കറ്റാലന്‍ ഡര്‍ബിയില്‍ ബാഴ്സലോണക്ക് എസ്പാനിയോളിന്റെ സമനിലപ്പൂട്ട്
ഇതോടെ ലാലിഗയില്‍ ബാഴ്സലോണക്കും റയല്‍ മാഡ്രിഡിനും തുല്യ പോയിന്റായി..

സ്പാനിഷ് ലീഗില്‍ എസ്പാനിയോള്‍ ബാഴ്സലോണയെ സമനിലയില്‍ പിടിച്ചു. ആര്.സി.ഡി.ഇ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന കളിയില്‍ 2-2നായിരുന്നു എസ്പാനിയോള്‍ സമനില നേടിയത്. ഇതോടെ വിലപ്പെട്ട രണ്ട് പോയിന്റുകള്‍ നഷ്ടമായ ബാഴ്സലോണക്കൊപ്പം റയല്‍മാഡ്രിഡും പോയിന്റ് നിലയില്‍ ഒപ്പമെത്തി. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ മാത്രമാണ് മെസിയുടെ ബാഴ്സ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ബാഴ്സലോണ മോശമായി തുടങ്ങിയ മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയതും എസ്പാനിയോളായിരുന്നു. 23ആം മിനുറ്റില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡേവിഡ് ലോപ്പസ് ഫ്രീകിക്കില്‍ ഉയര്‍ന്നു ചാടി ഹെഡ് ചെയ്താണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കം വരെ കാത്തിരിക്കേണ്ടി വന്നു ബാഴ്സലോണക്ക് സമനിലപിടിക്കാന്‍. ഉറുഗ്വേ താരം ലൂയി സുവാവരസാണ് 50ആം മിനുറ്റില്‍ ജോര്‍ഡി ആല്‍ബയുടെ ക്രോസിന് ഗോളിലേക്ക് കാല്വെച്ചുകൊടുത്തത്.
59ആം മിനുറ്റില്‍ അള്ട്ടൂറോ വിദാലിന്റെ മിന്നല്‍ ഹെഡ്ഡര്‍ ബാഴ്സലോണയെ മത്സരത്തിലാദ്യമായി മുന്നിലെത്തിച്ചു. എന്നാല്‍ 75ആം മിനുറ്റില്‍ ഡി ജോങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബാഴ്സയെ ഉളച്ചുകളഞ്ഞു. അവസാന 15 മിനുറ്റില്‍ പത്തുപേരിലേക്ക് ചുരുങ്ങിയ ബാഴ്സലോണയെ നിരന്തരം ആക്രമണങ്ങള്‍ കൊണ്ട് എസ്പാനിയോള്‍ ഉലച്ചു. ഒടുവില്‍ 88ആം മിനുറ്റില്‍ വുലിയിലൂടെ അവര്‍ ഗോള്‍ നേടുകയും ചെയ്തു. ബാഴ്സലോണക്കെതിരെ ഗോള്‍ നേടുന്ന ആദ്യത്തെ ചൈനക്കാരനാണ് വുലി.
ഇന്നലെ ലാലിഗയില്‍ നടന്ന മറ്റു മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് ഗെറ്റാഫെയേയും(3-0), വലന്‍സിയ ഐബറിനേയും(1-0), അത്ലറ്റികോ മാഡ്രിഡ് ലെവന്റയേയും(2-1) തോല്പിച്ചു.