18 മിനിറ്റിനിടെ ബാഴ്സ നേടിയത് അഞ്ചു ഗോളുകൾ; ഗ്രനഡയ്ക്കെതിരെ തകർപ്പൻ ജയം- കംബാക്ക് കിങ്സ്
ബാഴ്സക്കായി ആന്റോണിയോ ഗ്രീസ്മാനും ജോർദി ആൽബയും ഇരട്ടഗോൾ നേടി

ക്ലബ് ഫുട്ബോളിലെ ഏറ്റവും മനോഹരമായ തിരിച്ചുവരവുകളിലൊന്നിൽ ഗ്രനഡയെ മൂന്നിനെതിരെ അഞ്ചു ഗോളിന് കീഴ്പ്പെടുത്തി ബാഴ്സലോണ. കോപ്പ ഡൽ റേ ക്വാർട്ടർ ഫൈനലിലാണ് ബാഴ്സ സ്വപ്നതുല്യമായ തിരിച്ചുവരവ് നടത്തി വിജയം പിടിച്ചെടുത്തത്. പതിനെട്ടു മിനിറ്റിനിടെയാണ് ബാഴ്സ അഞ്ചു ഗോളുകൾ അടിച്ചു കൂട്ടിയത്.
ബാഴ്സക്കായി ആന്റോണിയോ ഗ്രീസ്മാനും ജോർദി ആൽബയും ഇരട്ടഗോൾ നേടി. ഗ്രീസ്മാൻ രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഡെജോങ്ങാണ് മറ്റൊരു ഗോൾ സ്കോറർ. ഗ്രനഡയ്ക്കായി കെനഡി, റോബർട്ടോ സോൽഡാഡോ, ഫെഡെ വികോ എന്നിവരാണ് ഗോൾ നേടിയത്.
33-ാം മിനിറ്റിൽ ബാഴ്സ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് കെനഡിയാണ് ഗ്രനഡയ്ക്കായി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ കൗണ്ടർ അറ്റാക്കിൽ നിന്ന് സോൽഡാഡോ രണ്ടാം ഗോളും സ്വന്തമാക്കി.
രണ്ടാം പകുതിയുടെ അവസാനത്തിൽ ഗ്രനഡ ഗോൾ മുഖം വിറപ്പിച്ച ബാഴ്സയ്ക്ക് ഗോൾ മാത്രം കണ്ടെത്താനായില്ല. മൂന്ന് തവണയാണ് ബാഴ്സ താരങ്ങൾ തൊടുത്ത ഷോട്ടുകൾ ക്രോസ് ബാറിൽ തട്ടി തിരികെയെത്തിയത്.
എന്നാൽ 88-ാം മിനിറ്റിൽ ഗ്രീസ്മാൻ ഗോൾക്ഷാമത്തിന് അറുതി വരുത്തി. വലതു ഭാഗത്ത് നിന്ന് മെസ്സി ഉയർത്തി നൽകിയ ക്രോസിൽ അസാധ്യ ആംഗിളിൽ നിന്നാണ് ഗ്രീസ്മാൻ പന്ത് വലയിലെത്തിച്ചത്. ബാറിലും പിന്നീട് ഗോൾകീപ്പറുടെ കാലിലും തട്ടിയാണ് പന്ത് വലയിൽക്കയറിയത്. സ്കോർ 2-1.
90-ാം മിനിറ്റിൽ മെസ്സിയുടെ കിടിലൻ കിക്ക് ക്രോസ്ബാറിൽ തട്ടി തിരിച്ചു വന്നു. കളിയുടെ 92-ാം മിനിറ്റിൽ ഒന്നാം ഗോളിന്റെ ആവർത്തനം. സെക്കൻഡ് പോസ്റ്റിലേക്ക് മെസ്സി ഉയർത്തി നൽകിയ ക്രോസ് ഗ്രീസ്മാൻ തല കൊണ്ട് ആൽബയ്ക്ക് മറിച്ചു നൽകി. പന്ത് ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ വലയിൽ. സ്കോർ 2-2.
എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ നൂറാം മിനിറ്റിൽ വീണ്ടും ഗ്രീസ്മാൻ ഗോൾ. ആൽബയുടെ പാസിൽ മൂന്ന് പ്രതിരോധ നിരക്കാർക്ക് മുകളിലൂടെ ഉയർന്നു ചാടി ഗ്രീസ്മാന്റെ ഹെഡർ. സ്കോർ 2-3.
103-ാം മിനിറ്റിൽ ഗ്രനഡ തിരിച്ചുവന്നു. ഗ്രനഡയ്ക്ക് ലഭിച്ച പെനാൽറ്റി വികോ ലക്ഷ്യത്തിലെത്തിച്ചതോടെ സ്കോർ വീണ്ടും തുല്യനിലയിലായി. എന്നാൽ 108-ാം മിനിറ്റിൽ ബാഴ്സ വീണ്ടും സ്കോർ ചെയ്തു. മെസ്സിയുടെ റീബൗണ്ട് പിടിച്ചെടുത്ത ഡെജോങാണ് ഗോൾ നേടിയത്. സ്കോർ 4-3.
113-ാം മിനിറ്റിൽ ഗ്രീസ്മാന്റെ പാസിൽ നിന്ന് തകർപ്പൻ വോളി തൊടുത്ത് ആൽബ ഗോൾപട്ടിക പൂർത്തിയാക്കി.
കളിയിലാകെ 36 ഷോട്ടുകളാണ് ബാഴ്സ താരങ്ങൾ ഗ്രനഡയുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ മൂന്നു തവണ ക്രോസ് ബാറാണ് വിലങ്ങുതടിയായത്. ഗ്രനഡയ്ക്ക് ഏഴു തവണ മാത്രമാണ് ഷോട്ടുതിർക്കാനായത്. ബാഴ്സ 1061 പാസുകൾ വിജയകരമായി പൂർത്തിയാക്കിയപ്പോൾ ഗ്രനഡയുടേത് 294 മാത്രം. 18 കോർണറുകളാണ് ബാഴ്സ നേടിയെടുത്തത്.