ലിവര്‍പൂളിന്റെ കിരീട നേട്ടത്തില്‍ കണ്ണീരടക്കാനാവാതെ ക്ലോപ്
സ്വപ്നങ്ങള്‍ക്കും അപ്പുറത്തെ നേട്ടമെന്നാണ് ക്ലോപ് ലിവര്‍പൂളിന്റെ കിരീട നേട്ടത്തെ വിശേഷിപ്പിച്ചത്. സന്തോഷം കൊണ്ട് കരച്ചില് അടക്കാനാതെ വന്നതോടെ പാതിവഴിയില്‍ ക്ലോപിന് അഭിമുഖം അവസാനിപ്പിക്കേണ്ടിവന്നു...

കണ്ണ് നിറഞ്ഞ് വൈകാരികമായാണ് ലിവര്‍പൂളിന്റെ കിരീട നേട്ടത്തോട് പരിശീലകന് യുര്‍ഗന്‍ ക്ലോപ് പ്രതികരിച്ചത്. കരച്ചില് അടക്കാനാതെ വന്നതോടെ വൈകാതെ ഒരുവേള ക്ലോപിന് അഭിമുഖം അവസാനിപ്പിക്കേണ്ടി വരികയും ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി 2-1ന് തോല്‍പ്പിച്ചതോടെയായിരുന്നു ലിവര്‍പൂള്‍ ഏഴ് കളികള്‍ ബാക്കി നില്‍ക്കേ പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചത്.
'ഇത് മഹത്തായ നിമിഷമാണ്. ശരിക്കുള്ള വാക്കുകള്‍ പോലും വരുന്നില്ല. സ്വപ്നം കണ്ടതിലും വളരെ വലിയ നേട്ടമാണ് സത്യമായിരിക്കുന്നത്. ഈ ക്ലബിനൊപ്പം കിരീടം നേടുക മഹത്തരമാണ്. വലിയ ചരിത്രത്തിന്റെ പിന്‍ബലമുള്ള ലിവര്‍പൂളില്‍ കളിക്കാരെ പ്രചോദിപ്പിക്കുക എളുപ്പമായിരുന്നു. എന്നാലും, ഇപ്പോഴും ഇത് വിശ്വസിക്കാനാവുന്നില്ല' കിരീടം ഉറപ്പിച്ച് മിനുറ്റുകള്‍ക്കകം സ്കൈ സ്പോര്‍ട്സിന് നല്കിയ അഭിമുഖത്തില്‍ ക്ലോപ്പ് പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റി- ചെല്‍സി മത്സരഫലം തങ്ങളുടെ കിരീടം തീര്‍പ്പാക്കുമെന്ന് അറിവുള്ളതിനാല്‍ ലിവര്‍പൂള്‍ താരങ്ങള്‍ ഹോട്ടലില്‍ ഒത്തുകൂടിയിരുന്നു. ചെല്‍സിയുടെ ജയത്തിനൊപ്പം മെര്‍സിസൈഡിലെ ഫോംബെ ഹാള്‍ ഗോള്‍ഫ് ക്ലബില്‍ ലിവര്‍പൂള്‍ താരങ്ങളുടെ ആഘോഷവും തുടങ്ങി.
ഇപ്പോഴത്തെ ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജോര്ഡന് ഹെന്‍ഡേഴ്സണും 1990ല്‍ ലിവര്‍പൂള്‍ കിരീടം നേടിയപ്പോള്‍ മാനേജരായിരുന്ന സര് കെന്നി ഡാല്ഗ്ലിഷുമെല്ലാം ക്ലോപിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. കിരീടം ഉറപ്പിച്ച ശേഷമുള്ള പ്രതികരണത്തിലും മുന്‍ മാനേജര്‍ കെന്നിയുടെ പിന്തുണക്ക് ക്ലോപ്പ് നന്ദി പറഞ്ഞിരുന്നു.
ക്ലോപ് വന്നതിന് ശേഷമുള്ള രണ്ട് വര്‍ഷങ്ങള്‍ ലിവര്‍പൂളിന് എല്ലാം അനുകൂലമായെന്നാണ് 1990 ഏപ്രില്‍ 28ന് ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗ് കിരീടം ഉയര്‍ത്തിയ കെന്നി പറഞ്ഞത്. വിഭാഗീയതകൊണ്ട് നിങ്ങള്‍ക്കൊന്നും നേടാനാവില്ല. ഒന്നിക്കലാണ് പ്രധാനം. അടി മുടി ഒത്തൊരുമയുള്ള സംഘമാണ് ക്ലോപിന്റെ ലിവര്പൂളിന്റേതെന്നും കെന്നി പറഞ്ഞു.
ക്ലോപ് ലിവര്‍പൂളിന്റെ വാതില്ക്കലെത്തിയതു മുതല്‍ തന്നെ എല്ലാം മാറിമറിഞ്ഞെന്ന് ജോര്ഡന് ഹെന്ഡേഴ്സണ് പറഞ്ഞു. ഇങ്ങനെയൊരു പരിശീലകനില്ലാതെ ഞങ്ങള്‍ക്ക് ഈ നേട്ടം സാധ്യമാവില്ലെന്നാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയപ്പോള്‍ ഞാന്‍ പറഞ്ഞത്. അത് തന്നെയാണ് ഇപ്പോഴും പറയുന്നതെന്നുമായിരുന്നു ജോര്ഡന് ഹെന്‍ഡേഴ്സന്റെ വാക്കുകള്‍.
പ്രീമിയര്‍ ലീഗ് കിരീടം ശരിക്കും കയ്യില്‍ കിട്ടാന്‍ ഹെന്‍ഡേഴ്സണും ലിവര്‍പൂളും ജൂലൈ അവസാനം വരെ കാത്തിയിരിക്കണം. കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മാറിയ ശേഷം ആരാധകര്‍ക്കൊപ്പം വിപുലമായ ആഘോഷം നടത്താനാണ് ലിവര്‍പൂള്‍ അധികൃതര്‍ ആലോചിക്കുന്നത്.