സിറ്റിക്ക് അഞ്ചുഗോള്‍ ജയം, കിരീടത്തിനായുള്ള ലിവര്‍പൂളിന്റെ കാത്തിരിപ്പ് നീളും
ഇനി ക്രിസ്റ്റല്‍ പാലസിനെതിരെ ലിവര്‍പൂള്‍ ജയിച്ചാലും കിരീടം ലഭിക്കണമെങ്കില്‍ ചെല്‍സിക്കെതിരെ സിറ്റി തോല്‍ക്കണം. ഇല്ലെങ്കില്‍ ലിവര്‍പൂളിന്റെ കിരീടധാരണം വീണ്ടും നീളും...

ബേണ്‍ലിയെ അഞ്ച് ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഫില്‍ ഫോഡനും റിയാദ് മഹ്റേസും സിറ്റിക്കുവേണ്ടി ഇരട്ട ഗോളുകള്‍ നേടി. ഇതോടെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാകാനുള്ള ലിവര്‍പൂളിന്റെ മോഹം ഒരു മത്സരം കൂടി നീണ്ടു.
ആഴ്സനലിനെതിരേ 3-0ന് ജയിച്ച ടീമില്‍ നിന്ന് എട്ടു മാറ്റങ്ങള്‍ വരുത്തിയാണ് ഗ്വാര്‍ഡിയോള ബേണ്‍ലിക്കെതിരെ സിറ്റിയെ ഇറക്കിയത്. സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ക്ക് സിറ്റി മുന്നിലെത്തിയിരുന്നു. സീസണിലെ ഏറ്റവും ആധികാരികമായ ജയങ്ങളിലൊന്നാണ് ബേണ്‍ലിക്കെതിരെ നിലവിലെ ചാമ്പ്യന്മാര് കുറിച്ചത്.
22ാം മിനുറ്റില്‍ ഫോഡനും 43ാം മിനുറ്റില്‍ റിയാദുമാണ് ഗോളുകള്‍ നേടിയത്. അഗ്യൂറോയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി വലയിലെത്തിച്ച് ഒന്നാം പകുതിയില്‍ തിന്നെ റിയാദ് ഡബിള്‍ തികച്ചു. 51ാം മിനിറ്റില്‍ ഡേവിഡ് സില്‍വയും 63ാം മിനിറ്റില്‍ ഫോഡനും ഗോളുകള്‍ നേടിയതോടെ സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ണ്ണമായി.
ജയത്തോടെ 30 മത്സരങ്ങളില്‍ നിന്ന് 63 പോയന്റുമായി സിറ്റി രണ്ടാം സ്ഥാനം നിലനിര്‍ത്തി. ബേണ്‍ലിക്കെതിരായ മത്സരത്തില്‍ സിറ്റിക്ക് ജയിച്ചതോടെ അടുത്ത മത്സരം ജയിച്ച് പ്രീമിയര്‍ ലീഗ് കിരീടം നേടാമെന്ന ലിവര്‍പൂളിന്റെ സ്വപ്നങ്ങളാണ് തകര്‍ന്നത്. ക്രിസ്റ്റല്‍ പാലസിനെതിരെ ലിവര്‍പൂള്‍ ജയിച്ചാലും ചെല്‍സിക്കെതിരെ സിറ്റിക്ക് പോയിന്റുകള്‍ നഷ്ടമായാല്‍ മാത്രമേ ലിവര്‍പൂളിന് കിരീടം ലഭിക്കൂ. ആ കളിയും മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചാല്‍ ജൂലൈ രണ്ടിന് നടക്കുന്ന ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിലേക്ക് കാര്യങ്ങള്‍ നീളും.