LiveTV

Live

General

റിയാദില്‍ നിന്നും കരിപ്പൂരിലേക്ക് സൗദിയുടെ ഫ്ലൈനാസ് അടുത്ത മാസം മുതല്‍‌; കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി

സൌദി എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യാ എക്പ്രസിനും ഒപ്പം മത്സരത്തിന്

റിയാദില്‍ നിന്നും കരിപ്പൂരിലേക്ക് സൗദിയുടെ ഫ്ലൈനാസ് അടുത്ത മാസം മുതല്‍‌; കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി

കുറഞ്ഞ നിരക്കിലുള്ള സര്‍വീസുമായി സൌദിയിലെ ഫ്ലൈനാസ് കോഴിക്കോട്ടേക്ക് സര്‍വീസ് തുടങ്ങുന്നു. റിയാദില്‍ നിന്നും അടുത്ത മാസം 16 മുതലാണ് സര്‍വീസ്. ആഴ്ചയില്‍ മൂന്ന് ദിനം സര്‍വീസുകളുണ്ടാകും. ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ ഫ്ലൈറ്റുകളുമുണ്ട്.

സൌദി അറേബ്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന കന്പനിയാണ് ഫ്ലൈനാസ്. അടുത്ത മാസം 16 മുതല്‍ കോഴിക്കോട്ടേക്കുള്ള ടിക്കറ്റുകള്‍ക്ക് ബുക്കിങ് ആരംഭിച്ചു.

തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിലാണ് സർവീസ്. പുലർച്ചെ 12.50 ന് റിയാദിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.35 ന് കരിപ്പൂരിലെത്തും. 9.25 ന് തിരിച്ച് പുറപ്പെട്ട് 12 ന് റിയാദിലെത്തും.

ആദ്യം 545 റിയാലിന് വരെ ലഭ്യമായിരുന്ന ടിക്കറ്റുകള്‍ ഇപ്പോള്‍ 634 റിയാലിന് ലഭ്യമാണ്. 20 കിലോയാണ് സൌജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ്. നിശ്ചിത സംഖ്യയടച്ചാല്‍ 30ഉം 40ഉം കിലോ കൊണ്ടു പോകാം.

നിലവില്‍ കരൂപ്പൂരിലേക്ക് സൌദി എയര്‍ലൈന്‍സും, എയര്‍ ഇന്ത്യാ എക്സ്പ്രസും, എയര്‍ ഇന്ത്യയുടെ കണക്ഷന്‍ സര്‍വീസുമുണ്ട്. ഇടക്ക് ഫ്ലൈ ദുബൈയും സര്‍വീസ് നടത്തുന്നു.

എയര്‍ ഇന്ത്യാ എക്സ്പ്രസിന് സമാനമാണ് ഫ്ലൈ നാസിന്‍റെ നിരക്കുകള്‍. ഇതോടെ കരിപ്പൂര്‍ സെക്ടറില്‍ മത്സരം മുറുകും. ഓഫറുകളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫ്ലൈനാസിന്റെ സര്‍വീസ് പ്രവാസികള്‍ക്ക് മുതല്‍ക്കൂട്ടുമാകും.