LiveTV

Live

Football

ഇന്ത്യൻ ഫുട്ബോളിലെ ഉദിച്ചുയരുന്ന അഞ്ച് യുവനക്ഷത്രങ്ങൾ

ഐ.എസ്.എൽ 2020-21നെ കുറേക്കൂടി ആഴത്തിൽ പരിശോധിച്ചാൽ ശ്രദ്ധേയമാവുന്നത് ഒരു കൂട്ടം ഇന്ത്യൻ യുവതാരങ്ങളുടെ പ്രകടനമികവുകളാണ്

ഇന്ത്യൻ ഫുട്ബോളിലെ  ഉദിച്ചുയരുന്ന അഞ്ച് യുവനക്ഷത്രങ്ങൾ

പാരസ്പര്യത്തിന്റെയും ഊഷ്മളതയുടെയും ആവേശാഘോഷമായിരുന്ന ഇന്ത്യൻ സൂപ്പർ ഇത്തവണ കോവിഡ് -19ൻറെ ഭാഗമായി നിഷ്‌കർഷിക്കപ്പെട്ട ചിട്ടവട്ടങ്ങളോടെ അടച്ചിട്ട ജൈവകുമിള(ബയോ ബബ്ൾ)കൾക്കുള്ളിലാണ് അരങ്ങേറിയത്. ഈ കോവിഡ് കാലത്ത് ജീവിതം തന്നെ കരുപ്പിടിപ്പിക്കാൻ മനുഷ്യരോടുമ്പോൾ, വിശിഷ്യാ ഇന്ത്യൻ കായികരംഗം അതിഭീകര നിശ്ചലാവസ്ഥയിൽ ആഴ്ന്നു കിടക്കുന്ന സമയത്ത് എഫ്എസ്ഡിഎല്ലിന്റെ അതിധീരമായ ശ്രമമായിരുന്നു ഐ.എസ്.എൽ 2020 -21 സംഘാടനം. ഹോം ആൻറ് എവേ ഘടനയിൽ നടന്നിരുന്ന ലീഗിനെ പൊളിച്ചെഴുതി ഗോവയിലെ മൂന്ന് കാണികളില്ലാവേദികളിലേക്ക് മാത്രമായി ചുരുക്കി, പുതുതായി വന്ന എസ്.സി ഈസ്റ്റ് ബംഗാൾ അടക്കം 11 ടീമുകളെ പങ്കെടുപ്പിച്ച് സാധ്യമായ എല്ലാ സംവിധാനങ്ങളോടെയുമാണ് ലീഗ് സംഘടിപ്പിച്ചത്. കോവിഡ് ഭീതി മൂലം മുന്നൊരുക്കങ്ങൾ കൂടിയും കുറഞ്ഞും എത്തിയ ടീമുകൾ പക്ഷെ ഇതുവരെ ഒരു ഐ.എസ്.എല്ലും സാക്ഷ്യം വഹിക്കാത്ത അത്രയും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഐ.എസ്.എൽ പ്രേമികളുടെ വലിയൊരു ശതമാനം പ്രവചനങ്ങളെയും സാധൂകരിക്കും വിധം ലീഗ് ജേതാക്കളായി മുംബൈ സിറ്റി എഫ്.സിയും രണ്ടാം സ്ഥാനക്കാരായി എ.ടി.കെ മോഹൻ ബഗാനും വന്നു. തൊട്ടടുത്ത സ്ഥാനങ്ങളിലേക്ക് എഫ്.സി ഗോവയും അപ്രതീക്ഷിത മുന്നേറ്റങ്ങളോടെ നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്.സിയും എത്തിച്ചേർന്നു. മഞ്ചസ്റ്റർ സിറ്റിയുമായുള്ള കൈകോർക്കലിലൂടെ ഇന്ത്യൻ ഫുട്‌ബോളിന് പ്രതീക്ഷകളുടെ പുതിയ ചക്രവാളങ്ങൾ തുറന്ന് നൽകിയ മുംബൈ സിറ്റി എഫ്.സിയുടെ തേരോട്ടം ടൂർണമെൻറിലുടനീളം തീർത്തും ആധികാരികമായിരുന്നു. അടുത്ത എഎഫ്.സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യൻ ഫുട്‌ബോളിൻറെ വളർച്ചയുടെ മുദ്ര പതിപ്പിക്കാൻ അവർക്കാവും എന്ന് തന്നെ പ്രതീക്ഷിക്കാം.

ഐ.എസ്.എൽ 2020-21നെ കുറേക്കൂടി ആഴത്തിൽ പരിശോധിച്ചാൽ ശ്രദ്ധേയമാവുന്നത് ഒരു കൂട്ടം ഇന്ത്യൻ യുവതാരങ്ങളുടെ പ്രകടനമികവുകളാണ്. വിദേശതാരങ്ങളുടെ ബാഹുല്യം നമ്മുടെ താരങ്ങളുടെ സാധ്യതകൾക്ക് വിലങ്ങുതടിയാവുന്നുണ്ടോ എന്ന ചർച്ചകളൊക്കെ കേട്ടിരുന്ന മുൻകാലങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു ഈ ഐ.എസ്.എൽ എന്നാണ് വിചാരിക്കുന്നത്. സുനിൽ ഛേത്രിയും മറ്റു പരിചിതമുഖങ്ങളും മുൻ സീസണുകളെ അപേക്ഷിച്ച് പ്രകടനങ്ങളിൽ പിന്നാക്കം പോയ ഒരു സീസൺ കൂടിയായിരുന്ന് ഇത്. നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്.സി, ഹൈദരാബാദ് എഫ്.സി തുടങ്ങിയ ടീമുകളുടെ സ്വപ്‌നസമാനയാത്രയിൽ ഈ ഇന്ത്യൻ യുവതാരങ്ങളുടെ സാന്നിധ്യം വേറിട്ട് നിൽക്കുന്നതായിരുന്നു.

ടീമിൻറെ ആദ്യ ഇലവനിലെ താക്കോൽസ്ഥാനങ്ങളിൽ വിദേശതാരങ്ങളുടെ സാന്നിധ്യം നിർബന്ധിതമാണെന്ന അലിഖിത ബോധ്യങ്ങളിൽ നിന്നും മിക്ക പരിശീലകരും മുക്തരല്ലെങ്കിലും, അതിനെയെല്ലാം മാറ്റിമറിച്ച് തങ്ങളുടെ കളിനൈപുണ്യത്തെ കളത്തിൽ പുറത്തെടുത്ത ഏതാനും ഇന്ത്യൻ യുവപ്രതിഭകളെ നമുക്കൊന്ന് പരിശോധിക്കാം. പ്രസ്തുത കളിക്കാരുടെ തെരെഞ്ഞെടുപ്പ് തീർത്തും വ്യക്തിപരമാണെങ്കിലും വലിയ തർക്കങ്ങൾക്ക് സാധ്യത കുറവാണെന്ന് കരുതുന്നു.

ലാലെങ്മാവിയ അപൂയ റാൽറ്റേ

ഐ.എസ്.എൽ 2020-21ൻറെ എമേർജിങ് പ്ലെയർ ആയി തെരെഞ്ഞെടുക്കുപ്പെട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം. ഒരു പക്ഷെ നമ്മൾ മലയാളി ഫുട്‌ബോൾ ആരാധകരുടെ ഉള്ളിൽ ഈ നാമധേയം കേൾക്കുമ്പോൾ ഓർമ വരുന്ന ആദ്യ ദൃശ്യം ബ്ലാസ്റ്റേഴ്‌സിൻറെ പ്രതിരോധനിരയെ അസ്ത്രപ്രജ്ഞരാക്കി ഗോൾവല കുലുക്കിയ 30വാരയകലെ നിന്നും തൊടുത്ത ആ അത്യുജ്ജ്വല ലോങ് റേഞ്ചർ ആവും. ഗോളിലേക്കെപ്പോഴും കഴുകൻറെ കണ്ണുകളുള്ള ആക്രമണമധ്യനിരക്കാരൻറെ നൈസർഗ്ഗികഗുണങ്ങളുടെ പൂർണ്ണതയായിരുന്നു ആ ഗോളെന്നത് നിസ്തർക്കം.

ഇന്ത്യൻ ഫുട്ബോളിലെ  ഉദിച്ചുയരുന്ന അഞ്ച് യുവനക്ഷത്രങ്ങൾ

2017-ൽ ഇന്ത്യയിൽ നടന്ന കൗമാരലോകകപ്പിൽ ഇന്ത്യൻ മധ്യനിരയുടെ കരുത്തായിരുന്നു ഈ മിസോറാം സ്വദേശി. അക്കാഡമി തലത്തിലും സ്‌കൂൾ തലത്തിലും മിസോറാമിൽ നിറഞ്ഞുകളിച്ച അപൂയ ദേശീയശ്രദ്ധയിലേക്കെത്തുന്നത് 2017-ലോകകപ്പിൽ ഘാനക്കെതിരെ ഇന്ത്യയുടെ ഒരേയൊരു ഓൺ ടാർഗറ്റ് ഷോട് എടുത്തതിലൂടെയാണ്. തുടർച്ചയുള്ള ആ ആത്മവിശ്വാസവും സ്ഥൈര്യവും ധൈര്യവുമാണ് നോർത്തീസ്റ്റ് യുണൈറ്റഡിൻറെ മധ്യനിരയിലേക്കെത്തിച്ചതും സീസണിലെ ആദ്യകോച്ചായിരുന്ന ജെറാർഡ് നസിന് ഐ.എസ്.എൽലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി ഇരുപതുകാരൻ റാൽറ്റെയെ അവരോധിക്കാൻ പ്രേരിപ്പിച്ചതും. ഗോവക്കെതിരെയുള്ള ആ മൽസരത്തിൽ ക്യാപ്റ്റൻസിയുടെ സമ്മർദ്ദത്തെ കളിമികവിലേക്കുള്ള രാസത്വരകമാക്കി മാറ്റിയ അപൂയ കളിയിലെ കേമൻപട്ടവുമായാണ് കളം വിട്ടത്.

ആദ്യസീസണിൽ തന്നെ വ്യത്യസ്ത ശൈലികളുള്ള രണ്ട് കോച്ചസിൻറെ കീഴിലും മാറ്റ് തെളിയിച്ച ഈ മധ്യനിരക്കാരൻ 46 ഇൻറർസെപ്ഷൻസ്, 93 ടാക്ക്ൾസ്, 23 ബ്ലോക്‌സ്, 24 ക്ലിയറൻസുകൾ എന്നിവയോടൊപ്പം 75%ത്തോളം പാസിങ് കൃത്യതയും പ്രകടിപ്പിക്കുകയുണ്ടായി. ഖാലിദ് ജമീലിൻറെ കീഴിൽ അത്ഭുതകരമായ ജൈത്രയാത്രയിലേക്ക് നീങ്ങിയ നോർത്തീസ്റ്റ് യുണൈറ്റഡിൻറെ മധ്യനിരയിൽ ഒരേ സമയം പ്രതിരോധത്തിലും ആക്രമണത്തിലും റാൽറ്റെയുടെ സാന്നിധ്യം അസൂയാവഹമായിരുന്നു. കോച്ചിൻറെ ആവശ്യകതകൾക്കനുസൃതം കളിയുടെ താളവും വേഗവും നിശ്ചയിക്കാൻ പ്രായത്തിൽ കവിഞ്ഞ വിരുതാണ് റാൽറ്റെയുടെ പ്രധാനശക്തി. നൈമിഷികതീരുമാനമെടുപ്പിലും കളിതന്ത്രജ്ഞതയിലും അപൂയയുടെ അവഗാഹവും നൈസർഗ്ഗികനേതൃഗുണവും ലോകകപ്പ് യോഗ്യത റൗണ്ടിലേക്കുള്ള ദേശീയടീമിൻറെ 35 അംഗ സാധ്യതാപ്പട്ടികയിലേക്കും ഈ 'മരിയോ ബലോട്ടെല്ലി' ആരാധകനെ എത്തിച്ചിരിക്കുന്നു.

ജീക്‌സൺ സിങ് ത്വാനോജാം

ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ ഈ പേരിന് ഒരിക്കലും മായ്ക്കാനാവാത്ത ഒരു ചരിത്രമുണ്ട്. ഒരു ഫിഫ ലോകകപ്പ് ടൂർണമെൻറിൽ ഗോൾ നേടിയ ആദ്യ ഇന്ത്യക്കാരനെന്ന അനിഷേധ്യപദവി. ഐ.എസ്.എൽ ഏഴാം സീസണിലും മലയാളി ഫുട്‌ബോൾ ആരാധകർക്ക് മറക്കാനാവാത്ത കളിമികവ് പ്രദർശിപ്പിച്ച താരമാണ് ജീക്‌സൺ സിങ്. ടഇ ഈസ്റ്റ് ബംഗാളിനെതിരെ അവസാനനിമിഷത്തിൽ സഹൽ അബ്ദുൽ സമദിൻറെ തളികയിൽ വെച്ച് നീട്ടിയ പന്തിനെ ഗോളിലേക്ക് തിരിച്ച് വിട്ട ക്രിസ്റ്റൽ ഫിനിഷിങുള്ള ഹെഡ്ഢർ അതിനുത്തമ ഉദാഹരണമാണ്. പ്രതിരോധമധ്യധിരക്കാരനായി ലീഗിൽ മൂന്ന് മാൻ ഓഫ് ദ മാച്ചും നേടാനായത് ഓരോ മാച്ചിലും ജീക്‌സണിൻറെ സ്വാധീനം വിളിച്ചോതുന്നതാണ്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ സഹതാരങ്ങളേക്കാൾ സാങ്കേതികമായി ഏറ്റവും പുരോഗതി ഉണ്ടായ താരമാണ് ജീക്‌സൺ. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് പ്രതിരോധമധ്യനിരക്കാരൻറെ ഉത്തരവാദിത്വങ്ങൾ ഏറ്റവും ആത്മവിശ്വാസത്തോടെ നിറവേറ്റാനായ ഈ 186സെൻറിമീറ്റർ ഉയരമുള്ള ശാരീരികസാന്നിധ്യം നൽകുന്ന ആത്മവിശ്വാസം, വൺ ഓൺ വൺ സന്ദർഭങ്ങളിൽ ആ ശാരീരികമുൻതൂക്കത്തെ ഉപയോഗപ്പെടുത്തി എതിർനീക്കങ്ങളുടെ മുനയൊടിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കുന്നുണ്ട്.

ഇന്ത്യൻ ഫുട്ബോളിലെ  ഉദിച്ചുയരുന്ന അഞ്ച് യുവനക്ഷത്രങ്ങൾ

പിൻവാങ്ങി കളിച്ച് ടീമിൻറെ സന്തുലിതാവസ്ഥയെ നിലനിർത്തുന്നതോടൊപ്പം ക്രിയാത്മകമായ ലോങ്‌ബോളുകളിലൂടെ ആക്രമണത്തെ ത്വരിതപ്പെടുത്താൻ കഴിഞ്ഞെങ്കിലും ലീഗിൻറെ അവസാന പാദങ്ങളിൽ ബകാരി കോനേക്ക് പകരക്കാരനായി കേന്ദ്രപ്രതിരോധഭടനായി മാറിയിരുന്നു ജീക്‌സൺ. ഒരു 'നേച്വറൽ ഡിസ്ട്രക്റ്റീവർ' ആയ അദ്ദേഹത്തിന് പുതിയ സ്ഥാനത്ത് നിലയുറപ്പിക്കാൻ പെട്ടെന്ന് കഴിഞ്ഞെങ്കിലും, ടീമിൻറെ ഘടനക്കും കോച്ചിൻറെ ചോദനകൾക്കും അത് ബലം നൽകിയെങ്കിലും സൃഷ്ടിപരമായി കളത്തിൽ ഒഴിയിടങ്ങൾ കാണാനുള്ള സാധ്യതകളെ ഈ മാറ്റം കുറച്ചുവോ എന്നതിൽ തർക്കമുണ്ടാവാം. എന്നിരുന്നാലും ഓരോ മാച്ചിലും വ്യക്തിഗതമികവിൽ പുരോഗതി കാണിക്കുന്ന ഈ മണിപ്പൂരുകാരൻ വരും കാലങ്ങളിൽ ഇന്ത്യൻ ഫുട്‌ബോളിൻറെ അഭിമാനസ്തംഭമാവും എന്നത് ഉറപ്പാണ്.

ആകാശ് മിശ്ര

പ്രതിരോധത്തിലും ആക്രമണത്തിലും ഒരേ താളമുള്ള ഫുൾബാക്കുകൾക്ക് അടുത്ത കാലത്തൊന്നും ഇന്ത്യൻ ഫുട്‌ബോൾ സാക്ഷിയായിട്ടില്ലെന്ന ഉത്കണ്ഠക്കുള്ള മറുപടിയാണ് ഹൈദരാബാദ് എഫ്.സിയുടെ ലെഫ്റ്റ് ഫുൾബാക്ക് ആകാശ് മിശ്ര. 19ാം വയസ്സിൽ ആദ്യസീസണിൽ തന്നെ ഒരു ടീമിൻറെ എല്ലാ മാച്ചുകളിലും കളിച്ച ഈ ഉത്തർപ്രദേശുകാരൻ ഇന്ത്യൻ ആരോസ് പ്രൊജക്റ്റിലൂടെയാണ് പ്രൊഫഷണൽ ഫുട്‌ബോൾ ലോകത്തെത്തുന്നത്. 2019-ൽ ബംഗ്ലാദേശിൽ നടന്ന സാഫ് കപ്പ് അണ്ടർ 18 ടൂർണമെൻറിൽ 2 ഗോളുകളക്കം സ്വന്തമായുള്ള ഈ യുവതാരം ലോകകപ്പ് യോഗ്യത റൗണ്ടിനുള്ള 35-അംഗ സാധ്യതടീമിലും ഇടം നേടിക്കഴിഞ്ഞു.

ഇന്ത്യൻ ഫുട്ബോളിലെ  ഉദിച്ചുയരുന്ന അഞ്ച് യുവനക്ഷത്രങ്ങൾ

ഒരു പ്രതിരോധഭടൻറെ പ്രാഥമികകർത്തവ്യങ്ങൾ ഏറ്റവും ശാന്തതയോടെ നിർവഹിക്കാനാവുന്ന ആകാശ്, ഐ.എസ്.എൽ ഏഴാം സീസണിൽ ഹൈദരാബാദ് എഫ്.സിയുടെ ആക്രമണങ്ങളുടെയും നെടുംതൂണായി മാറുന്ന കാഴ്ചയും ഒരു ഇന്ത്യൻ ഫുട്‌ബോൾ ആരാധകന് പ്രതീക്ഷ നൽകുന്നതാണ്. പന്തിന് മേലുള്ള നിയന്ത്രണം, സമ്മർദ്ദനിമിഷങ്ങളിലും സഹതാരങ്ങളെ കാണാനുള്ള ദൃഷ്ടികൂർമ്മത, വേഗത, ഏരിയൽ എബിലിറ്റി തുടങ്ങിയ കഴിവുകൾക്കപ്പുറം മികച്ച ഡ്രിബ്ലിങ് കപ്പാസിറ്റിയും , കൃത്യതയുള്ള ബോൾ ഡെലിവറികളും ഈ ഹൈദരാബാദ് പ്രതിരോധക്കാരനെ വേറിട്ട് നിർത്തുന്നു. 78 ശതമാനത്തോളം പാസിങ് കൃത്യതയുള്ള, ഏറ്റവും കുറവ് പ്രതിരോധപിഴവുകളുള്ള, പ്രായച്ചെറുപ്പത്തിൻറെ ഊർജ്ജപ്രസരിപ്പിനൊപ്പം പക്വതയും കളിധിഷണയും ഒത്തൊരുമിച്ച ആകാശ് മിശ്ര വരും കാലങ്ങളിലെ ഇന്ത്യൻ പ്രതിരോധത്തിൻറെ ഇടത്തേയറ്റത്ത് തൻറെ ഇരിപ്പിടം ഉറപ്പാക്കിക്കഴിഞ്ഞു.

ബിപിൻ സിങ്

ഒരു കളിക്കാരൻറെ ഏറ്റവും മികച്ച പ്രകടനം പുറത്ത് വരുന്നതിൽ പ്രധാനഘടകം സഹകളിക്കാരും കോച്ചും അയാളിലെ അന്തർലീനമായ സ്രോതസ്സുകളെ എത്ര നന്നായി ഉപയോഗിക്കുന്നു എന്നതാണെന്നാണ് വ്യക്തിപരമായ ചിന്ത. അതിന് ഉത്തമ ഉദാഹരണമാണ് മുംബൈ സിറ്റി എഫ്.സിയുടെ ബിപിൻ സിങ്. 2012- ഐലീഗിൽ ഷില്ലോങ് ലജോങ് എഫ് സിക്ക് കളിച്ച് തുടങ്ങി എ.ടി.കെയിലൂടെ മുംബൈ സിറ്റിയിലെത്തി ഈ മൂന്നാം സീസണിലാണ് അയാളിലെ അസാധ്യമായ ഗോൾവയലൻസിനെ നമുക്ക് കാണാനായത്. ബോമസും, ജാഹുവും, ലെ ഫോണ്ട്രേയും നിറഞ്ഞ് നിന്ന മുംബൈ സിറ്റി എഫ്.സിയുടെ ഏറ്റവും വിനാശകാരിയായ ആക്രമണങ്ങൾ അഴിച്ചുവിട്ടത് ഐ.എസ്.എൽ ഏഴാം സീസണിൽ ബിപിൻ സിങായിരുന്നു. അതിൻറെ തിലകക്കുറിയായിരുന്നു ഫൈനലിൽ അവസാനനിമിഷം നേടിയ ഫലം നിർണയിച്ച ആ ഗോൾ.

ഇന്ത്യൻ ഫുട്ബോളിലെ  ഉദിച്ചുയരുന്ന അഞ്ച് യുവനക്ഷത്രങ്ങൾ

ഐ.എസ്.എൽ ഏഴാം സീസണിൽ ഒരു ഹാട്രിക്കടക്കം 6 ഗോളുകളും 4 അസിസ്റ്റുകളും കൊണ്ട് മാത്രം അളക്കേണ്ടതല്ല മുംബൈ സിറ്റിയുടെ അഭൂതപൂർവമായ മുന്നേറ്റത്തിൽ ഈ മണിപ്പൂകാരൻറെ ഭാഗധേയം. സാങ്കേതികത്തികവിലും, അനുപമവേഗതയിലും, ഇരുപാദങ്ങളുടെ തുല്യഉപയോഗസാധ്യതയിലും ഈ വന്യപ്രതിഭയെ ഏറ്റവും നന്നായി ഉപയോഗിക്കാനായത് ലൊബേറോ എന്ന കേളീതന്ത്രജ്ഞൻറെ ഈ സീസണിലെ ഏറ്റവും വലിയ നേട്ടമായി കാണാം. പാർശ്വങ്ങളിലൂടെ വിശിഷ്യാ ഇടത് വശത്തിലൂടെ വേഗമേറിയ നീക്കങ്ങൾ നടത്തുന്നതോടൊപ്പം ഡെലിവറി ബോളുകൾക്ക് അറ്റാക്കിങ് തേർഡിൽ അവിശ്വസനീയമാം വിധം തൻറെ സാന്നിധ്യം ഉറപ്പ് വരുത്താനും പദ്ധതികൾക്കനുസൃതമായി അപ്രതീക്ഷിതറണ്ണുകളിലൂടെ എതിർനിരയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനും ബിപിന് സാധ്യമാവുന്നുണ്ട്. വൈകിയെങ്കിലും ദേശീയടീമിൻറെ പടിവാതിലിലെത്തിയ ബിപിൻ ഇഗോർ സ്റ്റിമാകിൻറെ ആക്രമണപദ്ധതികൾക്ക് മൂർച്ഛ കൂട്ടും എന്നുറപ്പിക്കാം.

മുഹമ്മദ് യാസിർ

ഏതൊരു ക്ലബും കൊതിക്കുന്ന സ്വപ്‌നസമാനനേട്ടമാണ് ഹൈദരാബാദ് എഫ്.സിക്ക് ഐ.എസ്.എൽ 2020 -21ൽ നേടാനായത്. ക്ലബിലെ ആറ് താരങ്ങളാണ് ദേശീയടീം സാധ്യതാലിസ്റ്റിൽ ഇടം പിടിച്ചത്. അതിൽ പ്രധാനിയാണ് മുഹമ്മദ് യാസിർ എന്ന 22കാരനായ മധ്യനിരതാരം. ആക്രമണത്തിലും പ്രതിരോധത്തിലും ബോക്‌സ് ടു ബോക്‌സ് മേഖലകളിൽ ഹൈദരാബാദ് കോച്ച് മനോലോ മാർക്വേസിൻറെ പദ്ധതികൾക്ക് വൈവിധ്യം കൊണ്ട് വരാൻ മുഹമ്മദ് യാസിറിൻറെ സാന്നിധ്യം സഹായകമായി എന്നതിന് ഏഴാം സീസൺ നേർസാക്ഷ്യം വഹിച്ചു. വേഗതയും ഡ്രിബ്ലിങ് കപ്പാസിറ്റിയും കൈമുതലായുള്ള ഈ മണിപ്പൂരുകാരൻറെ ഏറ്റവും മികച്ച ഗുണമേന്മയെന്നത് ഏത് പൊസിഷനിലും എത്രയും വേഗം അനുരൂപപ്പെടാനുള്ള കഴിവാണ്. കഴിഞ്ഞ സീസണിൽ വിങ്ങറായും ഫുൾ ബാക്കായും പരീക്ഷിക്കപ്പെട്ട യാസിർ ഈ സീസണിൽ ആക്രമണമധ്യനിരക്കാരനെന്ന തൻറെ പാത്രധർമ്മത്തെ ഏറ്റവും മികച്ചതാക്കി കെട്ടിയാടി.

ഇന്ത്യൻ ഫുട്ബോളിലെ  ഉദിച്ചുയരുന്ന അഞ്ച് യുവനക്ഷത്രങ്ങൾ

സീസണിൽ തൻറെ പേരിൽ ഗോളുകളൊന്നും രേഖപ്പെടുത്താനായില്ലെങ്കിലും 2 അസിസ്റ്റുകൾ മാത്രമേയുള്ളൂവെന്നതൊന്നും യാസിർ മൈതാനത്ത് സൃഷ്ടിച്ച പ്രഭാവത്തെ അടയാളപ്പെടുത്താനാവുന്നതല്ലെന്ന് ഹൈദരാബാദ് എഫ്.സിയുടെ മൽസരങ്ങൾ വീക്ഷിച്ച ഏതൊരു കളിയാരാധകനും വിലയിരുത്തും. 55%നടുത്ത് പാസിങ് കൃത്യതയും 43 ടാക്ക്ൾസ്, 13 ഇടപെടലുകൾ, 5 ബ്ലോക്കുകൾ എന്നിവയടക്കം സമഗ്രതയുള്ള ഒരു ആക്രമണമധ്യനിരക്കാരൻറെ കർത്തവ്യം ഈ പുനെ സിറ്റി എഫ്.സി മുൻതാരം നിർവഹിച്ചിട്ടുണ്ട്. ഇഗോർ സ്റ്റിമാകിൻറെ 35അംഗ സാധ്യതാലിസ്റ്റിൽ പ്രസ്തുത പൊസിഷനിൽ സ്ഥാനലബ്ധിക്കായി ഏറ്റവുമധികം മൽസരം ഉണ്ടാവുമെങ്കിലും ഈ സീസണിലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയാൽ മുഹമ്മദ് യാസിറിന് അവസാന 28ലേക്ക് സാധ്യതയേറെയാണ്.

ഐ.എസ്.എൽ 2020 -21ലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തി വരും കാലങ്ങളിൽ ഇന്ത്യൻ ഫുട്‌ബോളിൽ ഏറ്റവും സ്വാധീനമുണ്ടാക്കിയേക്കുമെന്നുറപ്പുള്ള വെറും അഞ്ച് യുവതാരങ്ങൾ മാത്രമാണിത്. പക്ഷെ ഇതേയളവിൽ തന്നെ വിവിധ സ്ഥാനങ്ങളിൽ മാറ്റ് തെളിയിച്ച ഒരു കൂട്ടം കളിക്കാർ പുറത്തുണ്ട്.. മുംബൈ സിറ്റി എഫ്.സിയുടെ റെയ്‌ന്യർ ഫെർണാണ്ടസ്, വിഘ്‌നേഷ്, അമെയ് റെനവാഡെ, എഫ്.സി ഗോവയുടെ ഇഷാൻ പണ്ഡിത, ഗോൾകീപ്പർ നവാസ്, ധീരജ്, സാവിയർ ഗാമ, ഹൈദരാബാദ് എഫ്.സിയുടെ ആഷിഷ് റായ്, ചിങ്‌ലെൻസന സിങ്, ഹിതേഷ് ശർമ, ലിസ്റ്റൺ കൊളാകോ, കേരള ബ്ലാസ്റ്റേഴ്‌സിൻറെ രാഹുൽ കെ.പി, സന്ദീപ് സിങ് , ചെന്നൈയ്ൻ എഫ്.സിയുടെ ലാലിൻസുവാല ചാങ്‌തേ, ജംഷഡ്പൂർ എഫ്.സിയുടെ അനികേത്, മൊബഷിർ റഹ്‌മാൻ തുടങ്ങി ഒരു വൻയുവനിര തന്നെ വരും സീസണുകളിൽ ഇന്ത്യൻഫുട്‌ബോൾ മൈതാനങ്ങളെ തീപ്പിടിപ്പിക്കാൻ തയ്യാറായി നിൽക്കുന്നു എന്നത് ശുഭോദർക്കമാണ്.

ഐ.എസ്.എല്ലിന്റെ വരവോടെ പ്രൊഫഷണലിസം മറനീക്കി ഇന്ത്യൻ ഫുട്‌ബോളിലേക്കെത്തിയെങ്കിലും ഫുട്‌ബോൾ ഡെവലപ്‌മെൻറിൽ ക്രിയാത്മകമായ മാറ്റങ്ങളിലേക്കൊന്നും വല്ലാതെ കൈ എത്തിയിട്ടില്ലെന്നാണ് കരുതുന്നത്. പല പ്രമുഖ ക്ലബുകളിലും വ്യവസ്ഥാനുസൃതമായ ഘടനാരൂപത്തിലുള്ള വളർച്ചക്കാവശ്യമായ പല നടപടിക്രമങ്ങളും കൃത്യമായി സംഭവിക്കുന്നില്ലെന്ന പരാതികളുണ്ട്.. കായികവികസനം എന്നത് കളിക്കാരും അതോടൊപ്പം ക്ലബുകളും ക്രമാനുഗതമായി വളരുന്ന ഒരു ആവാസവ്യവസ്ഥയുടെ സാംസ്‌കാരികപരവുമായ സംസ്ഥാപനമാണ്. അതിലേക്ക് നമ്മളിനിയും നടന്നടുക്കേണ്ടതുണ്ട്.. അസംസ്‌കൃതവിഭവങ്ങൾ നമുക്കുണ്ട്, ഇനി വേണ്ടത് ഇച്ഛാശക്തിയുള്ള അധികൃതവിഭാഗവും അന്തരീക്ഷവുമാണ്. ആ സ്വപ്‌നസാക്ഷാത്കാരത്തിനായി പ്രത്യാശയോടെ കാത്തിരിക്കാം .