ജീവനക്കാരുടെ ശമ്പളത്തിന് സര്‍ക്കാരിന്റെ കോവിഡ് ഫണ്ട്; എതിര്‍പ്പിനൊടുവില്‍ മലക്കം മറിഞ്ഞ് ലിവര്‍പൂള്‍
ബ്രിട്ടീഷ് സര്‍ക്കാറിന്റെ പ്രത്യേക കോവിഡ് സഹായ ഫണ്ട് ഉപയോഗിച്ച് ജീവനക്കാരുടെ ശമ്പളം നല്‍കുമെന്ന ലിവര്‍പൂളിന്റെ തീരുമാനമാണ് വന്‍ വിമര്ശങ്ങള്ക്കിടയാക്കിയത്...

ബ്രിട്ടീഷ് സര്‍ക്കാരിന്റ കോവിഡ് ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ജീവനക്കാര്‍ക്ക് വേതനം നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും ലിവര്‍പൂള്‍ പിന്മാറുന്നു. മുന്‍ കളിക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും അടക്കം വലിയ തോതില്‍ പ്രതിഷേധങ്ങള്‍ വന്നതിനെ തുടര്‍ന്നാണ് ലിവര്‍പൂള്‍ തീരുമാനത്തില്‍ നിന്നും പിന്മാറുന്നത്. ഇരുന്നൂറോളം വരുന്ന ക്ലബിന്റെ ജീവനക്കാരുടെ 80 ശതമാനം വരെ ശമ്പളം ബ്രിട്ടീഷ് സര്‍ക്കാറിന്റെ കോവിഡ് പ്രത്യേക ഫണ്ട് ഉപയോഗിച്ച് നല്‍കാനായിരുന്നു ലിവര്‍പൂളിന്റെ അമേരിക്കന്‍ മുതലാളിമാരായ ഫെന്‍വേ സ്പോര്‍ട്സ് ഗ്രൂപ്പിന്റെ തീരുമാനം.
കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടിലാകുന്ന ചെറുകിട കമ്പനികളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ സമാശ്വാസ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ടോട്ടന്നം, ന്യൂകാസില്‍, ബേണ്‍മൗത്ത്, നോര്‍വിച്ച് സിറ്റി തുടങ്ങിയ പ്രീമിയര്‍ ലീഗ് ടീമുകള്‍ ബ്രിട്ടന് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി ഉപയോഗിച്ച് ജീവനക്കാര്‍ക്ക് വേതനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് പ്രീമിയര്‍ ലീഗിലെ സാമ്പത്തികമായി മുന്നിലുള്ള ലിവര്‍പൂളും പദ്ധതി ഉപയോഗിക്കുമെന്ന് പറഞ്ഞതോടെ കളിമാറി.
കഴിഞ്ഞ ഫെബ്രുവരിയില്‍ 42 ദശലക്ഷം പൗണ്ട് (ഏതാണ്ട് 393 കോടിരൂപ) ലാഭം രേഖപ്പെടുത്തിയ ഫുട്ബോള്‍ ക്ലബാണ് ലിവര്‍പൂള്‍. ഇതിനേക്കാള്‍ കൂടിയ തുക (43 ദശലക്ഷം പൗണ്ട്) ലിവര്‍പൂള്‍ കഴിഞ്ഞ വര്‍ഷം ഏജന്റുമാര്‍ക്ക് മാത്രം പ്രതിഫലമായി നല്‍കിയിട്ടുണ്ട്. ആകെ 533 ദശലക്ഷം പൗണ്ട് (ഏതാണ്ട് 5000 കോടിരൂപ) വിറ്റുവരവുള്ള വമ്പന്‍ ക്ലബായ ലിവര്‍പൂളിന്റെ തീരുമാനത്തിനെതിരെ മുന്‍ കളിക്കാരും ആരാധകരും കടുത്ത വിമര്‍ശവുമായി രംഗത്തെത്തി.

മുന്‍ ലിവര്‍പൂള്‍ ക്യാപ്റ്റന്‍ ജാമി കരഗറായിരുന്നു ക്ലബ് മാനേജ്മെന്റിന്റെ ഈ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയവരില്‍ പ്രമുഖന്. 16 വര്‍ഷം ലിവര്‍പൂളില്‍ കളിച്ച താരമാണ് കരഗര്‍. ഇതിനിടെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ആശ്രയിക്കില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും പ്രഖ്യാപിക്കുകയും ചെയ്തു.
ബ്രിട്ടീഷ് മന്ത്രിസഭയിലെ അംഗങ്ങള്‍ തന്നെ ലിവര്‍പൂള്‍ ഉടമകള്‍ക്ക് അടുത്ത നീക്കം സൂക്ഷിച്ച് വേണമെന്ന മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് മുന്‍ തീരുമാനം പിന്‍വലിച്ച് പുതിയ തീരുമാനമെടുക്കാന്‍ ലിവര്‍പൂള്‍ നിര്‍ബന്ധിതമായത്.