ഫ്രാങ്ക് ലംപാര്‍ഡിനെ ചെല്‍സി മാനേജര്‍ സ്ഥാനത്ത് നിന്നും നീക്കി
നിലവില്‍ പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ചെല്‍സി

ഫ്രാങ്ക് ലംപാര്‍ഡിനെ ചെല്‍സി മാനേജര്‍ സ്ഥാനത്ത് നിന്നും പുറത്താക്കി. ക്ലബ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ പി.എസ്.ജി മാനേജര്‍ തോമസ് ടച്ചല്‍ മാനേജറാവുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
നിലവില്‍ പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ചെല്‍സി. ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി 11 പോയന്റ് വ്യത്യാസമുണ്ട്.
ഇത് ഏറ്റവും പ്രയാസം നിറഞ്ഞ തീരുമാനമാണെന്ന് ക്ലബ് പ്രസ്താവനയില്‍ പറയുന്നു. 'ഇത് ഏറ്റവും പ്രയാസം നിറഞ്ഞ തീരുമാനമാണ്. കാരണം, ഏറ്റവും കുറഞ്ഞത് ലംപാര്‍ഡ് എനിക്ക് നല്ല വ്യക്തിബന്ധമുള്ള വ്യക്തിയാണ്. ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന താരവുമാണ് അദ്ദേഹം' ക്ലബ് മേധാവി റോമന്‍ എബ്രാമോവിച്ച് പറഞ്ഞു.
'നല്ല ആത്മാര്‍ത്ഥതയും ജോലിയില്‍ കൃത്യതയുമുള്ള വ്യക്തി തന്നെയാണ് ലംപാര്‍ഡ്, എന്നാല്‍ ഇപ്പോള്‍ മാനേജറെ മാറ്റുന്നതാണ് നല്ലതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്' റോമന്‍ പറഞ്ഞു.
ചെല്‍സി ഈ സീസണില്‍ ആറ് ലീഗ് മത്സരങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. അവസാനം കളിച്ച എട്ട് മത്സരത്തില്‍ അഞ്ച് മത്സരവും പരാജയപ്പെട്ടു.