'ഞാൻ ക്ലോപ്പിന്റെ കൂട്ടുകാരനല്ല'; ഗ്രൗണ്ടിൽ ഏറ്റുമുട്ടുന്നതിന് മുമ്പ് മൗറിഞ്ഞോ
നിലവില്‍ 34 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍

ലിവര്‍പൂള്‍ മാനേജര്‍ ക്ലോപ്പ് തന്റെ കൂട്ടുകാരനല്ലെന്നും എന്നാല്‍ താന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും ടോട്ടനം മാനേജര്‍ ജോസ് മൗറീഞ്ഞോ. ഇന്ന് രാത്രി ലിവര്‍പൂളും ടോട്ടനവും ഏറ്റുമുട്ടാനിരിക്കെയാണ് മൗറിഞ്ഞോയുടെ പ്രതികരണം. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് മാനേജര്‍മാരാണ് ഇന്ന് രാത്രി കളത്തില്‍ ഏറ്റുമുട്ടാനിരിക്കുന്നത്.
''ഞാന്‍ ക്ലോപ്പിന്റെ കൂട്ടുകാരനല്ല, ഞാന്‍ നീണ്ടകാലം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചിട്ടില്ല. മത്സരത്തിന്റെ മുമ്പും ശേഷവുമുള്ള അഞ്ച് മിനിറ്റ് ബന്ധം മാത്രമാണ് അദ്ദേഹത്തോടൊപ്പം എനിക്ക് ഉള്ളൂ. അദ്ദേഹത്തെപറ്റി എനിക്ക് പറയാനാവുന്നത്, എന്റെ കൂടെ ജോലിചെയ്യുന്നയാളാണെന്ന് മാത്രമാണ്, എന്നാല്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു, എനിക്ക് അദ്ദേഹവുമായി യാതൊരു പ്രശ്നവുമില്ല'' മൗറീഞ്ഞോ പറഞ്ഞു. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഇന്ന് രാത്രി ഇന്ത്യന്‍ സമയം 1:30നാണ് ടോട്ടനത്തെ നേരിടുന്നത്.
നിലവില്‍ 34 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍. 33 പോയന്റുമായി ആറാം സ്ഥാനത്ത് ടോട്ടനവുമുണ്ട്. ഇന്ന് ജയിച്ചാല്‍ ടോട്ടനത്തിന് ലിവര്‍പൂളിനെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാം. ലിവര്‍പൂള്‍ ജയിച്ചാല്‍ വെസ്റ്റ് ഹാമിനെ പിന്നിലാക്കി നാലാം സ്ഥാനവും പിടിക്കാം. വാശിയേറിയ പോരാട്ടത്തിനാവും ഇന്ന് ഇംഗ്ലീഷ് മണ്ണ് സാക്ഷ്യം വഹിക്കുക.