LiveTV

Live

General

ഉംറ തട്ടിപ്പിനും ഏജന്റുമാരുടെ ഇടപെടലിനും കടിഞ്ഞാണിട്ട് സൗദി ഭരണകൂടം; തീര്‍ഥാടകരുടെ പണമടച്ചാല്‍ മാത്രം ഇനി ഉംറ വിസ

ഉംറ തട്ടിപ്പിനും ഏജന്റുമാരുടെ ഇടപെടലിനും കടിഞ്ഞാണിട്ട് സൗദി ഭരണകൂടം; തീര്‍ഥാടകരുടെ പണമടച്ചാല്‍ മാത്രം ഇനി ഉംറ വിസ

ഉംറ തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണിടാനും സേവനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും ലക്ഷ്യമിട്ട് സൗദി അറേബ്യ നടപ്പിലാക്കുന്ന പുതിയ രീതിയ ഉംറ തീര്‍ഥാടകര്‍ക്ക് നേട്ടമാകും. അതേ സമയം ഉംറ തീര്‍ഥാടനത്തിന്റെ ഭാഗമായി നാട്ടിലും വിദേശത്തുമായി ജോലി ചെയ്യുന്നവരെ ബാധിക്കുകയും ചെയ്യും. പുതിയ നിബന്ധന പ്രകാരം ഉംറ വിസ ലഭിക്കണമെങ്കില്‍ തീര്‍ഥാടകരുടെ യാത്രാ-താമസ ചെലവുകള്‍ മുന്‍കൂട്ടിയടക്കണം.

പണമടക്കാനും ഹോട്ടലുകളും യാത്രാ രീതിയും തിരഞ്ഞെടുക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ തുറന്നു. ഇതിന്റെ അപ്ഡേഷന്‍ പുരോഗമിക്കുകയാണ്. പുതിയ പോര്‍ട്ടലിലില്‍ നിലവില്‍ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അപ്ഡേഷന്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ഹോട്ടലുകള്‍ ലഭ്യമാകും. ഉംറക്കാരുടെ യാത്രക്കുള്ള രീതിയും ഇതില്‍ തിരഞ്ഞെടുക്കണം. ഇതിന്റെ പണമടക്കലും വിസ ലഭിക്കാന്‍ നിര്‍ബന്ധമാണ്. ഇതിന്റെ രസീതിയുമായി അപേക്ഷിച്ചാലെ ഉംറ വിസ അനുവദിക്കൂ. ഉംറ വിസക്ക് പണമടച്ച് പിന്നീട് യാത്ര റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കില്ല.

ഉംറ തട്ടിപ്പിനും ഏജന്റുമാരുടെ ഇടപെടലിനും കടിഞ്ഞാണിട്ട് സൗദി ഭരണകൂടം; തീര്‍ഥാടകരുടെ പണമടച്ചാല്‍ മാത്രം ഇനി ഉംറ വിസ

ജിദ്ദ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വിദേശികള്‍ ഉംറ വിസയില്‍ കുടുംബത്ത കൊണ്ടു വന്ന് താമസിപ്പിക്കുന്നതും ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇനി മുതല്‍ വിസ ലഭിക്കാന്‍ ഹോട്ടല്‍ തുകയും വാഹന തുകയും മുന്‍ കൂട്ടി അടക്കേണ്ടതിനാല്‍‌ ഉംറ വിസയില്‍ കുടുംബത്തെ കൊണ്ടുവന്ന് കൂടെ താമസിപ്പിക്കുന്ന രീതിക്കും നിയന്ത്രണമാകും. കാരണം, ഉംറ വിസയെടുക്കുമ്പോള്‍ തന്നെ വന്‍തുക നല്‍കി ഹോട്ടല്‍ ബുക്ക് ചെയ്യണം. സാധാരണക്കാരന് സ്റ്റാര്‍ ഹോട്ടലുകളിലെ വന്‍തുക നല്‍കല്‍ സാധിക്കില്ല. ഈ തുക കൂടി അടച്ചാല്‍ മാത്രമേ വിസ ലഭ്യമാകൂ.

നാട്ടില്‍ നിന്നും തീര്‍ഥാടകരുടെ പണം ഏജന്‍സികള്‍ അടക്കാതെ ഉംറക്കാര്‍ കുടുങ്ങുന്നത് വ്യാപകമായിരുന്നു. മലയാളി ഏജന്‍സികളും ഇതര സംസ്ഥാന ഏജന്റുമാരും ഉംറക്കാരില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്പേ പണം ശേഖരിക്കും. ഈ പണം തിരിമറി ചെയ്യാറുണ്ട് ചിലര്‍. ഇതോടെ തീര്‍ഥാടകരുടെ താമസത്തിനും യാത്രക്കും പണമടക്കാതിരുന്നതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പേര്‍ ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം മക്കയിലും മദീനയിലും കുടങ്ങിയിരുന്നു. വിവിധ വിദേശ രാഷ്ട്രങ്ങളില്‍ നിന്നും സമാന പരാതി ഉയര്‍ന്നതും മോശം താമസ സ്ഥലങ്ങളില്‍ പാര്‍പ്പിച്ചതുമാണ് പുതിയ രീതി സ്ഥാപിക്കാന്‍ കാരണമായത്.

ഉംറ തട്ടിപ്പിനും ഏജന്റുമാരുടെ ഇടപെടലിനും കടിഞ്ഞാണിട്ട് സൗദി ഭരണകൂടം; തീര്‍ഥാടകരുടെ പണമടച്ചാല്‍ മാത്രം ഇനി ഉംറ വിസ

https://www.haj.gov.sa/ എന്ന സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രത്യേക ലിങ്ക് തന്നെ ഉംറ വിസക്കായി നല്‍കിയിട്ടുണ്ട്. ഇതില്‍ അപ്ഡേഷന്‍ പൂര്‍ത്തിയാകുന്നതോടെ ആര്‍ക്കും നേരിട്ട് വിസക്ക് അപേക്ഷിക്കാനുമാകും. പിന്നീട് വരുന്ന പ്രയാസങ്ങളും ആയാസവും കണക്കിലെടുത്താണ് ഉംറക്കെത്തുന്നവര്‍ ഏജന്റുമാര്‍ മുഖേന ഉംറക്കെത്തുന്നത്.

നാട്ടിലെ ഉംറ ഏജന്‍സികള്‍ സൗദിയിലെ ഉംറ ഏജന്‍സിയുമായി കൈ കോര്‍ത്താണ് നിലവില്‍ സേവനം നല്‍കുന്നത്. അതായത് സൗദി ഭരണകൂടത്തിനു മുന്നില്‍ സൌദിയിലെ ഉംറ ഏജന്റാണ് അവര്‍ക്ക് കീഴിലെത്തുന്ന തീര്‍‌ഥാടകരുടെ ഉത്തരവാദി. ഇവരുടെ താമസവും യാത്രയുടേയും പൂര്‍ണ ഉത്തരവാദിത്തം ഈ ഏജന്റിനാണ്. ഇതിനാല്‍ ഇവരുടെ മടക്ക യാത്ര ഉറപ്പു വരുത്തേണ്ടതും സൗദിയിലെ ഏജന്റിന്റെ ബാധ്യതയാണ്. നാട്ടിലെ ഏജന്റുമാര്‍ പണം നല്‍കാതെ കബളിപ്പിച്ചാലും പണമടച്ച് ഉംറക്കാരെ നാട്ടിലെത്തിക്കല്‍ സൗദിയിലെ ഏജന്റിന്റെ ചുമതലയാണെന്ന് ചുരുക്കം. പിന്നീട് നാട്ടിലുള്ള ഏജന്റിന്റെ ലൈസന്‍സ് ഇവര്‍ റദ്ദാക്കും. നഷ്ടം പക്ഷേ സൗദിയിലെ ഏജന്റ് സഹിക്കേണ്ടി വരും. ഇതിനെല്ലാമാണ് പുതിയ സംവിധാനത്തോടെ പരിഹാരമാകുക.

തീര്‍‌ഥാടകരെ മാറ്റി താമസിപ്പിക്കുന്ന രീതിക്കും ഇതോടെ അവസാനമാകും. മികച്ച നിലവാരത്തിലുള്ള ഹോട്ടലുകളും വാഹനങ്ങളും മാത്രമാകും ഉംറ പോര്‍ട്ടലില്‍ ഇനി ലഭ്യമാകുക. അതായത് ഓരോ തീര്‍ഥാടകനും മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് ചുരുക്കം. ഉംറ വിസക്ക് പണമടച്ച് ഹോട്ടലും വാഹനവും ബുക്ക് ചെയ്താല്‍ പിന്നീട് യാത്ര റദ്ദാക്കിയാല്‍ പണം തിരിച്ചു കിട്ടില്ല. പണം അടക്കുന്നത് ബാങ്കിലേക്കാണ്.

ഉംറ തട്ടിപ്പിനും ഏജന്റുമാരുടെ ഇടപെടലിനും കടിഞ്ഞാണിട്ട് സൗദി ഭരണകൂടം; തീര്‍ഥാടകരുടെ പണമടച്ചാല്‍ മാത്രം ഇനി ഉംറ വിസ

പുതിയ പോര്‍ട്ടലില്‍ വന്‍കിട ഹോട്ടലുകളാണ് ലഭ്യമാകുന്നത്. ഇതിനാല്‍ ഉംറ വിസ ഇഷ്യൂ ചെയ്യുന്നതില്‍ കാല താമസം വരുത്തുന്നതായി നാട്ടിലെ ഏജന്റുമാര്‍ പറയുന്നു. പോര്‍ട്ടല്‍ സംവിധാനം ദിവസങ്ങള്‍ക്കകം പൂര്‍ണ സജ്ജമാകും. ഇതോടെ വിസകള്‍ ഇഷ്യൂ ചെയ്യുന്നതിലെ സംശയങ്ങളും ദൂരീകരിക്കപ്പെടും.

ഇതോടൊപ്പം സൌദിയില്‍ നിന്ന് ഉംറക്ക് പോകുന്നവര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിശദാംശങ്ങളും പോര്‍ട്ടലില്‍ ഉടന്‍ ലഭ്യമാകും.