LiveTV

Live

Football

ക്രിസ്റ്റ്യാനോക്കു പിന്നാലെ മെസ്സിയും ഇറ്റാലിയൻ ലീഗിലേക്ക്?

'മെസ്സി ഇന്ററിനുവേണ്ടി കളിക്കുക എന്നത് നിഷിദ്ധമായ സ്വപ്‌നമൊന്നുമല്ല. സ്റ്റീവൻ ഷാങ്ങിന്റെ ധൈര്യം പരിഗണിക്കുമ്പോൾ, അദ്ദേഹം ഇത് ചിന്തിച്ചിട്ടുണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.' - മാസ്സിമോ മൊറാട്ടി

ക്രിസ്റ്റ്യാനോക്കു പിന്നാലെ മെസ്സിയും ഇറ്റാലിയൻ ലീഗിലേക്ക്?

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് കളിക്കളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണെങ്കിലും ഫുട്‌ബോൾ ലോകത്ത് ചൂടേറിയ ചർച്ച നടക്കുന്നത് ലയണൽ മെസ്സിയുടെ ഭാവി സംബന്ധിച്ചാണ്. ബാഴ്‌സലോണ ബോർഡ് അംഗങ്ങളുമായി അത്ര രസത്തിലല്ലാത്ത സൂപ്പർതാരം ഇറ്റാലിയൻ സീരി എ ലീഗിലെ ഇന്റർ മിലാനിലേക്ക് കൂടുമാറുന്നത് സംബന്ധിച്ചാണ് ചർച്ചകളെല്ലാം. കൗമാരപ്രായത്തിൽ മെസ്സിയെ ഇന്ററിലെത്തിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഇന്ററിന്റെ മുൻ പ്രസിഡണ്ട് മാസ്സിമോ മൊറാട്ടി തന്നെയാണ് ഇപ്പോൾ പന്തുരുളാത്ത ഫുട്‌ബോൾ ലോകത്ത് ആവേശമുള്ള ചർച്ച തുടങ്ങിവെച്ചത്.

കഴിഞ്ഞയാഴ്ച രണ്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ മൊറാട്ടി മെസ്സി ഇന്ററിലേക്ക് കൂടുമാറിയേക്കാമെന്ന പ്രതീക്ഷ പങ്കുവെച്ചു.

'മെസ്സി ഇന്ററിനു വേണ്ടി കളിക്കുക എന്നത് നിഷിദ്ധമായ സ്വപ്‌നമൊന്നുമല്ല. ബാഴ്‌സലോണയുമായുള്ള തന്റെ കരാറിന്റെ അവസാന ഘട്ടത്തിലാണ് മെസ്സി. (ഇന്റർ പ്രസിഡണ്ട്) സ്റ്റീവൻ ഷാങ്ങിന്റെ ധൈര്യം പരിഗണിക്കുമ്പോൾ, അദ്ദേഹം ഇതേപ്പറ്റി ചിന്തിച്ചിട്ടുണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് മനോഹരമായിരിക്കും. സീരി എക്ക് പഴയ പ്രതാപം തിരിച്ചുനൽകും. ഇന്റർ മിലാന് പുതിയ പ്രതീക്ഷകൾ പകരും.'
മാസ്സിമോ മൊറാട്ടി
മാസ്സിമോ മൊറാട്ടി
മാസ്സിമോ മൊറാട്ടി

ഇന്റർ മിലാന് മെസ്സിയെ സ്വന്തമാക്കാനുള്ള ശേഷിയുണ്ടെന്ന് ടീമിന്റെ മുൻ മിഡ്ഫീൽഡർ ബെനോയ്ത് കാവെറ്റും പറഞ്ഞു.

'തീർച്ചയായും ഇന്റർ മിലാന് മെസ്സിയുമായി കരാറിലെത്താൻ കഴിയും. അക്കാര്യത്തിൽ സംശയമൊന്നുമില്ല. പ്രസിഡണ്ട് സ്റ്റീവൻ ഷാങ്ങിന് സാമ്പത്തിക കഴിവും അഭിലാഷവുമുണ്ട്. വലിയ കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്ന പ്രസിഡണ്ടാണ് അദ്ദേഹം.' - കാവെറ്റ് പറയുന്നു.

മാസ്സിമോ മൊറാട്ടി പ്രസിഡണ്ടായിരിക്കുമ്പോൾ 2006-ൽ മെസ്സിയെ സ്വന്തമാക്കാൻ ഇന്റർ ഒരു ശ്രമം നടത്തി നോക്കിയതാണ്. 150 ദശലക്ഷം യൂറോ എന്ന മോഹിപ്പിക്കുന്ന തുകയ്ക്കുള്ള ട്രാൻസ്ഫർ അർജന്റീനാ താരം അന്ന് വേണ്ടെന്നുവെച്ചു. എന്നാൽ, ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണെന്നാണ് സൂചന.

ക്രിസ്റ്റ്യാനോക്കു പിന്നാലെ മെസ്സിയും ഇറ്റാലിയൻ ലീഗിലേക്ക്?

സ്പാനിഷ് ലാലിഗയിൽ മെസ്സിയുടെ പ്രധാന എതിരാളിയായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ സീരി എയിലെ യുവന്റസിൽ ചേരുകയും ക്ലബ്ബ് മാറാൻ താരത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ സ്പാനിഷ് ലീഗിൽ തന്നെ കളിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് മെസ്സി ഇതിനു മറുപടിയും നൽകി.

ഇതിനു പിന്നാലെയാണ് ബാഴ്‌സ മാനേജ്‌മെന്റുമായുള്ള മെസ്സിയുടെ അസ്വാരസ്യം തുടങ്ങുന്നത്. സ്‌പോർട്ടിംഗ് ഡയറക്ടർ എറിക് അബിദാലുമായി തുടങ്ങിയ തർക്കം ഇപ്പോൾ ക്ലബ്ബ് പ്രസിഡണ്ട് ജോസപ് മരിയ ബർതമ്യൂവിലെത്തി നിൽക്കുകയാണെന്നാണ് സൂചന. മെസ്സിയടക്കമുള്ള കളിക്കാരെ അപകീർത്തിപ്പെടുത്താൻ ബർതമ്യൂ മാധ്യമങ്ങൾക്ക് പണം നൽകിയെന്ന ആരോപണവും ഇതിനിടെ പുറത്തുവന്നിരുന്നു.