റയല്‍ മാഡ്രിഡിന്റെ വന്‍ ഓഫര്‍ സലാ തള്ളി, ആഴ്ച്ചകള്‍ക്കകം റാമോസിന്റെ അറ്റ'കൈ' പ്രയോഗം
2018ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സെര്‍ജിയോ റാമോസ് മനഃപൂര്‍വ്വമാണ് മുഹമ്മദ് സലായുടെ തോളെല്ലിന്റെ സ്ഥാനം തെറ്റിച്ചതെന്ന് ചെല്ലിനിയുടെ വെളിപ്പെടുത്തല്‍...

2018ലെ വിവാദമായ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മാസങ്ങള്‍ക്ക് മുമ്പ് ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന് റയല്‍ മാഡ്രിഡ് വന്‍ ഓഫര്‍ നല്‍കിയിരുന്നുവെന്ന് ഈജിപ്തിന്റെ സഹ പരിശീലകന് ഹാനെ റംസി. ആഴ്ച്ചകള്‍ക്കകം നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റാമോസ് സലാക്കെതിരെ നടത്തിയത് അറ്റകൈ പ്രയോഗമായിരുന്നുവെന്ന് യുവന്റസ് താരം ജോര്‍ജിയോ ചെല്ലിനിയും വെളിപ്പെടുത്തി.
ലിവര്‍പൂളിനായി നിരന്തരം ഗോളുകളടിച്ച് തിളങ്ങിയതോടെയാണ് മുഹമ്മദ് സലായെ ലാ ലിഗ ക്ലബുകള്‍ നോട്ടമിട്ടത്. ബാഴ്സലോണയും റയല്‍ മാഡ്രിഡുമായിരുന്നു പട്ടികയില്‍ മുന്നിലുണ്ടായിരുന്നത്. ഇതില്‍ റയല്‍ മാഡ്രിഡ് 'മികച്ച' വാഗ്ദാനം സലാക്ക് മുന്നില്‍ വെച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം ആന്‍ഫീല്‍ഡ് വിടാന്‍ തയ്യാറായില്ലെന്നുമാണ് റംസി പറയുന്നത്.
2018 മാര്‍ച്ചിലാണ് തന്നോട് റയല്‍ മാഡ്രിഡില്‍ നിന്നും ഓഫറുള്ളകാര്യം സലാ വെളിപ്പെടുത്തിയതെന്ന് റംസി പറയുന്നു. ഓഫര്‍ മികച്ചതായിരുന്നെങ്കിലും ലിവര്‍പൂളില്‍ തൃപ്തനായിരുന്നതിനാല് ക്ലബ് വിടേണ്ടെന്ന് സലാ തീരുമാനിക്കുകയായിരുന്നു. ഓഫര്‍ നിരസിച്ച സലാഹിന് റയല്‍ മാഡ്രിഡിന്റെ നായകന് റാമോസ് തന്നെ മാസങ്ങള്‍ക്കകം ക്രൂരമായ ഫൗളിനിരയാക്കി.
2018ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലായിരുന്നു റാമോസിന്റെ അറ്റകൈ പ്രയോഗം. കളി തുടങ്ങി അര മണിക്കൂറിനകം സലാക്ക് തോളെല്ലിന് പരിക്കേറ്റ് മടങ്ങേണ്ടി വന്നു. അന്ന് സലായുടെ കൈ വലിച്ചിട്ട് റയലിന് നിര്‍ണ്ണായക മുന്‍തൂക്കം നല്‍കിയത് അവരുടെ നായകന് സെര്‍ജിയോ റാമോസായിരുന്നു. കലാശപോരാട്ടം 3-1ന് റയല്‍ ജയിച്ച് കിരീടം നേടുകയും ചെയ്തു.
സലാക്ക് റാമോസ് അറിഞ്ഞുകൊടുത്ത പണിയാണ് അതെന്നാണ് യുവന്റസ് പ്രതിരോധ താരം ചെല്ലിനി തന്റെ ആത്മകഥയില്‍ പറഞ്ഞിരിക്കുന്നത്. 'റാമോസ് എപ്പോഴും പറയുന്നത് അത് അറിയാതെ സംഭവിച്ചതാണെന്നാണ്. പക്ഷേ ആ വീഴ്ച്ച കാണുന്നവര്‍ക്കറിയാം, പത്തില്‍ ഒമ്പത് തവണയും അങ്ങനെ വീണാല്‍ എതിരാളിയുടെ കൈ ഒടിയുമെന്ന്.
റാമോസിന് വന്‍ മത്സരങ്ങള്‍ എങ്ങനെ വരുതിയിലാക്കണമെന്ന് അറിയാം. അതിനായി ഏതറ്റം വരെപോകാനു അയാള്‍ മടിക്കാറില്ല. സലായുടെ കാര്യത്തില്‍ നടന്നത് ഒരു അറ്റകൈ പ്രയോഗമായിരുന്നു. എന്നാല്‍ റാമോസില്ലെങ്കില് റയല്‍ മാഡ്രിഡില്‍ പ്രതിരോധമില്ല' എന്നാണ് ചെല്ലിനി ആത്മകഥയില്‍ പറയുന്നത്.