LiveTV

Live

Football

ഗ്വാര്‍ഡിയോളയുടെ ‘ടോട്ടല്‍ ഫുട്‌ബോള്‍’ സിറ്റി താരങ്ങളെ പോലും അമ്പരപ്പിച്ചെന്ന് ഡി ബ്രൂയിന്‍ 

പത്ത് ദിവസമെടുത്താണ് റയല്‍ മാഡ്രിഡിനെതിരായ തന്ത്രം രൂപപ്പെടുത്തിയതെന്നാണ് പെപ് ഗ്വാര്‍ഡിയോള തന്നെ വ്യക്തമാക്കിയത്...

ഗ്വാര്‍ഡിയോളയുടെ ‘ടോട്ടല്‍ ഫുട്‌ബോള്‍’ സിറ്റി താരങ്ങളെ പോലും അമ്പരപ്പിച്ചെന്ന് ഡി ബ്രൂയിന്‍ 

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെതിരായ മത്സരത്തില്‍ പെപ് ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളെ പോലും അമ്പരപ്പിച്ചെന്ന് കെവിന്‍ ഡി ബ്രൂയിന്‍. നിര്‍ണ്ണായക മത്സരത്തില്‍ 2-1ന് വിജയിച്ച ശേഷമായിരുന്നു സിറ്റി താരത്തിന്റെ പ്രതികരണം. അപ്രതീക്ഷിത ലൈനപ്പും സബ്സ്റ്റിറ്റിയൂഷനും താരങ്ങളുടെ പൊസിഷനിലെ മാറ്റങ്ങളും വഴിയാണ് പെപ് കളം പിടിച്ചെടുത്തത്.

സെര്‍ജിയെ അഗ്യൂറോ, റഹീം സ്‌റ്റെര്‍ലിംങ്, ഫെര്‍ണാണ്ടിനോ തുടങ്ങിയ താരങ്ങളെ ബെഞ്ചിലിരുത്തിയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി കളി തുടങ്ങിയത്. ജെസൂസിന് പകരം ഡി ബ്രൂയിനും ബെര്‍ണാഡോ സില്‍വയും മധ്യഭാഗത്തെ മുന്നേറ്റക്കാരായി 4-4-2 ഫോര്‍മേഷനിലാണ് സിറ്റി ഇറങ്ങിയത്. ഗബ്രിയേല്‍ ജെസൂസ് ഇടത് വിങ്ങില്‍ കളിച്ചു.

പെപ് ഗ്വാര്‍ഡിയോള
പെപ് ഗ്വാര്‍ഡിയോള

രണ്ടാം പകുതിയില്‍ ഇസ്‌കോ റയല്‍ മാഡ്രിഡിനായി ഗോള്‍ നേടിയതോടെ പെപ് തന്ത്രം മാറ്റി. സ്റ്റെര്‍ലിംങ് പകരക്കാരനായിറങ്ങി കളം വാണു. കളിയുടെ ഗതിക്ക് വിപരീതമായി ജെസൂസിന്റെ സമനിലഗോളെത്തി. ഒടുവില്‍ സ്‌റ്റെര്‍ലിംങ് നേടിക്കൊടുത്ത പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഡിബ്രൂയിന്‍ വിജയഗോളും നേടി. അവസാന മിനുറ്റുകളില്‍ ജെസൂസിനെകൊണ്ട് പൊറുതി മുട്ടിയ സെര്‍ജിയോ റാമോസ് വെട്ടിവീഴ്ത്തി. അങ്ങനെ റാമോസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുക കൂടി ചെയ്തതോടെ ഗ്വാര്‍ഡിയോളയുടെ വിജയം പൂര്‍ണ്ണമായി.

''പെപ് വന്നതിന് ശേഷം നാല് വര്‍ഷങ്ങളില്‍ പല കളികളിലും അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് കളിക്കാര്‍ക്ക് യാതൊരു അറിവുമുണ്ടാകില്ല. റയലിനെതിരായ കളി തുടങ്ങുന്നതിന് മുമ്പും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ധാരണയില്ലായിരുന്നു. . ഇസ്‌കോയുടെ ഗോളിന് ഞങ്ങളുടെ മറുപടി ഗംഭീരമായിരുന്നു' മത്സരശേഷം കെവിന്‍ ഡിബ്രൂയിന്‍ പറഞ്ഞു.

യുവേഫയുടെ രണ്ട് വര്‍ഷ വിലക്ക് വന്നതൊന്നും കളിയെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയാണ് ഗാര്‍ഡിയോളയും സംഘവും സാന്റിയാഗോ ബെര്‍ണബൂവില്‍ നിന്നും മടങ്ങിയത്. പത്ത് ദിവസമെടുത്താണ് റയല്‍ മാഡ്രിഡിനെതിരായ തന്ത്രം രൂപപ്പെടുത്തിയതെന്ന് പെപ് ഗ്വാര്‍ഡിയോള തന്നെ വ്യക്തമാക്കി. ഇതിനിടെ റയലിന്റെ നിരവധി മത്സരങ്ങള്‍ കണ്ട ശേഷമാണ് ഗ്വാര്‍ഡിയോള സിറ്റിയുടെ കളി എങ്ങനെ വേണമെന്ന് തീരുമാനിച്ചത്. അതേസമയം റയല്‍ മാഡ്രിഡിനെ എഴുതി തള്ളാനാവില്ലെന്നും രണ്ടാം പാദത്തില്‍ അവര്‍ തിരിച്ചുവരവിന് ശ്രമിക്കുമെന്നും പെപ് ഓര്‍മ്മിപ്പിച്ചു.

ഈ ജയത്തോടെ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ഗ്വാര്‍ഡിയോള 28 ജയങ്ങളെന്ന റെക്കോഡും സ്വന്തമാക്കി. ഫെര്‍ഗൂസന്‍, മൗറീന്യോ, ആന്‍സെലോട്ടി എന്നിവര്‍ക്ക് 27 ജയങ്ങളാണുള്ളത്. റയല്‍ മാഡ്രിഡിനെതിരെ 21ആം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന റെക്കോഡും പെപിന്റെ പേരിലാണ്. ഗ്വാര്‍ഡിയോള പരിശീലിപ്പിച്ച ടീമുകള്‍ പത്ത് തവണയാണ് റയല്‍ മാഡ്രിഡിനെ തോല്‍പിച്ചത്. ഏണസ്റ്റോ വല്‍വെര്‍ദയേയും ദിയേഗോ സിമയോണിയേയുമാണ് ഗ്വാര്‍ഡിയോള മറികടന്നത്.