ലിവര്‍പൂള്‍ തകര്‍ത്ത റെക്കോഡുകള്‍, തകര്‍ക്കാനുള്ള റെക്കോഡുകള്‍
ലിവര്‍പൂളിന്റെ ഈ വിജയക്കുതിപ്പില്‍ നിരവധി റെക്കോഡുകള്‍ തകര്‍ന്നു. സീസണ് അവസാനിക്കുന്നതോടെ ഇനിയും ഒരു പിടി റെക്കോഡുകള്‍ കൂടി തകരുകയും ചെയ്യും...

പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ്... 13 മാസം കൊണ്ട് ക്ലോപ്പിന്റെ ചെമ്പട നേടിയ കിരീടങ്ങള്‍ തന്നെ നിരവധിയാണ്. ലിവര്‍പൂളിന്റെ ഈ വിജയക്കുതിപ്പില്‍ നിരവധി റെക്കോഡുകള്‍ തകര്‍ന്നു. സീസണ് അവസാനിക്കുന്നതോടെ ഇനിയും ഒരു പിടി റെക്കോഡുകള്‍ കൂടി തകരുകയും ചെയ്യും. ചുവപ്പന്മാര് തകര്‍ത്ത റെക്കോഡുകളും, തകര്‍ക്കാനിരിക്കുന്ന റെക്കോഡുകളും ഏതെല്ലാമെന്ന് നോക്കാം.
തകര്‍ത്ത റെക്കോഡുകള്‍
* ഏഴ് മത്സരങ്ങള്‍ ബാക്കിയിരിക്കെയാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചിരിക്കുന്നത്. 2000-01, 2017-18 സീസണുകളില്‍ മാഞ്ചസ്റ്റര്‍ സിറ്റി അഞ്ച് മത്സരം മുമ്പേ കിരീടം നേടിയതായിരുന്നു ഇതിന് മുമ്പുള്ള പ്രീമിയര്‍ ലീഗിലെ റെക്കോഡ്.
* ബുധനാഴ്ച്ച ക്രിസ്റ്റല്‍ പാലസിനെതിരെ ആന്‍ഫീല്‍ഡില്‍ നേടിയ 4-0ത്തിന്റെ ജയം സ്വന്തം മൈതാനത്ത് ലിവര്‍പൂള്‍ നേടുന്ന തുടര്‍ച്ചയായ 23ാമത്തെ വിജയമാണ്. മാഞ്ചസ്റ്റര്‍ സിറ്റി 2011-12 സീസണില്‍ നേടിയ 20 ജയങ്ങളുടെ റെക്കോഡാണ് ഇപ്പോള്‍ ലിവര്‍പൂള്‍ സ്വന്തം പേരിലാക്കിയത്.
* ഫെബ്രുവരി ഒന്നിന് സൗത്താംപ്ടണെ 4-0ത്തിന് തോല്പിച്ചതോടെ ലിവര്‍പൂള്‍ രണ്ടാം സ്ഥാനക്കാരേക്കാള്‍ 22 പോയിന്റിന്റെ ലീഡ് നേടി. ഈ മുന്‍തൂക്കവും പ്രീമിയര്‍ ലീഗില്‍ റെക്കോഡായിരുന്നു. പിന്നീട്, നോര്‍വിച്ച് സിറ്റിയെ 1-0ത്തിന് തോല്പിച്ച് പോയിന്റ് വ്യത്യാസത്തിന്റെ റെക്കോഡ് 25 ആക്കി ലിവര്‍പൂള്‍ ഉയര്‍ത്തുകയും ചെയ്തു.
* ജനുവരി 29ന് വെസ്റ്റ്ഹാമിനെ 2-0ത്തിന് തോല്പിച്ചതോടെ പ്രീമിയര്‍ ലീഗിലെ 19 ടീമുകളേയും ഒരു സീസണില്‍ തോല്പിക്കുന്ന ലിവര്‍പൂള്‍ സംഘമായി ക്ലോപിന്റെ കുട്ടികള്‍ മാറി. ലിവര്‍പൂളിന്റെ 127 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരൊറ്റ പ്രീമിയര്‍ ലീഗ് സീസണില്‍ എല്ലാ ടീമുകളേയും തോല്പിക്കുന്നത്.
* 20 ഗോളുകള്‍ പൂര്‍ത്തിയാക്കിയതോടെ തുടര്‍ച്ചയായി മൂന്നു സീസണുകളില്‍ ഇരുപതോ അതിലേറെയോ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡിനൊപ്പം സലാ എത്തി. നേരത്തെ മൈക്കല്‍ ഓവന് 2001-01 2002-03 കാലയളവില്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
തകര്‍ക്കാനുള്ള റെക്കോഡുകള്‍
* ഇപ്പോള്‍ ലിവര്‍പൂളിന് 31 മത്സരങ്ങളില്‍ നിന്നും 86 പോയിന്റുണ്ട്. 15 പോയിന്റുകള്‍ കൂടി നേടിയാല്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ(100 പോയിന്റ്) 2017-18 സീസണിലെ റെക്കോഡ് ലിവര്‍പൂളിന് മറികടക്കാനാകും. ഏഴ് മത്സരം കൂടിയുള്ളതിനാല്‍ നിലവിലെ ഫോമില്‍ ലിവര്‍പൂളിന് അത് അസാധ്യമല്ല.
* സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ മൂന്ന് മത്സരം കൂടിയാണ് ലിവര്‍പൂളിന് ബാക്കിയുള്ളത്. അതു മൂന്നും ജയിച്ചാല്‍ സീസണില്‍ 19 ഹോം മത്സരങ്ങളും ജയിക്കുന്ന റെക്കോഡും ചുവപ്പന്മാരുടെ പേരിലാകും.
* ഈ മൂന്നു മത്സരങ്ങള്‍ ജയിച്ചാല്‍ ഹോം മത്സരങ്ങളില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമെന്ന റെക്കോഡും സ്വാഭാവികമായും ലിവര്‍പൂളിനാകും. നിലവില്‍ ചെല്‍സി(2005-06), മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(2010-11), മാഞ്ചസ്റ്റര്‍ സിറ്റി(2011-12) എന്നീ ടീമുകളുടെ പേരിലാണ് 55 പോയിന്റിന്റെ റെക്കോഡുള്ളത്.
* സീസണില്‍ ലിവര്‍പൂള്‍ ഇതുവരെ ജയിച്ചത് 28 കളികള്‍. ബാക്കിയുള്ള ഏഴില്‍ അഞ്ചെണ്ണം ജയിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മറ്റൊരു റെക്കോഡു കൂടി പഴങ്കഥയാകും. സീസണില്‍ 32 ജയങ്ങളെന്ന റെക്കോഡ്.