LiveTV

Live

Football

ബാക്ക് ബെഞ്ചില്‍നിന്നും വാറ്റ്‌ഫോര്‍ഡിന്റെ കുതിപ്പ്, യുണൈറ്റഡിന് ജയം

പതിനേഴ് മത്സരങ്ങളില്‍ നിന്നും ഒരു കളിയില്‍ മാത്രം ജയിച്ച് തരംതാഴ്ത്തല്‍ ഭീഷണിയിലായപ്പോഴാണ് വാറ്റ്‌ഫോര്‍ഡിന് ഉള്‍വിളിയുണ്ടായത്. ഒടുവില്‍ നടന്ന മൂന്നില്‍ രണ്ട് കളികളും ജയിച്ച് അവര്‍ കുതിക്കുകയാണ്...

ബാക്ക് ബെഞ്ചില്‍നിന്നും വാറ്റ്‌ഫോര്‍ഡിന്റെ കുതിപ്പ്, യുണൈറ്റഡിന് ജയം

ആസ്റ്റണ്‍ വില്ലക്കെതിരായ ഏകപക്ഷീയമായ മൂന്നുഗോള്‍ ജയത്തോടെ പിന്‍ നിരയില്‍ നിന്നും വാറ്റ്‌ഫോര്‍ഡിന്റെ കുതിപ്പ് തുടരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലെസ്റ്റര്‍ സിറ്റിയും എവര്‍ട്ടണും ജയിച്ചപ്പോള്‍ ടോട്ടന്നം നോര്‍വിച്ച് സിറ്റി മത്സരവും സൗത്താംപ്ടണ്‍ ക്രിസ്റ്റല്‍ പാലസ് മത്സരവും സമനിലയില്‍ കലാശിച്ചു.

ആദ്യ പതിനേഴ് മത്സരങ്ങളില്‍ നിന്നും ഒരു കളിയില്‍ മാത്രം ജയിച്ച് പോയിന്റ് ടേബിളില്‍ സ്വാഭാവിക മരണം കാത്തുകിടക്കെയാണ് വാറ്റ്‌ഫോര്‍ഡിന് ഉള്‍വിളിയുണ്ടായത്. ഒടുവില്‍ നടന്ന മൂന്നില്‍ രണ്ട് കളികളും അവര്‍ ജയിച്ചു. അവസാനത്തെ അഞ്ച് കളികളില്‍ ഒരുതോല്‍വി മാത്രം. 17 മത്സരങ്ങളില്‍ ഒമ്പത് ഗോള്‍ മാത്രം നേടിയിരുന്ന വാറ്റ്‌ഫോര്‍ഡ് അവസാന മൂന്ന് കളികളില്‍ നിന്നും ആറ്‌ഗോളുകള്‍ അടിച്ചു. തരംതാഴ്ത്തപ്പെടുന്ന അവസാന മൂന്നു സ്ഥാനങ്ങള്‍ക്കുമുകളിലെത്താനുള്ള കുതിപ്പ് വാറ്റ്‌ഫോര്‍ഡ് തുടങ്ങി കഴിഞ്ഞു.

57ആം മിനുറ്റില്‍ അഡ്രിയാന്‍ മരിയപ്പ ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുമ്പോള്‍ ഒരു ഗോളിന്റെ മുന്‍തൂക്കം മാത്രമാണ് വാറ്റ്‌ഫോര്‍ഡിനുണ്ടായിരുന്നത്. ട്രോയ് ഡീനെ67ആം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി ഡബിള്‍ നേടുകയും ഇസ്മയ്‌ല സാര്‍ 71ആം മിനുറ്റില്‍ ഗോള്‍ നേടുകയും ചെയ്തതോടെയാണ് വാറ്റ്‌ഫോര്‍ഡ് ആസ്റ്റണ്‍ വില്ലക്കെതിരെ ജയം ഉറപ്പിച്ചത്.

44ആം മിനുറ്റില്‍ ആന്റണി മാര്‍ഷലും 95ആം മിനുറ്റില്‍ റഷ്‌ഫോര്‍ഡും നേടിയ ഗോളുകളിലായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബേണ്‍ലി എഫ്.സിയെ തറപറ്റിച്ചത്. ആന്‍സലോട്ടി പരിശീലകനായ ശേഷം നടന്ന രണ്ടാം മത്സരത്തിലും എവര്‍ട്ടണ്‍ ജയിച്ചു. ന്യൂകാസിലിനെ 2-1നാണ് എവര്‍ട്ടണ്‍ തോല്‍പിച്ചത്.

ഡെമറായ് ഗ്രേയുടെ വിന്നറിലൂടെ ലെസ്റ്റര്‍ സിറ്റി 2-1ന് വെസ്റ്റ് ഹാമിനെ തോല്‍പിച്ചു. ഇഹെനാച്ചോ 40ആം മിനുറ്റില്‍ ലെസ്റ്ററിനുവേണ്ടിയും ഫോര്‍നല്‍സ് 45ആം മിനു്‌റില്‍ വെസ്റ്റ് ഹാമിനായും ഗോളുകള്‍ നേടി. ഹാരി കെയ്‌നിന്റെ 83ആം മിനുറ്റിലെ പെനല്‍റ്റി ഗോളിലൂടെയാണ് ടോട്ടന്നം 2-2ന് നോര്‍വിച്ച് സിറ്റിയുമായി സമനില പിടിച്ചത്.