LiveTV

Live

Football

ഒന്നാം സ്ഥാനത്ത് 22 പോയിന്റ് മുന്‍തൂക്കം, പ്രീമിയര്‍ ലീഗില്‍ റെക്കോഡിട്ട് ലിവര്‍പൂള്‍

രണ്ട് ഗോളുമായി സലായും മൂന്ന് അസിസ്റ്റുമായി ഫിര്‍മീനോയും തിളങ്ങിയ മത്സരത്തിലെ നാല് ഗോളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു...

ഒന്നാം സ്ഥാനത്ത് 22 പോയിന്റ് മുന്‍തൂക്കം, പ്രീമിയര്‍ ലീഗില്‍ റെക്കോഡിട്ട് ലിവര്‍പൂള്‍

പ്രീമിയര്‍ ലീഗില്‍ സ്ഥിരതയുള്ള അസാമാന്യ പ്രകടനം തുടരുകയാണ് ലിവര്‍പൂള്‍. സൗത്താംപ്ടണെതിരെ ഏകപക്ഷീയമായ നാല് ഗോള്‍ ജയത്തോടെ അവര്‍ രണ്ടാം സ്ഥാനക്കാരുമായുള്ള അകലം 22 പോയിന്റാക്കി ഉയര്‍ത്തി. 131 വര്‍ഷം പഴകിയ റെക്കോഡാണ് ഇതോടെ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ തിരുത്തിയത്. ഇനിയും ഏതെല്ലാം റെക്കോഡുകള്‍ അവര്‍ ഈ സീസണില്‍ തിരുത്തുന്നുവെന്ന് മാത്രമേ നോക്കാനുള്ളൂ.

അതിവേഗം പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് ലിവര്‍പൂള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 51 പോയിന്റാണെങ്കില്‍ ലിവര്‍പൂളിന് 73 പോയിന്റായി. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഗോളൊഴിഞ്ഞ ഒന്നാം പകുതിക്ക് ശേഷമായിരുന്നു ലിവര്‍പൂള്‍ സൗത്താംപ്ടണ്‍ വലയില്‍ നാല് ഗോളുകള്‍ അടിച്ചുകൂട്ടിയത്. സലാ രണ്ട് ഗോളും ചെംബര്‍ലെയിനും ഹാന്‍ഡേഴ്‌സണും ഓരോ ഗോള്‍ വീതവും നേടി. മൂന്ന് അസിസ്റ്റുമായി ഫിര്‍മീനോയും തിളങ്ങി.

ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായി ഇരുപതാം ജയമാണ് ലിവര്‍പൂള്‍ നേടിയത്. സ്വന്തം മൈതാനത്ത് ഇത്രയും നീണ്ട വിജയത്തിന്റെ റെക്കോഡ് പ്രീമിയര്‍ ലീഗില്‍ ഉള്ളത് ലിവര്‍പൂളിന് തന്നെയാണ്. 1972ല്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ളകാലത്ത് ബില്‍ ഷാന്‍കിയുടെ ടീമായിരുന്നു ആ ജൈത്രയാത്ര നടത്തിയത്.

എഫ്.എ കപ്പ് നാലാം റൗണ്ട് മത്സരത്തില്‍ പ്രധാന താരങ്ങള്‍ക്ക് ലിവര്‍പൂള്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇനി ഫെബ്രുവരി 15ന് മാത്രമാണ് ലിവര്‍പൂളിന് പ്രീമിയര്‍ ലീഗില്‍ മത്സരം. നോര്‍വിച്ച് സിറ്റിയാണ് എതിരാളികള്‍.