എവര്‍ട്ടണെ എഫ്.എ കപ്പില്‍ നിന്നും പുറത്താക്കി ലിവര്‍പൂളിന്റെ കുട്ടിപട്ടാളം
ഒമ്പത് മാറ്റങ്ങളുമായി കൗമാരക്കാരെ കുത്തിനിറച്ചായിരുന്നു ലിവര്‍പൂള്‍ എവര്‍ട്ടണെ നേരിടാനിറങ്ങിയത്. 1999 ന് ശേഷം ലിവര്‍പൂളിനെ ആന്‍ഫീല്‍ഡില്‍ തോല്പിക്കാന് എവര്ട്ടണ് ലഭിച്ച ഏറ്റവും മികച്ച അവസരം...

'ഇവിടുത്തെ ഏറ്റവും മികച്ച രണ്ട് ടീമുകള്‍ ലിവര്‍പൂളും ലിവര്‍പൂളിന്റെ പകരക്കാരുമാണ്' എന്ന് പറഞ്ഞത് ലിവര്‍പൂളിന്റെ മുന്‍ പരിശീലകനായിരുന്ന ബില്‍ ഷാങ്ക്ലിയാണ്. അദ്ദേഹം തമാശയായിട്ടായിരിക്കും പറഞ്ഞതെങ്കില്‍ പോലും ആ തമാശ കാര്യമായിരിക്കുന്നു. എഫ്.എ കപ്പിലെ മൂന്നാം റൗണ്ടില്‍ ലിവര്‍പൂളിന്റെ പകരക്കാരുടെ ടീം എവര്‍ട്ടണെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചു.
വിര്‍ജില്‍ വാന്‍ ഡിക്, സലാഹ്, ഫിര്‍മിനോ തുടങ്ങിയ ലിവര്‍പൂളിന്റെ സ്ഥിരം സാന്നിധ്യങ്ങളൊന്നും ഇക്കുറി ആന്‍ഫീല്‍ഡില്‍ കളിക്കാനിറങ്ങിയില്ല. ഒമ്പത് മാറ്റങ്ങളുമായി കൗമാരക്കാരെ കുത്തിനിറച്ചായിരുന്നു ലിവര്‍പൂള്‍ എവര്‍ട്ടണെ നേരിടാനിറങ്ങിയത്. കുര്‍ട്ടിസ് ജോണ്‍സ്(18), നഥാനിയേല്‍ ഫില്പ്സ്(22), നെക്കോ വില്യംസ്(18), പെഡ്രോ ഷിരിവെല്ല(22), ഹാര്‍വി എലിയട്ട്(16), യാസര്‍ ലറൗച്ചി(19), റിയാന്‍ ബ്രുവ്സ്റ്റര്(19) എന്നിങ്ങനെ പോകുന്നു ലിവര്‍പൂളിനായി ഇറങ്ങിയ പ്രധാന താരങ്ങളുടെ പേരും പ്രായവും.

71ആം മിനുറ്റില്‍ 18കാരന് പയ്യന് കുര്‍ട്ടിസ് ജോണ്‍സണാണ് എവര്ട്ടണിന്റെവലയിലേക്ക് നിറയൊഴിച്ചത്. 90 മിനുറ്റ് എണ്ണിതീര്ന്നപ്പോഴും ആ ഗോളിന് എവര്ട്ടണ് മറുപടിയുണ്ടായില്ല. 1999 സെപ്തംബറിന് ശേഷം എവര്ട്ടണ് ഇതുവരെ ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ജയിക്കാനായിട്ടില്ല. ഇതിനിടെ 7405 ദിവസങ്ങളില്‍ 24 തവണ അവര്‍ ലിവര്‍പൂളുമായി ഏറ്റുമുട്ടി. 10 മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ 14 എണ്ണത്തില്‍ ആന്‍ഫീല്‍ഡില്‍ ചെമ്പട ജയിച്ചുകയറി. ഈ ചരിത്രം തിരുത്താനെത്തിയ എവര്ട്ടണ് ഒരിക്കല്‍ കൂടി തലതാഴ്ത്തിക്കൊണ്ട് ആന്‍ഫീല്‍ഡില്‍ നിന്നും തിരിച്ചുപോകേണ്ടിയും വന്നു.

എഫ്.എ കപ്പിലെ മറ്റു മത്സരഫലങ്ങള്‍
ചെല്‍സി - നോട്ടംഫോറസ്റ്റ്(2-0), വെസ്റ്റ് ബ്രോം - ചാള്ട്ടണ്(1-0), മിഡില്‍സ്ബ്രോ- ടോട്ടന്നം(1-1), ഷെഫീല്‍ഡ് യുണൈറ്റഡ്- ഫെയ്ല്‍ഡ്(2-1), വെസ്റ്റ് ഹാം- ഗില്ലിംങ്ഹാം(2-0)