LiveTV

Live

Football

മുൻ ഇന്ത്യൻ ഫുട്​ബാൾ ടീം നായകൻ കാൾട്ടൻ ചാപ്​മാൻ അന്തരിച്ചു

ഇന്ത്യൻ ഫുട്​ബാളിന്റെ ഇതിഹാസങ്ങളിൽ ഒരാളായി വിലയിരുത്തുന്ന ചാപ്​മാനെ മിഡ്ഫീൽഡ് മാന്ത്രികൻ എന്നാണറിയപ്പെട്ടിരുന്നത്

മുൻ ഇന്ത്യൻ ഫുട്​ബാൾ ടീം നായകൻ കാൾട്ടൻ ചാപ്​മാൻ അന്തരിച്ചു

ഇന്ത്യൻ ഫുട്​ബാൾ ടീം മുൻ ക്യാപ്റ്റൻ കാൾട്ടൻ ചാപ്​മാൻ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാൾ കൂടിയായിരുന്നു കാൾട്ടൻ ചാപ്മാൻ. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന്​ ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിൽ പ്രവേശിപ്പിക്കുന്നത്. 49 വയസായിരുന്നു

ഇന്ത്യൻ ഫുട്​ബാളിന്റെ ഇതിഹാസങ്ങളിൽ ഒരാളായി വിലയിരുത്തുന്ന ചാപ്​മാനെ മിഡ്ഫീൽഡ് മാന്ത്രികൻ എന്നാണറിയപ്പെട്ടിരുന്നത്.1995 മുതൽ 2001 വരെ ഇന്ത്യൻ ചാപ്മാൻ ഇന്ത്യക്കായി ബൂട്ടുകെട്ടി. മധ്യനിരയിൽ കളിമെനയുന്നതിൽ മിടുക്കനായിരുന്ന അദ്ദേഹത്തിന്റെ ആ മികവ് കൂടിയാണ് ദേശീയ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ചാപ്മാനെ എത്തിച്ചതും.

ടാറ്റ ഫുട്​ബാൾ അക്കാദമിയിലൂടെ കാൽപന്ത് മൈതാനത്ത് അരങ്ങേറിയ ചാപ്മാൻ ഈസ്​റ്റ്​ബംഗാൾ, ജെ.സിടി, എഫ്​.സി കൊച്ചിൻ തുടങ്ങിയ ക്ലാബുകൾക്കായും പന്തുതട്ടി. അന്ന് ഐ.എം. വിജയനും ജോപോൾ അഞ്ചേരിയും രാമൻ വിജയനുമൊക്കെ കളിച്ച എഫ്.സി. കൊച്ചിന്റെ കരുത്തുറ്റ മധ്യനിരയെ നിയന്ത്രിച്ചതും കർണാടകക്കാരനായ ചാപ്മാനായിരുന്നു.1993ലെ ഏഷ്യൻ വിന്നേഴ്​സ്​ കപ്​ ടൂർണമെൻറിൽ ഇറാഖിക്ലബ്​ അൽ സവ്റക്കെതിരെ ഈസ്​റ്റ്​ബംഗാൾ ജേഴ്സിയിൽ ചാപ്​മാൻ ​നേടിയ ഹാട്രിക് ഗോൾ ഇന്ത്യൻ ഫുട്​ബാളിന്റെ പോയകാല സ്മരണകളായി കളിപ്രേമികളുടെ ഓർമകളിൽ മായാതെ നിൽക്കുന്നുണ്ട്.

ഔദ്യോഗിക വിരമിക്കലിന് ശേഷം പരിശീലക​ന്റെ കുപ്പായത്തിലും ചാപ്​മാൻ തിളങ്ങിയിരുന്നു.