ഇത്രയ്ക്ക് അഹങ്കാരം പാടില്ല; ലിവർപൂൾ കളിക്കാരെ വിമർശിച്ച് ലാംപാർഡ്
മത്സരങ്ങളില്‍ സമ്മര്‍ദമുണ്ടാവുക സ്വാഭാവികമാണെന്നും അത് സ്വാഭാവികമാണെന്നും ചെല്‍സി കോച്ച് ലാംപാര്‍ഡ്

പ്രീമിയർ ലീഗ് മത്സരത്തിനിടെ ലിവർപൂൾ കളിക്കാരുടെ പെരുമാറ്റത്തെ വിമർശിച്ച് ചെൽസി മാനേജർ ഫ്രാങ്ക് ലാംപാർഡ്. ലിവർപൂൾ - ചെൽസി മത്സരത്തിനിടെ ആതിഥേയ ടീമിന്റെ കളിക്കാരുടെ ആഘോഷങ്ങളും സൈഡ് ബെഞ്ചിലിരുന്ന കളിക്കാരുടെ പെരുമാറ്റവും അതിരുവിട്ടെന്നും ഇത്ര അഹങ്കാരം പാടില്ലെന്നും ലാംപാർഡ് പറഞ്ഞു. ചെൽസിയെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തതിനു ശേഷമാണ് ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം ഉയർത്തിയത്.
'യുർഗൻ ക്ലോപ്പുമായി എനിക്കൊരു പ്രശ്നവുമില്ല. അദ്ദേഹം തന്റെ ടീമിനെ വളരെ നന്നായി പരീശിലിപ്പിച്ചു; എന്നാൽ ചില കളിക്കാരുടെയും ബെഞ്ചിലിരുന്ന ചിലരുടെയും പെരുമാറ്റം നല്ലതായിരുന്നില്ല. ലിവർപൂൾ ജയിക്കുകയും ലീഗ് നേടുകയും ചെയ്തു എന്നത് ശരിയാണ്. പക്ഷേ, വിജയത്തിനും ഫെയർപ്ലേയ്ക്കുമിടയിൽ ഒരു നല്ല വരയുണ്ട്. ഇത്രയ്ക്ക് അഹങ്കരിക്കാൻ പാടില്ല.'ഫ്രാങ്ക് ലാംപാര്‍ഡ്
മത്സരത്തിനിടയിൽ ലാംപാർഡും ക്ലോപ്പും തമ്മിൽ പലതവണ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഫോർത്ത് ഒഫിഷ്യൽ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. മത്സരങ്ങളില്‍ സമ്മര്‍ദമുണ്ടാവുക സ്വാഭാവികമാണെന്നും അത് സ്വാഭാവികമാണെന്നും ലാംപാര്‍ഡ് പറഞ്ഞു.
ലാംപാർഡ് പരിശീലിപ്പിക്കുന്ന ചെൽസി നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. അവർക്കും മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിനും 63 വീതം പോയിന്റുണ്ട്. ആദ്യനാല് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾക്കാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കുക. 62 പോയിന്റുമായി അഞ്ചാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിയുമായാണ് യുനൈറ്റഡിന്റെ അടുത്തമത്സരം. സ്വന്തം ഗ്രൗണ്ടിൽ വോൾവറാംപ്ടൺ വാണ്ടറേഴ്സിനെയാണ് ചെൽസിക്ക് നേരിടാനുള്ളത്. വോൾവ്സിനെതിരെ തോൽക്കാതിരുന്നാൽ ചെൽസിക്ക് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാം.