LiveTV

Live

Football

ഇതിഹാസം തീർത്ത് ക്രിസ്റ്റ്യാനോ; പെലെയെ മറികടന്നത് രാജകീയമായി

അഞ്ച് ബാളൻ ഡോർ പുരസ്‌കാരവും ദേശീയ ടീമിനു വേണ്ടി ഒരു യൂറോ കപ്പും ഒരു യൂറോ നാഷൻസ് ലീഗ് കിരീടവും സ്വന്തം പേരിലുള്ള ക്രിസ്റ്റ്യാനോ ക്ലബ്ബുകൾക്കും രാജ്യത്തിനും വേണ്ടി ഒരേ മികവാണ് പുറത്തെടുക്കുന്നത്.

ഇതിഹാസം തീർത്ത് ക്രിസ്റ്റ്യാനോ; പെലെയെ മറികടന്നത് രാജകീയമായി

സീരി എയിലെ തകർപ്പൻ ഹാട്രിക്കോടെ ബ്രസീലിയൻ ഇതിഹാസ താരം പെലെയുടെ ഗോൾ റെക്കോർഡ് മറികടന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ. കാലിയാരിക്കെതിരായ എവേ മത്സരത്തിൽ 10, 25, 32 മിനുട്ടുകളിൽ പന്ത് വലയിലെത്തിച്ചാണ് ഏറ്റവും കൂടുതൽ ഒഫീഷ്യൽ ഗോളുകൾ എന്ന റെക്കോർഡ് പോർച്ചുഗീസ് താരം സ്വന്തം പേരിലാക്കിയത്.

പത്താം മിനുട്ടിൽ ഹുവാൻ ക്വഡ്രാഡോയുടെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ വലകുലുക്കിയ ഏഴാം നമ്പർ താരം 25-ാം മിനുട്ടിൽ സ്വയം സമ്പാദിച്ച പെനാൽട്ടി കിക്ക് വലതുകാൽ കൊണ്ട് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 32-ാം മിനുട്ടിൽ ഫ്രെഡറികോ കീസയുടെ അസിസ്റ്റിൽ ഇടതുകാൽ കൊണ്ടും വലകുലുക്കിയ താരം കരിയറിലെ 57-ാം ഹാട്രിക്കാണ് സ്വന്തമാക്കിയത്. സീരി എ ടോപ് സ്‌കോറർമാരിൽ 23 ഗോളോടെ ഒന്നാം സ്ഥാനത്ത് തുടരാനും താരത്തിന് കഴിഞ്ഞു.

മത്സരശേഷം പെലെയുടെ റെക്കോർഡ് മറികടന്ന കാര്യം ക്രിസ്റ്റിയാനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അഭിമാന നിമിഷം

'പെലെയോട് എക്കാലവും ഉപാധികളില്ലാത്ത ആദരവാണ് എനിക്കുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ഫുട്‌ബോളിനോടും എനിക്ക് അതിയായ ബഹുമാനമാണ്. സാവോപോളോ സ്‌റ്റേറ്റ് ടീമിനു വേണ്ടി പെലെ നേടിയ 9 ഗോളുകളും ബ്രസീലിയൻ മിലിട്ടറി ടീമിനു വേണ്ടി നേടിയ ഒരു ഗോളും ഔദ്യോഗിക ഗോളുകളായി കണക്കാക്കുമ്പോൾ 767 ഗോളുകൾ അദ്ദേഹം നേടിയെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.' അതിനു ശേഷം ലോകം ഏറെ മാറി, ഫുട്‌ബോൾ ലോകവും. എന്നു കരുതി നമുക്ക്, നമ്മുടെ ഇഷ്ടത്തിന് ചരിത്രത്തെ മായ്ച്ചു കളയാനാവില്ല. - ക്രിസ്റ്റ്യാനോ പറയുന്നു.

'ഇന്ന്, ഞാൻ പ്രൊഫഷണൽ കരിയറിലെ 770-ാമത്തെ ഗോൾ സ്വന്തമാക്കി. എനിക്കാദ്യം സംസാരിക്കാനുള്ളത് പെലെയെക്കുറിച്ചാണ്. വളർന്നുവരുമ്പോൾ പെലെയുടെ കളിയെക്കുറിച്ചും ഗോളുകളെയും നേട്ടങ്ങളെയും കുറിച്ച് കേൾക്കാത്ത ഒരു കളിക്കാരനും ലോകത്തുണ്ടാവില്ല. ഞാനും അങ്ങനെ തന്നെ. അതുകൊണ്ട്, പെലെയുടെ റെക്കോർഡ് മറികടന്ന് ലോകത്തിലെ ഗോൾ സ്‌കോറിങ് ലിസ്റ്റിലെ മുകളിലെത്തുന്നതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. മെദീരയിൽ ബാല്യകാലം ചെലവഴിച്ച ഞാൻ ഒരിക്കലും സ്വപ്‌നം കാണാത്ത നേട്ടമായിരുന്നു ഇത്.' -
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ.

'അത്ഭുതകരമായ ഈ യാത്രയിൽ എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി. എന്റെ ടീംമേറ്റുകൾക്ക്, എതിർടീം കളിക്കാർക്ക്, ലോകമെങ്ങുമുള്ള ഈ മനോഹര ഗെയിമിന്റെ ആരാധകർക്ക്. എല്ലാത്തിനുമുപരി എന്റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും. നിങ്ങളില്ലാതെ എനിക്കിത് കഴിയുമായിരുന്നില്ല എന്ന് ഞാൻ പറയുന്നത് സത്യമാണ്.'

ഇതിഹാസം തീർത്ത് ക്രിസ്റ്റ്യാനോ; പെലെയെ മറികടന്നത് രാജകീയമായി

'അടുത്ത ഗെയിമുകൾക്കും വെല്ലുവിളികൾക്കും വേണ്ടി എനിക്ക് കാത്തിരിക്കാൻ വയ്യ. പുതിയ റെക്കോർഡുകൾക്കും ട്രോഫികൾക്കും വേണ്ടി. എന്നെ വിശ്വസിക്കൂ... ഈ കഥ അവസാനിക്കാൻ ഇനിയും ഏറെ സമയമെടുക്കും. ഭാവി നാളെയാണ്. യുവന്റസിനും പോർച്ചുഗലിനും വേണ്ടി നേടാൻ എന്റെ മുന്നിൽ ഇനിയുമേറെയുണ്ട്.'

തകരുന്ന റെക്കോർഡുകൾ

1958, 1962, 1970 ലോകകപ്പുകൾ ബ്രസീലിന് നേടിക്കൊടുത്ത പെലെ, തന്റെ പേരിൽ 1283 ഗോളുകളുണ്ടെന്ന് ഈയിടെ ഇൻസ്റ്റഗ്രാമിലൂടെ അവകാശപ്പെട്ടിരുന്നു. സാന്റോസ് ക്ലബ്ബിനു വേണ്ടി കളിച്ച പെലെയ്ക്കും മറ്റൊരു ബ്രസീൽ താരമായ റൊമാരിയോക്കും 1000-ലധികം കരിയർ ഗോളുകളുണ്ടെന്നാണ് കണക്ക്. എന്നാൽ, അവയിൽ പലതും അമേച്വർ, അൺ ഒഫീഷ്യൽ, ഫ്രണ്ട്‌ലി മത്സരങ്ങളിൽ നേടിയവയാണ്. ഔദ്യോഗിക മത്സരങ്ങളിലെ ഗോൾ കണക്കു വെച്ചാണ് പെലെയുടെ ഗോൾ സമ്പാദ്യം 767 ആണെന്ന് തിട്ടപ്പെടുത്തിയത്.

നേരത്തെ, 1931-1955 കാലയളവിൽ കളിച്ച ഓസ്‌ട്രോ - ചെക്ക് സ്‌ട്രൈക്കർ ജോസഫ് ബിക്കാന്റെ 760 ഗോൾ എന്ന റെക്കോർഡ് ക്രിസ്റ്റിയാനോ മറികടന്നപ്പോഴും വിവാദമുയർന്നിരുന്നു. ബിക്കാന്റെ സമ്പാദ്യം 760 അല്ല 821 ഗോളുകളാണെന്നും ചെക്ക് റിപ്പബ്ലിക്ക് ഫുട്‌ബോൾ അസോസിയേഷൻ അവകാശപ്പെട്ടിരുന്നു. ചെക്ക് എഫ്.എയുടെ ഹിസ്റ്ററി ആന്റ് സ്റ്റാറ്റിറ്റിക്‌സ് കമ്മിറ്റി നടത്തിയ പരിശോധനയിൽ ജോസഫ് ബിക്കാന്റെ ഔദ്യോഗിക ഗോളുകളുടെ എണ്ണം 821 ആണെന്ന് കണ്ടെത്തിയതായി അവർ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

പ്രതിസന്ധികൾക്കിടയിൽ

2002-ൽ സ്‌പോർട്ടിങ് ലിസ്ബണിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ, തന്റെ കരിയറിലെ വലിയൊരു പ്രതിസന്ധി മുഖത്ത് നിൽക്കുമ്പോഴാണ് വിമർശകരുടെ വായടച്ചു കൊണ്ടുള്ള ഹാട്രിക്കിലൂടെ റെക്കോർഡ് നേട്ടത്തിലെത്തിയത്. 2018-ൽ റയൽ മാഡ്രിഡിൽ നിന്ന് ക്രിസ്റ്റ്യാനോ വന്ന ശേഷം തുടർച്ചയായ മൂന്ന് സീസണുകളിൽ യുവന്റസിന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനപ്പുറം പോകാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞയാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ടീം പുറത്തായതോടെ വൻ വിമർശനമാണ് താരം നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെ, ക്രിസ്റ്റ്യാനോയെ വിറ്റൊഴിക്കാൻ യുവന്റസ് ഒരുങ്ങുന്നതായും താരത്തിന്റെ ഏജന്റ് റയൽ മാഡ്രിഡുമായി ചർച്ച തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

സമകാലീനനായ അർജന്റീനാ താരം ലയണൽ മെസ്സിക്കൊപ്പം ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളായാണ് 36-കാരനായ ക്രിസ്റ്റ്യാനോയെ ഫുട്ബോള്‍ ലോകം കണക്കാക്കുന്നത്. അഞ്ച് ബാളൻ ഡോർ പുരസ്‌കാരവും ദേശീയ ടീമിനു വേണ്ടി ഒരു യൂറോ കപ്പും ഒരു യൂറോ നാഷൻസ് ലീഗ് കിരീടവും സ്വന്തം പേരിലുള്ള ക്രിസ്റ്റ്യാനോ താൻ കളിച്ച ക്ലബ്ബുകൾക്കും രാജ്യത്തിനും വേണ്ടി ഒരേ മികവാണ് പുറത്തെടുക്കുന്നത്.

സ്‌പോർട്ടിങ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ടീമുകൾക്കു വേണ്ടി ബൂട്ടുകെട്ടിയ താരത്തെ സ്വന്തമാക്കാൻ നിലവിൽ റയലും ഫ്രഞ്ച് ഭീമന്മാരായ പി.എസ്.ജിയും ശ്രമം നടത്തുന്നുണ്ട്. ഫോർബ്‌സിന്റെ കണക്കു പ്രകാരം ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഫുട്‌ബോൾ താരമായ ക്രിസ്റ്റിയാനോ 100 കോടി ഡോളർ സമ്പാദിക്കുന്ന ആദ്യത്തെ ഫുട്‌ബോൾ താരവുമാണ്.