LiveTV

Live

Football

സെര്‍ജിയോ റാമോസ്, ചുവപ്പ് കാര്‍ഡ്-26 

ഏതു നിമിഷവും ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തുപോകാന്‍ സാധ്യതയുള്ള താരമെന്ന സാധ്യതയെ മുതലാക്കും വിധമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി സെര്‍ജിയോ റാമോസിനെതിരെ തന്ത്രങ്ങള്‍ ഒരുക്കിയത്.

സെര്‍ജിയോ റാമോസ്, ചുവപ്പ് കാര്‍ഡ്-26 

കളി മുറുകുമ്പോള്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോകുന്ന ശീലം റയല്‍ മാഡ്രിഡ് നായകന്‍ ഒരിക്കല്‍ കൂടി പുറത്തെടുത്തു. കരിയറില്‍ 26ആം തവണയാണ് റാമോസ് ചുവപ്പുകാര്‍ഡ് നേടുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ നാലാമതും. സിറ്റിക്കെതിരായ നിര്‍ണ്ണായകമായ രണ്ടാം പാദത്തില്‍ റാമോസ് പുറത്തിരിക്കേണ്ടിയും വരും.

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗിലും റാമോസ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയിരുന്നു. അന്ന് ഞാന്‍ കാര്‍ഡ് വാങ്ങിയാലോ എന്ന് സഹതാരങ്ങളോട് റാമോസ് ചോദിക്കുന്നത് ക്യാമറകള്‍ പകര്‍ത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. യുവേഫയുടെ രണ്ട് മത്സരങ്ങളില്‍ നിന്നുള്ള വിലക്കും റാമോസിന് വന്നു. അയാക്‌സിനോട് തോറ്റ് പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ് പുറത്താവുകയും ചെയ്തു.

ഏതു നിമിഷവും ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തുപോകാന്‍ സാധ്യതയുള്ള താരമെന്ന സാധ്യതയെ മുതലാക്കും വിധമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി സെര്‍ജിയോ റാമോസിനെതിരെ തന്ത്രങ്ങള്‍ ഒരുക്കിയത്. ആദ്യ മണിക്കൂറില്‍ റാമോസിന് കാര്യമായ പണിയൊന്നുമുണ്ടായിരുന്നില്ല. ജെസൂസ് ഇടതുവിങ്ങിലേക്ക് മാറിയതോടെ പ്രതിരോധത്തേക്കാള്‍ ആക്രമണത്തിലായിരുന്നു റാമോസിന്റെ ശ്രദ്ധ.

ഒടുവില്‍ ഇസ്‌കോയിലൂടെ റയല്‍ മാഡ്രിഡ് ലീഡെടുത്തത്തോടെ സിറ്റിയും ഗ്വാര്‍ഡിയോളയും തന്ത്രങ്ങള്‍ മാറ്റി. പകരക്കാരനായി റഹീം സ്‌റ്റെര്‍ലിംങ് വന്നു. എണ്ണയിട്ട യന്ത്രങ്ങളെ പോലെ ഡിബ്രൂയിനും ജെസൂസും കളിച്ചു. റാമോസിനെ മറികടന്ന് ജെസൂസ് ഹെഡറിലൂടെ ആദ്യ ഗോള്‍ തിരിച്ചടിച്ചു. സ്‌റ്റെര്‍ലിംങിനെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് നേടിയ പെനല്‍റ്റി 83ആം മിനുറ്റില്‍ ഡിബ്രൂയിന്‍ ഗോളാക്കുകയും ചെയ്തതോടെ സിറ്റി 2-1ന്റെ ലീഡെടുത്തു.

അവസാന നിമിഷങ്ങളില്‍ ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്തായിരുന്നു റാമോസിന്റെ ഫൗളും ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവലും. 86ആം മിനുറ്റില്‍ ഗോളിലേക്കുള്ള വഴിയില്‍ ബോക്‌സിന് തൊട്ടു പുറത്തെത്തിയെ ജെസൂസിനെ റാമോസ് വെട്ടി വീഴ്ത്തി. ജെസൂസിന്റെ വേഗത്തിന് മുന്നില്‍ 33കാരനായ റാമോസിന് കാര്യമായ മറ്റുവഴികളുണ്ടായിരുന്നില്ലെന്നത് മറ്റൊരു സത്യം.