LiveTV

Live

Football

പ്രീമിയര്‍ ലീഗില്‍ കളിക്ക് മുമ്പ് മുട്ടുകുത്തി താരങ്ങള്‍

അസ്റ്റണ്‍ വില്ല, ഷെഫീല്‍ഡ് യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, അഴ്‌സണല്‍ ടീമുകളിലെ കളിക്കാരും ഒഫീഷ്യലുകളും റഫറിമാരും മത്സരത്തിന് മുമ്പ് മുട്ടുകുത്തി വംശീയതക്കെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു...

പ്രീമിയര്‍ ലീഗില്‍ കളിക്ക് മുമ്പ് മുട്ടുകുത്തി താരങ്ങള്‍

നൂറ് ദിവസത്തെ ഇടവേളക്കു ശേഷം പ്രീമിയര്‍ ലീഗില്‍ വീണ്ടും പന്തുരുണ്ടപ്പോള്‍ അത് കറുത്തവന്റെ നീതിക്കായുള്ള ഐക്യദാര്‍ഡ്യ പ്രഖ്യാപനം കൂടിയായി. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെക്കപ്പെട്ട പ്രീമിയര്‍ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലെ നാല് ടീമുകളും കളി തുടങ്ങും മുമ്പ് പത്ത് സെക്കന്റ് മുട്ടുകുത്തിയിരുന്നു. കളിക്കാര്‍ക്കൊപ്പം റഫറിമാരും ടീം ഒഫീഷ്യലുകളും വംശീയതക്കെതിരായ മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ചു.

പിഴവുകളുടെ കെട്ടഴിച്ച് ഡേവിഡ് ലൂയിസ്; മാഞ്ചസ്റ്റര്‍ സിറ്റി 3-0 അഴ്‌സണല്‍
Also Read

പിഴവുകളുടെ കെട്ടഴിച്ച് ഡേവിഡ് ലൂയിസ്; മാഞ്ചസ്റ്റര്‍ സിറ്റി 3-0 അഴ്‌സണല്‍

കളിക്കാരുടെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നുവെന്ന് കഴിഞ്ഞ ആഴ്ച്ചയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അധികൃതര്‍ തന്നെ വ്യക്തമാക്കിയത്. 'ബ്ലാക് ലൈവ്‌സ് മാറ്റര്‍' എന്നെഴുതിയ ജേഴ്‌സി ധരിക്കാന്‍ കളിക്കാര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. പേരുകള്‍ക്ക് പകരം പിന്നില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നെഴുതിയ ജേഴ്‌സിയും അണിഞ്ഞാണ് കളിക്കാര്‍ പ്രീമിയര്‍ ലീഗില്‍ പന്തു തട്ടിയത്. സീസണിലെ ആദ്യ 12 മത്സരങ്ങള്‍ക്കാണ് ഈ ജേഴ്‌സി ഉപയോഗിക്കാന്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ജേഴ്‌സിക്കൊപ്പം ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നും കോവിഡ് പ്രതിരോധത്തില്‍ ബ്രിട്ടനില്‍ മുന്നണിയിലുള്ള ദേശീയ ആരോഗ്യ സേവകര്‍ക്ക്(എന്‍.എച്ച്.എസ്) നന്ദി പറഞ്ഞുകൊണ്ടുള്ള ആം ബാന്‍ഡുകളും ധരിക്കാനുള്ള അനുമതി പ്രീമിയര്‍ ലീഗ് നല്‍കിയിട്ടുണ്ട്. ഈ സീസണില്‍ മുഴുവനായും താത്പര്യമുള്ള കളിക്കാര്‍ക്ക് ഈ ആം ബാന്‍ഡുകള്‍ ധരിക്കാം.

ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലിഗയിലും താരങ്ങള്‍ വംശീയതക്കെതിരായ മുന്നേറ്റത്തിന് പലവിധത്തില്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗോള്‍ ആഘോഷങ്ങളുടെ ഭാഗമായി മുട്ടുകുത്തിയും ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എഴുതിയ ജേഴ്‌സി അണിഞ്ഞുമായിരുന്നു ബുണ്ടസ് ലിഗയിലെ ഐക്യദാര്‍ഡ്യങ്ങള്‍. ബയേണ്‍ മ്യൂണിച്ചിനെതിരായ മത്സരത്തില്‍ എയിന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് താരങ്ങളാണ് മുന്നില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്നെഴുതിയ ജേഴ്‌സി ധരിച്ച് കളിക്കാനിറങ്ങിയത്.

അമേരിക്കന്‍ സോക്കര്‍ ടീമിന്റെ കളി മേലില്‍ കാണില്ലെന്ന് ട്രംപ്
Also Read

അമേരിക്കന്‍ സോക്കര്‍ ടീമിന്റെ കളി മേലില്‍ കാണില്ലെന്ന് ട്രംപ്

പ്രീമിയര്‍ ലീഗില്‍ മത്സരത്തിന് മുമ്പ് കളിക്കാര്‍ മുട്ടുകുത്തിയതിനെ വലിയൊരു കാല്‍വെപ്പായാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹീം സ്റ്റെര്‍ലിംഗ് വിശേഷിപ്പിച്ചത്. നമ്മള്‍ ശരിയായ പാതയിലാണെന്ന് ഇത് കാണിക്കുന്നു. ചെറിയ ചെറിയ മാറ്റങ്ങള്‍ വരുന്നുണ്ടെന്നും സ്റ്റെര്‍ലിംഗ് പറഞ്ഞു. 400 വര്‍ഷത്തോളം കറുത്തവര്‍ഗ്ഗക്കാരോട് മോശമായി പെരുമാറിയതിന് മാപ്പുപറയണമെന്നായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ പ്രതികരണം.

പൊലീസ് കസ്റ്റഡിയില്‍ വെച്ച് കറുത്തവര്‍ഗ്ഗക്കാരന്‍ ജോര്‍ജ്ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയില്‍ വംശീയ വിദ്വേഷത്തിനെതിരായ മുന്നേറ്റം ശക്തമായത്. ലോകത്തിന്റെ പലഭാഗത്തേക്കും ഇത് പിന്നീട് വ്യാപിക്കുകയായിരുന്നു. പിടികൂടുന്നവരുടെ കഴുത്തില്‍ കാല്‍മുട്ട് ഞെരുക്കി ശ്വാസം മുട്ടിക്കുന്ന രീതി അമേരിക്കന്‍ പൊലീസുകാര്‍ക്കിടയിലുണ്ട്. ഇത് പലപ്പോഴും ഫ്‌ളോയിഡിന് സംഭവിച്ചതുപോലെ മരണത്തിലാണ് കലാശിക്കാറ്.

അമേരിക്കയിലെ പ്രക്ഷോഭക്കാര്‍ക്ക് പിന്തുണയുമായി ബുണ്ടസ് ലിഗ താരങ്ങള്‍
Also Read

അമേരിക്കയിലെ പ്രക്ഷോഭക്കാര്‍ക്ക് പിന്തുണയുമായി ബുണ്ടസ് ലിഗ താരങ്ങള്‍

അമേരിക്കന്‍ പൊലീസിന്റെ ഈ ക്രൂരതക്കെതിരെ കാല്‍ മുട്ടില്‍ നിന്ന് ആദ്യം പൊതുവേദിയില്‍ പ്രതിഷേധിച്ചത് 2016ല്‍ അമേരിക്കന്‍ ഫുട്‌ബോള്‍ താരം കോളിന്‍ കാപെര്‍നിക്കായിരുന്നു. അമേരിക്കന്‍ ദേശീയഗാനം ചൊല്ലുന്നതിനിടെ നിശബ്ദനായി കാല്‍ മുട്ടില്‍ നിന്നുള്ള കാപെര്‍നികിന്റെ പ്രതിഷേധം വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് കായിക ലോകം ഈ പ്രതിഷേധത്തെ ഏറ്റെടുക്കുകയായിരുന്നു.