LiveTV

Live

Football

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് വര്‍ഷം വിലക്ക്

താരങ്ങളെ വാങ്ങുന്നതിനും മറ്റുമായി അനുവദനീയമല്ലാത്ത രീതിയില്‍ പണം ചിലവഴിച്ചെന്നതാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ പ്രധാനകുറ്റം. വിലക്കിനൊപ്പം 30 മില്യണ്‍ യൂറോ(ഏകദേശം 232 കോടിരൂപ) പിഴയുമുണ്ട്...

മാഞ്ചസ്റ്റര്‍ സിറ്റിക്ക്  ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് വര്‍ഷം വിലക്ക്

ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് യുവേഫയുടെ രണ്ട് വര്‍ഷം വിലക്ക്. ഇതോടെ യുവേഫയുടെ ചാമ്പ്യന്‍സ് ലീഗും യൂറോപ ലീഗും അടക്കമുള്ള ടൂര്‍ണ്ണമെന്റുകളില്‍ സിറ്റിക്ക് കളിക്കാനാകില്ല. വിലക്കിന് പുറമേ 30 ദശലക്ഷം യൂറോ(ഏകദേശം 232 കോടിരൂപ) പിഴയും യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ വിധിച്ചിട്ടുണ്ട്. നിയമപരമല്ലാത്ത സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവേഫയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ തെറ്റിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഒരു വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായില്ലെങ്കില്‍ 715 കോടിരൂപയുടെ സാമ്പത്തിക നഷ്ടം മാഞ്ചസ്റ്റര്‍ സിറ്റിക്കുണ്ടാകും. ഈ വിലക്ക് കൂടി കണക്കിലെടുത്തായിരിക്കും മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിലവിലുള്ള താരങ്ങളും വരാന്‍ സാധ്യതയുള്ളവരും ഭാവിയില്‍ തീരുമാനങ്ങളെടുക്കുക

നിലവിലെ പ്രിമിയര്‍ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വലിയ തിരിച്ചടിയാണ് യുവേഫയുടെ ഈ തീരുമാനം. പ്രീമിയര്‍ ലീഗിലെ ധനിക ക്ലബുകളും പാവപ്പെട്ട ക്ലബുകളും തമ്മിലുള്ള അന്തരം കുറക്കുകയെന്ന ലക്ഷ്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് യുവേഫ ഏര്‍പെടുത്തിയിട്ടുള്ളത്. ഇതിനെ മറികടന്ന് 2012-2016 കാലഘട്ടത്തില്‍ താരങ്ങളുടെ ട്രാന്‍സ്ഫറുകള്‍ക്കും മറ്റുമായി വന്‍തോതില്‍ പണം മാഞ്ചസ്റ്റര്‍ സിറ്റി ചിലവഴിച്ചുവെന്നാണ് പ്രധാന കുറ്റം. ആരോപണം അന്വേഷിച്ച യുവേഫയുടെ അന്വേഷണ ഏജന്‍സിയുമായി മാഞ്ചസ്റ്റര്‍ സിറ്റി സഹകരിച്ചില്ലെന്ന കുറ്റവും ക്ലബിനെതിരെ ചാര്‍ത്തിയിട്ടുണ്ട്.

പെപ് ഗ്വാര്‍ഡിയോള
പെപ് ഗ്വാര്‍ഡിയോള

ഒരുവര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായില്ലെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കുറഞ്ഞത് 100 ദശലക്ഷം ഡോളറിന്‍റെ(ഏകദേശം 715 കോടിരൂപ) നഷ്ടമാണുണ്ടാവുക. ഇതിന് പുറമേ ക്ലബിന്റെ സല്‍പേരിനേയും താരങ്ങളുടെ ട്രാന്‍സ്ഫറുകളേയും അത് ബാധിക്കും. ഈ വിലക്ക് കൂടി കണക്കിലെടുത്തായിരിക്കും മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിലവിലുള്ള താരങ്ങളും വരാന്‍ സാധ്യതയുള്ളവരും ഭാവിയില്‍ തീരുമാനങ്ങളെടുക്കുക. അടുത്തവര്‍ഷം വരെ കരാറുള്ള പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തുടരാനുള്ള തീരുമാനത്തെ പോലും ഇത് ബാധിച്ചേക്കാം.

അതേസമയം നിലവിലെ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി കളിക്കുന്നത് വിലക്ക് മൂലം യുവേഫക്ക് തടയാനാവില്ല. ഫെബ്രുവരി 26ന് റയല്‍ മാഡ്രിഡുമായുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരം നിശ്ചയിച്ച പ്രകാരം നടക്കും. അടുത്ത സീസണ്‍ മുതലായിരിക്കും പരമാവധി വേഗത്തില്‍ ശിക്ഷാ നടപടികള്‍ ആരംഭിച്ചാല്‍ പോലും വിലക്ക് പ്രാബല്യത്തില്‍ വരിക. അപ്പോഴും കായിക തര്‍ക്കങ്ങളിലെ പരമോന്നത കോടതിയായ Court of Arbitration for Sport ലോ കേസ് സിവില്‍ കോടതിയിലേക്ക് മാറ്റാനോ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അവസരമുണ്ട്. യുവേഫ അന്വേഷണ സമിതിയുടെ വിധി പ്രതീക്ഷിച്ചതാണെന്നും അപ്പീല്‍ നല്‍കുമെന്നും മാഞ്ചസ്റ്റര്‍ സിറ്റി അറിയിച്ചിട്ടുമുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 2002ല്‍ രണ്ടാം നിരയിലേക്ക് തരംതാഴ്ത്തപ്പെട്ട മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉയര്‍ത്തെഴുന്നേല്‍പ് ഉടമയായി യു.എ.ഇ ഭരണാധികാരിയുടെ സഹോദരനായ ഷെഖ് മന്‍സൂര്‍ ബിന്‍ സയദ് അല്‍ നഹ്യാന്റെ വരവോടെയാണ് സംഭവിക്കുന്നത്. രണ്ട് പതിറ്റാണ്ടിനകം മാഞ്ചസ്റ്റര്‍ സിറ്റി ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ക്ലബുകളിലൊന്നാക്കി മാറ്റിയത് ഷെഖ് മന്‍സൂറിന്റെ ഇടപെടലുകളായിരുന്നു. ഇതിനായി വന്‍ തോതിലാണ് പണം ക്ലബിലേക്ക് ഒഴുകിയെത്തിയത്. യുവേഫയുടെ financial fair play (FFP) എന്ന ആശയത്തേയും നിയമത്തേയും തുടക്കം മുതല്‍ എതിര്‍ത്തിട്ടുള്ള ക്ലബുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി.

മാഞ്ചസ്റ്റര്‍ സിറ്റി ഉടമ ഷേഖ് മന്‍സൂര്‍
മാഞ്ചസ്റ്റര്‍ സിറ്റി ഉടമ ഷേഖ് മന്‍സൂര്‍

2018ല്‍ ജര്‍മ്മന്‍ മാസികയായ Der Spiegel മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആഭ്യന്തര ഇമെയില്‍ സന്ദേശങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഓഹരിയുടമകള്‍ വഴിയും പെരുപ്പിച്ച് കാണിച്ച സ്‌പോണ്‍സര്‍ഷിപ് കരാറുകള്‍ വഴിയും 2.7 ബില്യണ്‍ യൂറോ(ഏകദേശം 20919 കോടിരൂപ) സമാഹരിച്ചെന്നായിരുന്നു ആരോപണം. ഈ പണമാണ് സിറ്റി വന്‍ താരങ്ങളെ വാങ്ങാന്‍ ഉപയോഗിച്ചതും. ഈ വാര്‍ത്തയെ ചുവടുപിടിച്ചായിരുന്നു യുവേഫയുടെ അന്വേഷണം.

ക്ലബുകളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കാന്‍ 2011 മുതലാണ് യുവേഫ നിയമം കൊണ്ടുവരുന്നത്. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുറമേ യൂറോപിലെ വന്‍ ക്ലബുകളായ പി.എസ്.ജിയും എ.സി മിലാനും അടക്കമുള്ള പലപ്പോഴും ഈ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ട്. 2014ല്‍ ഇതേ നിയമം ലംഘിച്ചതിന് മാഞ്ചസ്റ്റര്‍ സിറ്റിക്ക് 49 ദശലക്ഷം പൗണ്ട് യുവേഫ പിഴയിട്ടിരുന്നു.