LiveTV

Live

Football

ഗോളിയില്ലാ പോസ്റ്റിലേക്ക് ഹൂപ്പർ നിറയൊഴിക്കാഞ്ഞത് എന്തു കൊണ്ടായിരുന്നു? കാരണം ഇതാണ്

പന്ത് നേരെ പോസ്റ്റിലേക്ക് അടിച്ചിരുന്നു എങ്കിൽ ഗോളാകുമായിരുന്നില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഗോളിയില്ലാ പോസ്റ്റിലേക്ക് ഹൂപ്പർ നിറയൊഴിക്കാഞ്ഞത് എന്തു കൊണ്ടായിരുന്നു? കാരണം ഇതാണ്

പനാജി: എഫ്‌സി ഗോവയുമായുള്ള മത്സര ശേഷം ആരാധകരിൽ നിന്ന് ഏറെ പഴി കേട്ട താരമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സ്‌ട്രൈക്കർ ഗാരി ഹൂപ്പർ. രണ്ടാം പകുതിയുടെ അവസാനത്തിൽ ഗോവൻ ഗോളി പോസ്റ്റിൽ ഇല്ലാതിരുന്ന വേളയിൽ പന്ത് സഹതാരങ്ങൾക്ക് പാസ് ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ആ പന്ത് നേരെ പോസ്റ്റിലേക്ക് അടിച്ചിരുന്നു എങ്കിൽ ഗോളാകുമായിരുന്നില്ലേ എന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകർ ചോദിക്കുന്നത്.

യഥാർത്ഥത്തിൽ അമ്പത് ശതമാനം ഗോൾ സാധ്യതയുള്ള ഒരു ചാൻസായിരുന്നു അത്. കീപ്പർ നവീൻകുമാർ പെനാൽറ്റി ബോക്‌സിൽ നിന്ന് പുറത്തു നിന്ന് വന്ന വേളയിലാണ് ഹൂപ്പറുടെ കാലിൽ പന്തു കിട്ടിയത്. എന്നാൽ അപ്പോഴേക്കും പോസ്റ്റ് രണ്ട് ഗോവൻ ഡിഫൻഡർമാർ കവർ ചെയ്തിരുന്നു. ഒരു റിസ്‌ക് എടുക്കാൻ തയ്യാറാകാതെ ഹൂപ്പർ രാഹുലിന് പന്ത് പാസ് ചെയ്യുകയായിരുന്നു.

എന്നാൽ അൽപ്പം വേഗം കൂടിയ പാസ് രാഹുലിന് എത്തിപ്പിടിക്കാനായില്ലെങ്കിലും പന്ത് തൊട്ടപ്പുറത്തുണ്ടായിരുന്ന പ്യൂട്ടിയയ്ക്ക് കിട്ടി. എന്നാൽ പ്യൂട്ടിയയുടെ ക്രോസ് തടയപ്പെടുകയും ചെയ്തു.

ഹൂപ്പറിന് മുമ്പില്‍ ബോക്‌സിലുള്ള രണ്ട് ഗോവന്‍ താരങ്ങള്‍
ഹൂപ്പറിന് മുമ്പില്‍ ബോക്‌സിലുള്ള രണ്ട് ഗോവന്‍ താരങ്ങള്‍

രണ്ടാം പകുതിയിൽ തന്നെ സഹൽ മികച്ച ഒരവസരം പാഴാക്കുന്നതും കണ്ടു. ബോക്‌സിൽ സഹലിന്റെ കാലിൽ പന്തു കിട്ടുമ്പോൾ ഹൂപ്പറും രാഹുലും ഇരുവശങ്ങളിലുമുണ്ടായിന്നു. മുമ്പിൽ രണ്ട് ഡിഫൻഡർമാരും. പന്ത് പാസ് ചെയ്യുന്നതിന് പകരം സഹൽ ഡ്രിബിൾ ചെയ്യാനാണ് ശ്രമിച്ചത്. അത് പരാജയപ്പെടുകയും ചെയ്തു. ഫൈനൽ തേഡിൽ ഒരിക്കൽക്കൂടി സഹൽ പരാജയപ്പെടുന്ന കാഴ്ചയായിരുന്നു അത്. അത് അസിസ്റ്റായിരുന്നു എങ്കിൽ കളിയുടെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നു.

കഴിഞ്ഞ കളികളിലേതു പോലെ ഗോവയ്‌ക്കെതിരെയും രണ്ടാം പകുതിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് മികച്ച കളി പുറത്തെടുത്തത്. ആദ്യ പകുതിയിൽ ഒരു ഗോൾ ഷോട്ട് പോലും പായിക്കാൻ ടീമിന് ആയിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ തുടർച്ചയായ ആക്രമണങ്ങൾ കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ഗോവൻ ഗോൾ മുഖം വിറപ്പിച്ചു.

ജംഷഡ്പൂരിനെതിരെ രാഹുലും ജീക്‌സണുമുണ്ടാകില്ല

അതിനിടെ, ജംഷഡ്പൂർ എഫ്‌സിക്കെതിരെയുള്ള അടുത്ത മത്സരത്തിൽ രാഹുൽ കെപിയും ജീക്‌സൺ സിങ്ങുമുണ്ടാകില്ല. തുടർച്ചയായ നാലു മഞ്ഞക്കാർഡുകൾ കണ്ടതാണ് താരങ്ങൾക്ക് വിനയായത്. രണ്ടു കളികളിൽ മഞ്ഞക്കാർഡ് കണ്ട കോച്ച് കിബു വിക്കുനയ്ക്കും ഗ്യാലറിയിലിരുന്ന് കളി കാണേണ്ടി വരും.

ബംഗളൂരുവിനും ഗോവയ്ക്കുമെതിരെ ഗോൾ കണ്ടെത്തിയ രാഹുലിന്റെ അഭാവം മുന്നേറ്റ നിരയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ജോർദാൻ മറെ പരിക്കു മാറി തിരിച്ചെത്തിയില്ലെങ്കിൽ കേരളത്തിന്റെ ആക്രമണത്തിന് മൂർച്ച കുറയുമെന്ന് ഉറപ്പാണ്. മിഡ്ഫീൽഡർ ഫാക്കുണ്ടോ പെരേരയുടെ കോർണർ കിക്കിൽ നിന്നാണ് രാഹുൽ ഗോവയ്‌ക്കെതിരെ ഗോൾ കണ്ടെത്തിയിരുന്നത്. സീസണിൽ രാഹുലിന്റെ മൂന്നാം ഗോളാണിത്.

ഗോവയ്‌ക്കെതിരെ ഗോള്‍ നേടുന്ന കെപി രാഹുല്‍
ഗോവയ്‌ക്കെതിരെ ഗോള്‍ നേടുന്ന കെപി രാഹുല്‍

ഡിഫൻസീവ് മിഡ്ഫീൽഡിലും സെന്റർ ബാക്ക് പൊസിഷനിലും കളിക്കുന്ന താരമാണ് ജീക്‌സൺ സിങ്. കോസ്റ്റ നെമോയൻസു തിരിച്ചെത്തിയില്ലെങ്കിൽ അടുത്ത കളിയിൽ പ്രതിരോധത്തിൽ ഹക്കുവിനെ പരീക്ഷിക്കേണ്ടി വരും. എഫ്‌സി ഗോവയ്‌ക്കെതിരെ കോസ്റ്റ ഇറങ്ങിയിരുന്നില്ല.

ജനുവരി 27നാണ് ജംഷ്ഡപൂരിനെതിരെയുള്ള മത്സരം. കഴിഞ്ഞ നാലു മത്സരങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ് തോറ്റിട്ടില്ല. രണ്ടു ജയവും രണ്ടു സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. 13 മത്സരങ്ങൾ കഴിയുമ്പോൾ ലീഗിൽ 14 പോയിന്റുമായി ലീഗിൽ ഏഴാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. 12 കളികളിൽ നിന്ന് 13 പോയിന്റുമായി ഒമ്പതാമതാണ് ജംഷഡ്പൂർ.