LiveTV

Live

General

സൗദിയില്‍ ഭരണ ഉദ്യോഗസ്ഥ തലത്തില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചും പുതിയ മന്ത്രാലയം രൂപീകരിച്ചും സല്‍മാന്‍ രാജാവിന്‍റെ ഉത്തരവ്; റിയാദ് നഗര ഭരണം റോയല്‍ കമ്മീഷന്

 സൗദിയില്‍ ഭരണ ഉദ്യോഗസ്ഥ തലത്തില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചും പുതിയ മന്ത്രാലയം രൂപീകരിച്ചും സല്‍മാന്‍ രാജാവിന്‍റെ ഉത്തരവ്; റിയാദ് നഗര ഭരണം റോയല്‍ കമ്മീഷന്

സൌദി അറേബ്യയില്‍ ഭരണ തലത്തില്‍ വിവിധ മാറ്റങ്ങളും നിയമനങ്ങളും പ്രഖ്യാപിച്ച് സല്‍മാന്‍‌ രാജാവിന്റ ഉത്തരവ് പുറത്തിറങ്ങി. വ്യവസായ-ഖനന വകുപ്പിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. റോയല്‍ കോര്‍ട്ടിനും അഴിമതി വിരുദ്ധ കമ്മീഷനും പുതിയ മേധാവികളെ നിയമിച്ചു. തൊഴില്‍ സാമൂഹിക വികസന സഹ മന്ത്രിയേയും മാറ്റി.

വ്യവസായ-ഖനന വകുപ്പ് മന്ത്രി ബന്ദര്‍ അല്‍ ഖുറായഫ്
വ്യവസായ-ഖനന വകുപ്പ് മന്ത്രി ബന്ദര്‍ അല്‍ ഖുറായഫ്

സൌദിയില്‍ ഇനി ഊര്‍ജ മന്ത്രാലയത്തിന് കീഴിലാകില്ല ഖനന വ്യവസായ വകുപ്പുകള്‍. ഖനന വ്യവസായ കാര്യങ്ങള്‍ക്ക് പ്രത്യേക മന്ത്രാലയം തന്നെ സല്‍മാന്‍ രാജാവ് ഉത്തരവിലൂടെ രൂപീകരിച്ചു. ബന്ദര്‍ അല്‍ ഖുറായഫാണ് വകുപ്പിന്റെ പ്രഥമ മന്ത്രി. രാജ്യത്തെ സുപ്രധാന കോടതി സംവിധാനം നിലകൊള്ളുന്ന റോയല്‍ കോര്‍ട്ടിന്റെ മേധാവിയായി ഫഹദ് ബിന്‍ മുഹമ്മദ് അല്‍ ഈസയെ നിയമിച്ചു. ഉപദേഷ്ടാവായി ബന്ദര്‍ ബിന്‍ ഐബാനെയും നിയമിച്ചു.

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍ അവ്വാദ്
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍ അവ്വാദ്

കഴിഞ്ഞ വര്‍ഷം മാധ്യമ വകുപ്പ് മന്ത്രിയായിരുന്ന അവ്വാദ് ബിന്‍ സാലിഹ് അല്‍ അവ്വാദാണ് പുതിയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍. തൊഴില്‍ മന്ത്രാലയത്തിലെ പ്രഥമ വനിതാ മന്ത്രിയായിരുന്ന ഡോ. തമാദ് അല്‍ റമാഹിനെ മാറ്റി. മാജിദ് ഗാനിമിയാണ് പുതിയ സഹ മന്ത്രി. റിയാദിന് പുതിയ ഭരണ ക്രമവും സല്‍മാന്‍ രാജാവിന്റെ ഉത്തവില്‍ പറയുന്നു. അഴിമതി വിരുദ്ധ കമ്മീഷനും പുതിയ മേധാവിയെ പ്രഖ്യാപിച്ചു.

ഇതോടൊപ്പം സൌദി തലസ്ഥാനമായ റിയാദിന്റെ മുഖഛായ മാറ്റുന്ന പദ്ധതിക്ക് മുന്നോടിയായി നഗരത്തിന്റെ ഭരണം റോയല്‍ കമ്മീഷന് കീഴിലാക്കി. വിദേശികളടക്കം തിങ്ങിപ്പാര്‍ക്കുന്ന നഗരത്തിന്റെ സന്പൂര്‍ണ വികസനമാണ് ലക്ഷ്യം. പ്രധാനനമന്ത്രികൂടിയായ സല്‍മാന്‍ രാജാവിന്റെ മേല്‍നോട്ടത്തിലുള്ള ബോര്‍ഡാണ് നഗര വികസന പദ്ധതി ആസൂത്രണം ചെയ്യുക.

റിയാദ് നഗരത്തിന്‍റെ ആകാശക്കാഴ്ച
റിയാദ് നഗരത്തിന്‍റെ ആകാശക്കാഴ്ച

റിയാദ് വികസന അതോറിറ്റിക്ക് കീഴിലായിരുന്നു റിയാദ് നഗരത്തിന്റെ വികസന ആസൂത്രണം. ഇനി മുതല്‍ സൌദി റോയല്‍ കമ്മീഷനാണ് ഇതിന്‍റെ ചുമതല. കമ്മീഷന്‍ പ്രവര്‍ത്തിക്കുക മന്ത്രിമാരും മുതിര്‍ന്ന ഉദ്യേഗസ്ഥരുമടങ്ങുന്ന ബോര്‍ഡിന് കീഴിലാണ്. ബോര്‍ഡിലേക്കുള്ള നിയമനവും മേല്‍നോട്ടവും പ്രധാനമന്ത്രിക്കാണ്. ഇതിനാല്‍ ഈ പദവി വഹിക്കുന്ന സല്‍മാന്‍ രാജാവിനാണ് നിലവിലെ ചുമതല.

 സൗദിയില്‍ ഭരണ ഉദ്യോഗസ്ഥ തലത്തില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചും പുതിയ മന്ത്രാലയം രൂപീകരിച്ചും സല്‍മാന്‍ രാജാവിന്‍റെ ഉത്തരവ്; റിയാദ് നഗര ഭരണം റോയല്‍ കമ്മീഷന്

സൌദി തലസ്ഥാനമായ റിയാദിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ താമസിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശികള്‍ തിങ്ങിത്താമസിക്കുന്നതും റിയാദില്‍ തന്നെ. നഗരത്തിന്റെ പഴയ ഭാഗങ്ങളെല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. റിയാദ് മെട്രോ, പൊതു ഗതാഗത പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതിയോടെ തന്നെ തലസ്ഥാനത്തിന്റെ മുഖഛായ മാറും. വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന രീതിയൊഴിവാക്കാനും പദ്ധതിയുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ജീവിതമുയര്‍ത്താനാണ് നീക്കം. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നഗര ഭരണം റോയല്‍ കമ്മീഷന് കീഴിലേക്ക് മൂന്ന് മാസത്തിനകം മാറും.

സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം
സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം

സല്‍മാന്‍ രാജാവിന്റെ വിവിധ നിയമനങ്ങള്‍ക്ക് പിന്നാലെ ഉദ്യോഗസ്ഥ തലത്തിലെ അഴിമതി വിരുദ്ധ നടപടി സൌദി അറേബ്യ ശക്തമാക്കുന്നു. അഴിമതി വിരുദ്ധ നീക്കങ്ങളോട് സഹകരിക്കാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കൈമാറാന്‍ കിരീടാവകാശി നിര്‍ദേശിച്ചു. അഴിമതി വിരുദ്ധ കമ്മീഷന്റെ പുതിയ മേധാവിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

സൌദി കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റ ശേഷം ശക്തമായ നടപടിയാണ് അഴിമതിക്കെതിരെ സ്വീകരിക്കുന്നത്. വിവിധ മന്ത്രിമാര്‍ക്കും ഉദ്യേഗസ്ഥര്‍ക്കും ഇതേ തുടര്‍ന്ന് സ്ഥാന ചലനമുണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടി മിക്ക നീക്കങ്ങളും. ഉന്നത തലത്തിലുള്ള അഴിമതി വിരുദ്ധ നീക്കങ്ങള്‍ ലക്ഷ്യം കണ്ടെന്നാണ് വിലയിരുത്തല്‍.

കിരീടാവകാശിയുടെ അഴിമതി വിരുദ്ധ നീക്കം ലോക ശ്രദ്ധ നേടിയിരുന്നു
കിരീടാവകാശിയുടെ അഴിമതി വിരുദ്ധ നീക്കം ലോക ശ്രദ്ധ നേടിയിരുന്നു

ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി നിര്‍മാര്‍ജനമാണ് പുതിയ ലക്ഷ്യം. ഇതിനായുള്ള നിര്‍ദേശം ലഭിച്ചതായി അഴിമതി വിരുദ്ധ കമ്മീഷന്‍ മേധാവിയായി നിയമിതനായ മാസീന്‍ അല്‍ ഖാമൂസ് പറഞ്ഞു. താഴേക്കിടയിലും മധ്യനിലവാരത്തിലുമുള്ള ഉദ്യോഗസ്ഥരിലെ അഴിമതി ഇല്ലാതാക്കലാണ് അടുത്ത പദ്ധതിയെന്ന് കിരീടാവകാശി അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിന് സഹകരിക്കാത്ത ഉദ്യേഗസ്ഥരുടെ പട്ടിക കൈമാറാനും കിരീടാവകാശി നിര്‍ദേശിച്ചിട്ടുണ്ട്.