LiveTV

Live

Football

വിടപറഞ്ഞത്, ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം

രണ്ട് ഒളിംപിക്‌സുകളില്‍ പങ്കെടുത്ത ബാനര്‍ജിയുടെ ഗോളിലായിരുന്നു 1960ലെ റോം ഒളിംപിക്‌സില്‍ ഫ്രാന്‍സിനെ ഇന്ത്യ 1-1ന് പിടിച്ചുകെട്ടിയത്...

വിടപറഞ്ഞത്, ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം

ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ്ണകാലഘട്ടത്തിലെ കളിക്കാരനായിരുന്നു പി.കെ ബാനര്‍ജി. 15ാം വയസില്‍ സന്തോഷ് ട്രോഫി കളിച്ചതാരം. ഇന്ത്യന്‍ ക്യാപ്റ്റനായും പരിശീലകനായും തിളങ്ങിയ വ്യക്തിത്വം. 1960ലെ റോം ഒളിംപിക്‌സില്‍ ഫ്രാന്‍സിനെ ഇന്ത്യ 1-1ന് പിടിച്ചുകെട്ടിയപ്പോള്‍ നിര്‍ണ്ണായക ഗോള്‍ നേടിയ താരം. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഇന്ത്യന്‍ ടീം അംഗം. 83ാം വയസില്‍ പി.കെ ബാനര്‍ജി വിട പറഞ്ഞതോടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ആ സുവര്‍ണ്ണ കാലം കൂടിയാണ് അദ്ദേഹത്തിനൊപ്പം ഭൂതകാലത്തേക്ക് മറയുന്നത്.

സന്തോഷ് ട്രോഫിയില്‍ ബീഹാറിനുവേണ്ടി ഉത്സാഹിച്ചു കളിക്കുന്ന 15കാരന്‍ പയ്യന്റെ കളി മികവാണ് അവനെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ പറുദീസയായിരുന്ന കൊല്‍ക്കത്തയിലെത്തിക്കുന്നത്. പി.കെയുടെ കളി കണ്ട് ഇഷ്ടപ്പെട്ട ആര്യന്‍ ക്ലബ് 1954ല്‍ വിംങറാക്കി. അന്ന് പ്രായം പതിനെട്ട്. ദക്ഷിണ റെയില്‍വേ വൈകാതെ അദ്ദേഹത്തിന് ജോലി വാഗ്ദാനം ചെയ്തു. റെയില്‍വേ ജോലി സ്വീകരിച്ച പി.കെ കരിയറിന്റെ അവസാനം വരെ റെയില്‍വേയോടുള്ള തന്റെ കൂറ് കളഞ്ഞില്ല.

പി.കെ ബാനര്‍ജി, 1960ലെ ഇന്ത്യന്‍ ഒളിംപിക്സ് ടീം(വലത്ത്)
പി.കെ ബാനര്‍ജി, 1960ലെ ഇന്ത്യന്‍ ഒളിംപിക്സ് ടീം(വലത്ത്)

പത്തൊമ്പതാം വയസിലാണ് പി.കെ ബാനര്‍ജി ഇന്ത്യന്‍ ദേശീയ ടീമിനുവേണ്ടി കളിക്കുന്നത്. അന്ന് കിഴക്കന്‍ പാകിസ്താനിലും ഇന്ന് ബംഗ്ലാദേശിലുമുള്ള ധാക്കയില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ അഞ്ച് ഗോളടിച്ച് ടോപ് സ്‌കോററായ പി.കെ പിന്നെ ടീമിലെ സ്ഥിരം സാന്നിധ്യമായി. 39 അന്താരാഷ്ട്രമത്സരങ്ങളില്‍ ഇന്ത്യക്കുവേണ്ടി ഇറങ്ങിയ പി.കെ 19 ഗോളുകളും നേടിയിട്ടുണ്ട്.

1956ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ ആതിഥേയരായ ആസ്‌ട്രേലിയയെ 4-1ന് തോല്‍പിച്ചാണ് ഇന്ത്യ നാലാം സ്ഥാനം നേടിയത്. 1960ലെ റോം ഒളിംപിക്‌സില്‍ ഫ്രാന്‍സിന്‍ 1-1ന് പിടിച്ചുകെട്ടിയപ്പോള്‍ ഇന്ത്യയുടെ സമനില ഗോള്‍ പിറന്നത് പി.കെ ബാനര്‍ജിയുടെ വകയായിരുന്നു. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ദക്ഷിണകൊറിയയെ തോല്‍പിച്ച് സ്വര്‍ണ്ണം നേടിയ ഇന്ത്യയുടെ സുവര്‍ണ്ണ ടീമിലും പി.കെ ബാനര്‍ജി നിറ സാന്നിധ്യമായിരുന്നു.

ബൂട്ടിയ പി.കെ ദാക്കൊപ്പം
ബൂട്ടിയ പി.കെ ദാക്കൊപ്പം

മികച്ച കളിക്കാര്‍ പലരും പരാജയപ്പെട്ട പരിശീലക വേഷത്തിലും പി.കെ തിളങ്ങി. പോസിറ്റീവ് ചിന്തകളും നര്‍മ്മസംഭാഷണങ്ങളുമായി ആള്‍ക്കൂട്ടത്തെ കയ്യിലെടുക്കുന്ന അതേ ലാഘവത്തോടെ കളിക്കാരുടെ മനസും കീഴടക്കിയ പരിശീലകനായിരുന്നു 'പി.കെ ദാ'. റെയില്‍വേ ടീമിനെ പരിശീലിപ്പിച്ച് തുടങ്ങിയ അദ്ദേഹം കൊല്‍ക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനേയും മോഹന്‍ ബഗാനേയും പരിശീലിപ്പിച്ചു. 1975ലെ ഐ.എഫ്.എ ഷീല്‍ഡ് ഫൈനലില്‍ മോഹന്‍ ബഗാനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം(5-0) ഈസ്റ്റ് ബംഗാള്‍ നേടുമ്പോള്‍ പരിശീലക വേഷത്തില്‍ പി.കെ ദായുമുണ്ടായിരുന്നു.

പിന്നീട് മോഹന്‍ ബഗാനിലെത്തിയപ്പോള്‍ 1977ല്‍ ഐ.എഫ്.എ ഷീല്‍ഡ് കപ്പും ഡ്യൂറാന്റ് കപ്പും റോവേഴ്‌സ് കപ്പും നേടി അദ്ദേഹം ട്രിപ്പിള്‍ തികച്ചു. ഫുട്‌ബോള്‍ ഇതിഹാസം പെലെ നയിച്ച ന്യൂയോര്‍ക്ക് കോസ്‌മോസ് ക്ലബിനെ 2-2ന് സമനിലയില്‍ പിടിച്ച മോഹന്‍ ബഗാനെ നയിച്ചതും പി.കെ ദായുടെ തന്ത്രങ്ങളായിരുന്നു. കളിയുടെ അവസാനം വരെ പൊരുതാന്‍ മോഹന്‍ ബഗാന്‍ കാണിച്ച പോരാട്ട വീര്യത്തെ പെലെ പോലും അഭിനന്ദിച്ചത് പി.കെ ദാക്ക് ലഭിച്ച് അമൂല്യമായ പുരസ്‌കാരങ്ങളിലൊന്നായിരുന്നു.

ചോ ഗോസ്വാമി, പി.കെ ബാനര്‍ജി, തുള്‍സി ബല്‍റാം
ചോ ഗോസ്വാമി, പി.കെ ബാനര്‍ജി, തുള്‍സി ബല്‍റാം

1961ല്‍ അര്‍ജുന നേടിയ പി.കെ ബാനര്‍ജിയെ 1990ല്‍ പത്മശ്രീ പുരസ്‌കാരം തേടിയെത്തി. ഇതേ വര്‍ഷം തന്നെ പി.കെക്ക് ഫിഫ ഫെയര്‍പ്ലേ അവാര്‍ഡ് ലഭിച്ചു. 2004ല്‍ ഫിഫ കോണ്ടിനെന്റ് ഓര്‍ഡര്‍ ഓഫ് മെറിറ്റ് പുരസ്‌കാരം നല്‍കിയും അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രതിഭയെ ആദരിച്ചു.

1972മുതല്‍ 1986വരെ ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനായും പി.കെ ബാനര്‍ജി സേവനം അനുഷ്ടിച്ചിട്ടുണ്ട്. പിന്നീട് 1991 മുചസ് 1997 വരെയുള്ള കാലത്ത് ജംഷെഡ്പൂരിലെ ടാറ്റ ഫുട്‌ബോള്‍ അക്കാദമിയില്‍ കൗമാര പ്രതിഭകളെ കണ്ടെത്താനും പി.കെ ദായുടെ സേവനം ഉപയോഗിച്ചു. ആരോഗ്യം കുറഞ്ഞുവന്നതോടെ പരിശീലകവേഷം അഴിച്ചുവെച്ച പി.കെ ബാനര്‍ജി പത്രങ്ങളിലെ ലേഖനങ്ങളിലൂടെയും ടി.വിയിലൂടേയും ഫുട്‌ബോളിനെക്കുറിച്ചുള്ള വിലപ്പെട്ട അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ മറന്നില്ല.

പി.കെ
പി.കെ

2006ല്‍ സെറിബ്രല്‍ സ്‌ട്രോക്കിനു ശേഷം വീല്‍ ചെയറിലായിരുന്നു പിന്നീടുള്ള കാലം അദ്ദേഹം ജീവിച്ചത്. ഒടുവില്‍ ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഫെബ്രുവരി ആറിനാണ് പി.കെ ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്നര മാസം നീണ്ട വെന്റിലേറ്റര്‍ വാസത്തിന് ശേഷമാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ പോരാളി 83ാം വയസില്‍ വിടവാങ്ങുന്നത്.