LiveTV

Live

General

സൗദിയില്‍ സ്പോണ്‍സര്‍ വേണ്ടാത്ത പ്രീമിയം ഇഖാമക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി;  ഒരൊറ്റ ക്ലിക്കിലൂടെ ഒരു മാസത്തിനകം കുടുംബ സമേതം സ്ഥിര താമസമാക്കാം

ഇടത്തരം മുതല്‍ വന്‍കിട സംരംഭകര്‍ക്ക് വരെ ഉപകാരമാകും സ്പോണ്‍സറില്ലാ ഇഖാമകള്‍

സൗദിയില്‍ സ്പോണ്‍സര്‍ വേണ്ടാത്ത പ്രീമിയം ഇഖാമക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി;  ഒരൊറ്റ ക്ലിക്കിലൂടെ ഒരു മാസത്തിനകം കുടുംബ സമേതം സ്ഥിര താമസമാക്കാം

സൗദിയില്‍ സ്ഥിര താമസം സാധ്യമാക്കുന്ന പ്രീമിയം ഇഖാമകള്‍ക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഓണ്‍ലൈന്‍ വഴി മൂന്ന് സ്റ്റെപ്പുകളിലൂടെ അപേക്ഷ സമര്‍പ്പിച്ചാല്‍ ഓരോ വര്‍ഷവും പുതുക്കാവുന്ന പ്രീമിയവും ഇഖാമകളും ലഭിക്കും. സ്വദേശികള്‍ക്കുള്ള പ്രധാന ആനുകൂല്യങ്ങളെല്ലാം ഈ താമസരേഖയിലൂടെ വിദേശികള്‍ക്കും ഇതോടെ ലഭ്യമാകും.

ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ഒറ്റ നോട്ടത്തില്‍ 
ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ഒറ്റ നോട്ടത്തില്‍ 

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പ്രീമിയം റസിഡന്‍സി സെന്ററിന് കീഴിലാണ് പദ്ധതി. ഇംഗ്ലീഷിലും അറബിയിലും അപേക്ഷിക്കാം, ഇതിനായി https://saprc.gov.sa എന്ന സൈറ്റില്‍ പ്രവേശിക്കണം. ഇനി മൂന്ന് സ്റ്റെപ്പ് മതി പ്രീമിയം ഇഖാമ ലഭിക്കാന്‍. രജിസ്റ്റര്‍ നൗ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് പേരു വിവരങ്ങളും അക്കൌണ്ടിങ് വിവരങ്ങളും രേഖപ്പെടുത്തുക. ഇതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി.

പരിശോധനക്ക് ശേഷം അര്‍ഹനാണെങ്കില്‍ അക്കാര്യം മെയില്‍ വഴി അറിയിക്കും. ഇതിനു ശേഷം തിരഞ്ഞെടുക്കുന്ന താമസരീതിക്കനുസരിച്ച് ഫീസടക്കാനുള്ള സമയമാണ്. സ്ഥിര താമസമാണെങ്കില്‍ എട്ടു ലക്ഷം റിയാലാണ് ഫീസ്. ഓരോ വര്‍ഷവും പുതുക്കുന്നതാണെങ്കില്‍ ഒരു ലക്ഷവും. എല്ലാ വിവരങ്ങളും വെബ്സൈറ്റില്‍ വിശദമായുണ്ട്. പണമടച്ചു കഴിഞ്ഞാല്‍ നിയമ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ഒരു മാസത്തിനകം ലഭിക്കും സ്ഥിര താമസ രേഖ അഥവാ പ്രീമിയം ഇഖാമകള്‍.

നിബന്ധനകള്‍ ഇവയാണ്
നിബന്ധനകള്‍ ഇവയാണ്

വിദേശികള്‍ക്കുള്ള പ്രീമിയം ഇഖാമകള്‍ക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങിയതോടെ പ്രതീക്ഷയിലാണ് സൗദിയിലെ നിക്ഷേപകര്‍. രാജ്യത്തെ ശരാശരിക്ക് മുകളിലുള്ള സംരംഭകര്‍ക്കെല്ലാം പ്രിമീയം ഇഖാമകള്‍ സ്വന്തമാക്കാം. ക്രിമിനല്‍ കേസില്ലാത്ത മികച്ച വരുമാനക്കാര്‍ക്കും പ്രീമിയം ഇഖാമ ലഭിക്കുന്നതോടെ രാജ്യത്ത് നിക്ഷേപം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സൗദി കിരീടാവകാശി പ്രഖ്യാപിച്ച പദ്ധതികളിലെ സുപ്രധാന ചുവടുവെപ്പാണ് പ്രീമിയം ഇഖാമകള്‍
സൗദി കിരീടാവകാശി പ്രഖ്യാപിച്ച പദ്ധതികളിലെ സുപ്രധാന ചുവടുവെപ്പാണ് പ്രീമിയം ഇഖാമകള്‍

ഇന്ന് മുതല്‍ തുറന്ന പ്രീമിയം ഇഖാമ പോര്‍ട്ടല്‍ വഴി മെച്ചപ്പെട്ട സേവനങ്ങളാകും ഇവ സ്വന്തമാക്കുന്നവര്‍ക്ക് ലഭിക്കുക.

സ്പോണ്‍സറില്ല എന്നതുള്‍പ്പെടെ പ്രധാനപ്പെട്ട ഒമ്പത് ആനുകൂല്യങ്ങളാണിതില്‍ പ്രധാനം. ബന്ധുക്കള്‍ക്ക് ചാര്‍ജൊന്നുമില്ലാതെ വിസകള്‍, വീട്ടു ജോലിക്കാരിയെ റിക്രൂട്ട് ചെയ്യാം, റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപം, മക്കയിലും മദീനയിലും ഭൂമി സ്വന്തമാക്കല്‍, സ്വന്തം പേരില്‍ വാഹനം, സ്വകാര്യ മേഖലയില്‍ പങ്കാളിത്തം, ഇഷ്ടാനുസരണം രാജ്യം വിടാനും വരാനും സ്വാതന്ത്ര്യം, വിമാനത്താവളങ്ങളില്‍ സ്വദേശികള്‍ക്കുള്ള ലൈന്‍ ഉപയോഗപ്പെടുത്തല്‍, വിദേശ നിക്ഷേപകര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ എന്നിവയാണവ.

21 വയസ്സിന് മുകളിലുള്ളവരുടെ അപേക്ഷയാണ് സ്വീകരിക്കുക. ഒപ്പം ആരോഗ്യ, സാമ്പത്തിക റിപ്പോര്‍ട്ടും ക്രിമിനല്‍ കേസില്ലെന്ന രേഖയും വേണം. നിലവില്‍ രാജ്യത്തിനകത്തുള്ളവര്‍ക്കും അപേക്ഷിക്കാം.

പ്രീമിയം ഇഖാമ സംബന്ധിച്ച ചെറുതും വലുതുമായ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം പ്രീമിയം ഇഖാമ സെന്‍ററിലെ ഈ ലിങ്കിലുണ്ട്. ക്ലിക്ക് ചെയ്യൂ: https://saprc.gov.sa/#/faqs