ചെല്ലാനത്തെ ഈ കുഞ്ഞുഅഗ്യൂറോയെ കാണാന്‍ സാക്ഷാല്‍ അഗ്യൂറോ വരുമോ?
2012ലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അവസാന സിറ്റി-ക്യൂ.പി.ആര് മത്സരം. അന്നാണ് ഈ കഥ ആരംഭിക്കുന്നത്

സെര്‍ജിയോ അഗ്യൂറോ ചെല്ലാനത്തേക്ക് വരുമോ? ചെല്ലാനത്തുകാരും അര്‍ജന്റീന ആരാധകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, ആ അസുലഭ നിമിഷത്തിനായി.
2012ലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അവസാന സിറ്റി-ക്യൂ.പി.ആര് മത്സരം. അന്നാണ് ഈ കഥ ആരംഭിക്കുന്നത്. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ അന്ന് അഗ്യൂറോ ചരിത്രം കുറിച്ചു. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരത്തിനൊടുവില്‍ അപ്രതീക്ഷിതമായി സിറ്റി പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തി.
എന്നാല്‍ ഇങ്ങ് ചെല്ലാനത്ത് അന്ന് മുതല്‍ ടോണി അഗ്യൂറോയുടെ ആരാധകനായി മാറി. കടുത്ത ആരാധകന്. അന്ന് മനസ്സില്‍ ഒറപ്പിച്ചു, ആദ്യം ജനിക്കുന്ന മകന് അഗ്യൂറോയെന്ന് പേരിടണം. അങ്ങനെ അദ്ദേഹത്തിന്റെ ആദ്യ മകന് അഗ്യൂറോയെന്ന് പേരും നല്കി. അഗ്യൂറോ ഫ്രാന്‍സ് അലേഷ്. ഇന്ത്യയിലെ ആദ്യ അഗ്യൂറോ.
കുട്ടിയുടെ പേരും വിവരവും 'ഇന്ത്യയിലെ ആദ്യത്തെ അഗ്യൂറോ'യെന്ന തലക്കെട്ടോടെ ടോണി സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു. ഇതുകണ്ട പ്രീമിയര്‍ ലീഗ് ഇന്ത്യ ടോണിയെ ബന്ധപ്പെടുകയും ടോണിയുടെ കഥ വീഡിയോയായി പുറത്തിറക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പെട്ട അഗ്യൂറോ ചെല്ലാനത്തെ കുഞ്ഞു അഗ്യൂറോയെ കാണാനുള്ള ആഗ്രഹം അറിയിച്ചിരിക്കുകയാണ്. ടോണിയും കുടുംബവും ചെല്ലാനത്തുകാരുമെല്ലാം ആ സ്വപ്ന സാക്ഷാത്കാരത്തിനായി കാത്തിരിക്കുകയാണ്.