സീസണ് റദ്ദാക്കിയാലും പ്രീമിയര്‍ ലീഗ് കിരീടം ലിവര്പൂളിനെന്ന് യുവേഫ പ്രസിഡന്റ്
രണ്ടാം സ്ഥാനക്കാരേക്കാള്‍ 25 പോയിന്റിന്റെ മുന്‍തൂക്കവുമായി അതിവേഗം ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് അടുക്കുമ്പോഴായിരുന്നു കൊറോണ വൈറസ് എല്ലാം തകിടം മറിച്ചത്...

കൊറോണ വൈറസ് ബാധയുടെ പേരില്‍ ലിവര്‍പൂളിന് പ്രീമിയര്‍ ലീഗ് കിരീടം നഷ്ടമാകില്ലെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടര്‍ സെഫെരിന്‍. രണ്ടാം സ്ഥാനക്കാരേക്കാള്‍ 25 പോയിന്റിന്റെ മുന്‍തൂക്കവുമായി അതിവേഗം ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് അടുക്കുമ്പോഴായിരുന്നു കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റിവെക്കേണ്ടി വന്നത്. സീസണ് തുടരാനായില്ലെങ്കില്‍ ലിവര്‍പൂളിന് കിരീടം സമ്മാനിക്കുന്നത് അനീതിയാണെന്ന അഭിപ്രായപ്രകടനങ്ങള്ക്കിടെയാണ് യുവേഫ പ്രസിഡന്റ് ലിവര്‍പൂളിന് അനുകൂലമായി സംസാരിച്ചിരിക്കുന്നത്.
1990ന് ശേഷമുള്ള ആദ്യ പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിക്കാന്‍ രണ്ട് വിജയങ്ങള്‍ മാത്രം മതി ലിവര്‍പൂളിന്. മാഞ്ചസ്റ്റര്‍ സിറ്റി അടുത്ത മത്സരം തോറ്റാല്‍ ഒരു ജയംകൊണ്ടുതന്നെ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ജേതാക്കളാവുകയും ചെയ്യും. ഇനി ഒമ്പത് മത്സരങ്ങളാണ് ലിവര്‍പൂളിന് ബാക്കിയുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും അഞ്ച് ബാക്കി നില്‍ക്കെ പ്രീമിയര്‍ ലീഗ് ജേതാക്കളായിട്ടുണ്ട്. ഈ റെക്കോഡ് ലിവര്‍പൂള്‍ തകര്‍ക്കാനും സാധ്യത ഏറെ.
എപ്പോള്‍ മുതല്‍ കളികള്‍ പുനരാരംഭിക്കാനാകുമെന്നോ സീസണ് തന്നെ റദ്ദാക്കേണ്ടി വരുമോ എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നതാണ് ലിവര്‍പൂളിനെ ആശങ്കപ്പെടുത്തുന്നത്. എന്നാല്‍ ലിവര്‍പൂളിന് അര്‍ഹതപ്പെട്ട കിരീടം നല്‍കാതിരിക്കുന്ന പ്രശ്നമില്ലെന്നാണ് യുവേഫ പ്രസിഡന്റ് സ്ലോവേനിയന്‍ സ്പോര്‍ട്സ് മാധ്യമമായ എകിയക്ക് നല്കിയ അഭിമുഖത്തിനിടെ പറഞ്ഞത്.
മത്സരങ്ങള്‍ പുനരാരംഭിച്ചാല്‍ ലിവര്‍പൂള്‍ കിരീടം നേടുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഇനി മറ്റേതെങ്കിലും രീതിയിലാണ് സീസണ് അവസാനിക്കുന്നതെങ്കിലും ചാമ്പ്യന്മാരെ തെരഞ്ഞെടുക്കപ്പെടും. അപ്പോഴും ലിവര്‍പൂളിനെ ഒഴിവാക്കാനാകുമെന്ന് തോന്നുന്നില്ലെന്നാണ് സെഫെരിന്‍ പറഞ്ഞത്. അതേസമയം കോവിഡ് ഭീതിയില്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ കിരീടം നല്‍കേണ്ടി വന്നാല്‍ അത് ആരാധകര്‍ക്കും കളിക്കാര്‍ക്കും ഒരുപോലെ നിരാശയായിരിക്കും സമ്മാനിക്കുക.