ഇറാന് പരിധി വിട്ടു പറക്കാന്‍ സൗദി എയര്‍ലൈന്‍സും; ഇന്ത്യയിലേക്ക് വിമാന നിരക്ക് കൂടും
ഇറാനുമായുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് ഹോർമുസ് കടലിടുക്കിനും ഒമാൻ ഉൾക്കടലിനും മുകളിലൂടെ പറക്കേണ്ടതില്ലെന്ന വിമാനക്കമ്പനികളുടെ തീരുമാനം

ഇറാൻ സമുദ്രപരിധിയില്‍ നിന്ന് അകലം പാലിക്കാന്‍ സൗദി എയര്‍ലൈന്‍സ് തീരുമാനിച്ചു. ഇതര സൗദി വിമാനക്കമ്പനികളും ഇതേ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്രാ സമയം കൂടുതലെടുക്കും. ഇതിനനുസരിച്ച് ടിക്കറ്റ് നിരക്കിലും മാറ്റമുണ്ടായേക്കും.
ഇറാനുമായുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് ഹോർമുസ് കടലിടുക്കിനും ഒമാൻ ഉൾക്കടലിനും മുകളിലൂടെ പറക്കേണ്ടതില്ലെന്ന വിമാനക്കമ്പനികളുടെ തീരുമാനം. യു.എസ് വ്യോമയാന ഫെഡറൽ അഡ്മിനിസ്ട്രേഷനാണ് ഇറാന്റെ സമുദ്ര പരിധിയില്‍ നിന്നും അകലം പാലിക്കാന്‍ ഉത്തരവിട്ടത്. ഇതനുസരിച്ച് യു.എസ് വിമാനക്കമ്പനികള്‍ തീരുമാനം പ്രാബല്യത്തിലാക്കി. പിന്നാലെ ചില ഗൾഫ് വിമാന കമ്പനികളും വ്യോമപാതയിൽ മാറ്റം വരുത്തി. യു.എ.ഇ വിമാനക്കമ്പനികളും ഇത് പാലിച്ചു.
ഇതിന് പിന്നാലെയാണ് സൗദി ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സും പുതിയ തീരുമാനമെടുത്തത്. രാജ്യത്തെ ഇതര വിമാനക്കമ്പനികളും ഇറാന് അതിര്‍ത്തിയില്‍ നിന്നും അകലം പാലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കിലും നേരിയ മാറ്റം ഉണ്ടാകും. അധികമായി പറക്കേണ്ടിവരുന്ന സാഹചര്യത്തിലാണിത്. ഇന്ത്യൻ വ്യോമയാന അതോറിറ്റിയും ഇറാന് പരിധി വിട്ടു പറക്കാന്‍ തീരുമാനിച്ചിരുന്നു.