ങളിലെ വാഹനങ്ങള്‍ ഉള്‍പ്പെടുന്ന ദാക്കര്‍ റാലി. മരുഭൂമിയിലൂടെ പ്രത്യേകം സജ്ജമാക്കിയ ഏഴായിരം കിലോ മീറ്റര്‍ ദുര്‍ഘടമായ ട്രാക്കിലാണ് മത്സരം. ദാക്കര്‍ റാലിയുടെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളിയുള്ള ട്രാക്കാണിത്. സാഹസിക ഇനമായ ദാക്കറില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്.
ട്രക്ക്, കാര്‍, ജീപ്പ്, ബൈക്ക് തുടങ്ങി അഞ്ചിനങ്ങളിലായുള്ള മത്സരം ഈ മാസം 17ന് റിയാദിലാണ്. 2015ല്‍ അമേരിക്കയില്‍ നടന്ന ദാക്കര്‍ റാലിയില്‍ പോളിഷ് താരമായ മൈക്കല്‍ ഹെര്ണികും സമാന രീതിയില്‍ മരിച്ചിരുന്നു. ഫ്രെഞ്ച് മാധ്യമ ഗ്രൂപ്പായ അമൌരി സ്പോര്‍ട്ട് ഓര്ഗനൈസേഷന് 1992ല്‍ ആരംഭിച്ച വാര്‍ഷിക മോട്ടോര്‍ റാലിയാണ് ദാക്കര്‍.