LiveTV

Live

Football

'ഇത് കുട്ടിക്കളിയല്ല...' തോൽവിക്കു പിന്നാലെ സഹതാരങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് മെസ്സി

സൂപ്പർകപ്പിൽ തോറ്റതിൽ കളിക്കാർക്ക് നിരാശയുണ്ടാവുക സ്വാഭാവികമാണെന്നും മുമ്പെന്നത്തേക്കാളും കെട്ടുറപ്പ് ടീമിന് ആവശ്യമാണെന്നും മെസ്സി

'ഇത് കുട്ടിക്കളിയല്ല...' തോൽവിക്കു പിന്നാലെ സഹതാരങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് മെസ്സി

സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനലിലെ തോൽവിക്കു പിന്നാലെ നിസ്സാരമായി ഗോൾവഴങ്ങിയ സഹതാരങ്ങൾക്കെതിരെ ക്ഷുഭിതനായി സൂപ്പർതാരം ലയണൽ മെസ്സി. അത്‌ലറ്റികോ മാഡ്രിഡിനോട് 2-3 ന് തോറ്റതിനു പിന്നാലെയാണ് താരം തുറന്നടിച്ചത്. കുട്ടികളുടേതു പോലുള്ള പിഴവുകൾ വലിയ മത്സരങ്ങളിൽ വരുത്തില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മെസ്സി പറഞ്ഞു.

'അത്‌ലറ്റികോയ്‌ക്കെതിരെ കളിച്ചതു പോലെ വർഷം മുഴുവനും നമുക്ക് കളിക്കേണ്ടതുണ്ട്. അതേസമയം, കുട്ടികളുടേതു പോലുള്ള പിഴവുകൾ വരുത്താതിരിക്കുകയും വേണം. 80 മിനുട്ടു വരെ നമ്മളാണ് മത്സരം നിയന്ത്രിച്ചത്. ഉന്നതമായ വേഗത്തിൽ മുഴുസമയം ആക്രമിച്ചു കളിക്കുകയും അവസരങ്ങളുണ്ടാക്കുകയും ചെയ്തു. പക്ഷേ, അവസാന പത്ത് മിനുട്ടിൽ നമ്മൾ വലിയ പിഴവ് വരുത്തി. കൈയിൽ വന്നിരുന്ന മത്സരം വഴുതിപ്പോവുകയും ചെയ്തു.'
ലയണൽ മെസ്സി

ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോൡനാണ് ബാഴ്‌സ തോൽവി വഴങ്ങിയത്. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 46-ാം മിനുട്ടിൽ കോകെയിലൂടെ അത്‌ലറ്റികോയാണ് ആദ്യം മുന്നിലെത്തിയത്. 51-ാം മിനുട്ടിൽ മെസ്സി ടീമിനെ ഒപ്പമെത്തിച്ചപ്പോൾ 62-ാം മിനുട്ടിൽ ആന്റോയ്ൻ ഗ്രീസ്മൻ ബാഴ്‌സക്ക് ലീഡ് നൽകി. എന്നാൽ അവസാന പത്ത് മിനുട്ടിൽ വഴങ്ങിയ രണ്ട് പെനാൽട്ടികൾ സ്പാനിഷ് ചാമ്പ്യന്മാർക്ക് തിരിച്ചടിയാവുകയായിരുന്നു.

81-ാം മിനുട്ടിൽ ഗോൾകീപ്പർ നെസ്റ്റോയുടെ പിഴവിലാണ് ബാഴ്‌സ പെനാൽട്ടി വഴങ്ങിയത്. കിക്കെടുത്ത അൽവാരോ മൊറാട്ടക്ക് പിഴച്ചില്ല. 86-ാം മിനുട്ടിൽ ഡിഫന്റർമാരുടെയും ഗോൾകീപ്പറുടെയും പിഴവിൽ എയ്ഞ്ചൽ കൊറയ അത്‌ലറ്റികോയ്ക്ക് ജയം സമ്മാനിച്ചു.

സൂപ്പർകപ്പിൽ തോറ്റതിൽ കളിക്കാർക്ക് നിരാശയുണ്ടാവുക സ്വാഭാവികമാണെന്നും മുമ്പെന്നത്തേക്കാളും കെട്ടുറപ്പ് ടീമിന് ആവശ്യമാണെന്നും മെസ്സി പറഞ്ഞു. 'എന്നത്തേക്കാളും കെട്ടുറപ്പോടെ നിൽക്കുകയും ശക്തമായ സംഘമായി മുന്നോട്ടു പോവുകയും വേണം. ലാലിഗയിൽ നമ്മൾ മുന്നിലാണ്. പക്ഷേ, സമീപകാലത്ത് അത്ര നന്നായി കളിക്കുന്നില്ല. ഏറ്റവും മികച്ച കളി പുറത്തെടുത്ത് മുകളിൽ നിൽക്കുകയാണ് ലക്ഷ്യം.' - മെസ്സി പറഞ്ഞു.

നാളെ നടക്കുന്ന സൂപ്പർകപ്പ് ഫൈനലിൽ അത്‌ലറ്റികോയും റയൽ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടും.