അടുത്ത മത്സരങ്ങളില്‍ ഇതിലും മികച്ച സഹലിനെ കാണാം; ഉറപ്പുമായി കിബു വിക്കുന
മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള മത്സരത്തിനായി കാത്തിരിക്കുകയാണ് എന്നും വികുന പറഞ്ഞു

കൊച്ചി: മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദ് മികച്ച രീതിയിലാണ് കളിക്കുന്നതെന്നും അടുത്ത മത്സരം മുതല്‍ പുതിയ സഹലിനെ കാണാമെന്നും കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് കിബു വിക്കുന. മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള മത്സരത്തിനായി കാത്തിരിക്കുകയാണ് എന്നും വികുന പറഞ്ഞു.
'അവന് (സഹല്‍) വിവിധ പൊസിഷനുകളില്‍ കളിക്കാനാകും. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ അവന് വിങ്ങുകള്‍ കേന്ദ്രീകരിച്ചാണ് കളിച്ചത്. നന്നായി കളിക്കുകയും ചെയ്തു. അടുത്ത മത്സരങ്ങളില്‍ ഇതിലും മികച്ച സഹലിനെ കാണാം' - കിബു കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദിനെതിരെ വിജയം ലഭിച്ചതില്‍ ആഹ്ളാദമുണ്ട്. ഇതിനു മുമ്പ് തങ്ങളെ നിര്‍ഭാഗ്യം വേട്ടയാടി. വിജയം ആത്മവീര്യം വര്‍ധിപ്പിക്കും. എല്ലാവരും പോസിറ്റീവാണ്. കൂടുതല്‍ വിജയത്തിന് ദാഹിക്കുകയാണ് എല്ലാവരും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദിനെതിരെ സ്വീകരിച്ച തന്ത്രമാണോ അടുത്ത കളിയിലും സ്വീകരിക്കുക എന്ന ചോദ്യത്തിന് അത് അവര്‍ക്കെതിരെ മാത്രമുള്ളതായിരുന്നു എന്നായിരുന്നു കോച്ചിന്റെ മറുപടി.
ഹൈദരാബാദിനെതിരെ ബോള്‍ പൊസഷന്‍ ഗെയിമല്ല കളിച്ചത്. അതിനര്‍ത്ഥം ആ നയം ഉപേക്ഷിച്ചു എന്നല്ല. അത് അന്നത്തേക്കു മാത്രമുള്ളതായിരുന്നു- പാസിങ് ഗെയിമിന്റെ വക്താവായ കിബു വ്യക്തമാക്കി.
മുംബൈ ടീം ശക്തരാണ് എന്നും അവര്‍ക്കെതിരെയുള്ള കളി വെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'അവര്‍ ശക്തരായ ടീമാണ്. എന്നാല്‍ നമ്മള് ഓരോ ദിവസവും മെച്ചപ്പെട്ടു വരികയാണ്. കഴിഞ്ഞ കളികളില്‍ നമ്മള് നന്നായി കളിച്ചിട്ടുണ്ട്. പരിശീലനത്തില്‍ സന്തോഷവാനാണ്. നാളത്തെ കളിയില്‍ മികച്ച റിസല്‍ട്ട് വരുമെന്നാണ് പ്രതീക്ഷ' - ഹെഡ് കോച്ച് കൂട്ടിച്ചേര്‍ത്തു.
ഏഴു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ആറു മത്സരങ്ങളിലെ തിരിച്ചടിക്ക് ശേഷം ഹൈദരാബാദിനെതിരെയുള്ള അവസാന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. ക്ലബ് ഇതുവരെ മൂന്നു തോല്‍വിയും മൂന്നു സമനിലയും വഴങ്ങി. ഏഴു മത്സരങ്ങളിൽ നിന്ന് അഞ്ചു വിജയത്തോടെ 16 പോയിന്റാണ് മുംബൈക്കുള്ളത്.